തമിഴ് നടൻ രവി മോഹനും (ജയം രവി) ആരതി രവിയും തമ്മിലുള്ള വിവാഹമോചന വിവാദങ്ങൾ പുതിയൊരു തലത്തിലേക്ക് കടക്കുകയാണ്. നീണ്ട 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024-ലാണ് തങ്ങൾ വേർപിരിയുകയാണെന്ന് രവി മോഹൻ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ അദ്ദേഹം ആത്മീയ ഗായികയായ കെനീഷ ഫ്രാൻസിസുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അടുത്തിടെ, കെനീഷ ചെന്നൈ വിടുന്നതായും രവിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായും സൂചനകൾ നൽകി. ഈ മൂവർക്കും ഇടയിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതോടെ, കഴിഞ്ഞ ശനിയാഴ്ച ജയം രവി ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടി തനിക്കെതിരെ സൈബർ ആക്രമണവും മാനസിക പീഡനവും നടക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടിയുമായാണ് ആരതിയുടെ അമ്മയും പ്രശസ്ത നിർമാതാവുമായ സുജാത വിജയകുമാർ ഇപ്പോൾ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്.
മാധ്യമപ്രവർത്തകരെ കണ്ട സുജാത വിജയകുമാർ, ജയം രവി ഉന്നയിച്ച ഗുരുതരമായ പല ആരോപണങ്ങളും ശക്തമായി നിഷേധിച്ചു. തന്റെ മക്കളെ (ആരവ്, അയാൻ) കാണാൻ ആരതി അനുവദിക്കുന്നില്ലെന്ന രവിയുടെ വാദം തീർത്തും തെറ്റാണെന്ന് അവർ പറഞ്ഞു. ഇവരുടെ വിവാഹകാലത്തെ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, 2008-ൽ ആനന്ദ വികടൻ മാസികയിൽ വന്ന ഒരു അഭിമുഖം അവർ ഓർമ്മിപ്പിച്ചു. ആ അഭിമുഖത്തിൽ ആരാണ് ആരെയാണ് ബ്ലാക്ക്‌മെയിൽ ചെയ്തതെന്നും, വിവാഹം കഴിക്കാൻ വേണ്ടി ആരാണ് കൈത്തണ്ട മുറിച്ചതെന്നും വ്യക്തമായി എഴുതിയിട്ടുണ്ടെന്നും, ആ മാഗസിൻ താൻ ഇപ്പോൾ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും സുജാത തുറന്നടിച്ചു.
കൂടാതെ, താൻ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ചിലവഴിക്കാൻ ആരതിയും കുടുംബവും അനുവദിക്കുന്നില്ലെന്ന ജയം രവിയുടെ പരാതി കോടതിയിൽ വച്ച് തന്നെ പരിഹരിക്കപ്പെട്ടതാണെന്ന് അവർ വ്യക്തമാക്കി. സുജാതയുടെ മെഡിക്കൽ ബില്ലുകൾക്കായി രവി പ്രതിമാസം 25,000 രൂപ നൽകാറുണ്ടെന്ന വാദത്തോടും അവർ പ്രതികരിച്ചു. അങ്ങനെ ഒരു തുക അദ്ദേഹം നൽകിയിട്ടില്ലെന്നും, ഇനി നൽകിയിട്ടുണ്ടെങ്കിൽ തന്നെ അതൊരു മരുമകന്റെ കടമ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. കെനീഷക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ആരാണ് ആരെയാണ് സൈബർ ലോകത്ത് ഉപദ്രവിക്കുന്നതെന്ന് കണ്ടെത്താൻ സൈബർ ക്രൈം വിഭാഗത്തെ സമീപിക്കുമെന്നും സുജാത അറിയിച്ചു.
മറ്റൊരു നടിയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതിനെക്കുറിച്ചും സുജാത സംസാരിച്ചു. തമിഴ്‌നാട്ടിൽ ഒരു സ്ത്രീക്ക് അനീതി നേരിടേണ്ടി വരുമ്പോൾ ലക്ഷക്കണക്കിന് ആളുകൾ പ്രതികരിക്കാറുണ്ടെന്നും, ആരതിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ വരുന്നത് അത്തരം സാധാരണക്കാരുടെ പിന്തുണയാണെന്നും അവർ പറഞ്ഞു. രണ്ടോ മൂന്നോ പേർ മാത്രമാണ് ആരതിയെ പിന്തുണക്കുന്നതെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിൽ ആയതുകൊണ്ട് കൂടുതൽ കാര്യങ്ങൾ പറയുന്നത് കോടതി അലക്ഷ്യമാകുമെന്നും നിയമത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും വ്യക്തമാക്കിയ അവർ എല്ലാ ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ തങ്ങൾക്ക് കുറച്ചു സമയം വേണമെന്നും ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ താൻ കൂടുതൽ പ്രതികരിക്കാത്തതിന് പിന്നിൽ വലിയൊരു സങ്കടമുണ്ടെന്നും സുജാത വെളിപ്പെടുത്തി. തന്റെ മൂത്ത പേരക്കുട്ടി ഇപ്പോൾ പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. ഈ പ്രായത്തിൽ കാണാൻ പാടില്ലാത്ത പല കാര്യങ്ങളും അവൻ കാണേണ്ടി വന്നുവെന്നും, കുടുംബത്തിലെ ഈ പ്രശ്നങ്ങൾ അവനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ട്രാൻസ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ തനുജ സിംഗവും രവി മോഹനെതിരെ രംഗത്തെത്തിയിട്ടുണ്ട്. രവി ഇപ്പോൾ ഒരു 'ഇരവാദം' കളിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ മുൻഭാര്യയെക്കുറിച്ച് മോശം കാര്യങ്ങൾ പ്രചരിപ്പിക്കുകയും, പിന്നീട് താൻ നിരപരാധിയാണെന്ന് നടിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും, സ്വന്തം കാമുകിയിൽ നിന്ന് തന്നെ ഉണ്ടായ പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും തനുജ തന്റെ ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.