എല്ലാം തന്ത വൈബായി എണ്ണുന്നവർക്ക് കട്ടച്ചോര കൊണ്ട് ജ്യൂസടിക്കലാണ് ശരിയെന്ന് സോമൻ കടലൂർ

കോഴിക്കോട്: നാടിനെ നടുക്കുന്ന കൊലപാതകങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ പ്രതികരിക്കുകയാണ് എഴുത്തുകാരനും അധ്യാപകനുമായ സോമൻ കടലൂർ. ​ലഹരി പിടിമുറിക്കിയ ഒരു കാലം,ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യാന്തരീക്ഷം- കാരണം പലത് ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും യുവതലമുറയെ ആന്തരികമായി ബലപ്പെടുത്താനുള്ള സംവിധാനങ്ങൾ ദുർബലമായോ എന്ന് പരിശോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കല കൊണ്ടും കായിക വിനോദം കൊണ്ടും കലാസമിതി പ്രവർത്തനം കൊണ്ടും വായന കൊണ്ടും സാമൂഹ്യവൽക്കരണ പ്രക്രിയയിലൂടെ വളർന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. എന്നാലിപ്പോൾ അതൊക്കെ തന്ത വൈബായി എണ്ണുന്നവർക്ക് കട്ടച്ചോര കൊണ്ട് ജ്യൂസടിക്കലാണ് ശരി എന്ന് വന്നിരിക്കുന്നു. ഭയാനകമായ സംഭവങ്ങളിൽ ഞെട്ടി ഞെട്ടി ഒരു സമൂഹം തളർന്നിരിക്കുന്നു.അടുത്ത സംഭവം വരട്ടെ. അതുവരെ മറവി ജീർണ്ണമായ കരിമ്പടം പോലെ നമ്മെ മൂടട്ടെയെന്ന് സോമൻ കടലൂർ എഴുത​ുന്നു. ഫേസ് ബുക്ക് പേജിലാണ് ​​കുറിപ്പ് എഴുതിയത്.

കുറിപ്പ് പൂർണരൂപത്തിൽ

അമ്പലപ്പറമ്പുകളെ, മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ഒഥല്ലോയിലെ ദുഷ്ടകഥാപാത്രമായ ഇയാഗോവിനെ സാംബശിവൻ പരിചയപ്പെടുത്തുന്നു:നൂറ് ശകുനി സമം ഒരു ഇയാഗോ,നാനൂറ് നാരദൻ സമം ഒരു ഇയാഗോ എന്ന്. അതേ ഇയാഗോവിനെ ക്രിമിനൽ എന്നല്ല ഷേക്സ്പിയർ വിശേഷിപ്പിക്കുന്നത്,പകരം മനസ്സിൽ സംഗീതമില്ലാത്തയാൾ എന്നാണ്. ഉള്ളിൽ സംഗീതമില്ലാതെ,കവിതയില്ലാതെ,കനിവില്ലാതെ, കരുണയില്ലാതെ,അലിവില്ലാതെ ഒരു തലമുറ രൂപപ്പെടുകയാണോ എന്ന് ഭയം തോന്നും വിധമാണ് ഹിംസാത്മകത പിടിമുറുക്കിയിരിക്കുന്നത്. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആർത്തനാദം പോലെ പായുന്നു ജീവിതം എന്ന് പണ്ട് ചുള്ളിക്കാട് കവിതയിൽ പറഞ്ഞത് യാഥാർത്ഥ്യമായത് പോലെ.

അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് അമ്മമാരാണ് ചെറുപ്പക്കാരായ മക്കളാൽ രണ്ടിടത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടത്.കഴിഞ്ഞ മാസമാണ് ഋതു എന്ന ചെറുപ്പക്കാരൻ മൂന്ന് പേരെ കൈയ്യറപ്പില്ലാതെ,നിഷ്ക്കരുണം കൊന്നത്.ഇപ്പോഴിതാ മറ്റൊരുത്തൻ ആറ് പേരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്നിരിക്കുന്നു. ആത്മഹത്യയിൽ അഭയം തേടിയ ഹതഭാഗ്യർ നിരവധി. മനുഷ്യത്വം മരവിച്ചു പോകുന്ന റാഗിംഗിൻ്റെ മാരകമായ വാർത്തകളിൽ നമ്മൾ അകമേ പിളർക്കപ്പെട്ടവരാകുന്നു.

ലഹരി പിടിമുറിക്കിയ ഒരു കാലം,ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യാന്തരീക്ഷം- കാരണം പലത് ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും യുവതലമുറയെ ആന്തരികമായി ബലപ്പെടുത്താനുള്ള സംവിധാനങ്ങൾ ദുർബലമായോ എന്ന് പരിശോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. കല കൊണ്ടും കായിക വിനോദം കൊണ്ടും കലാസമിതി പ്രവർത്തനം കൊണ്ടും വായന കൊണ്ടും സാമൂഹ്യവൽക്കരണ പ്രക്രിയയിലൂടെ വളർന്ന ഒരു തലമുറ ഇവിടെ ഉണ്ടായിരുന്നു. എന്നാലിപ്പോൾ അതൊക്കെ തന്ത വൈബായി എണ്ണുന്നവർക്ക് കട്ടച്ചോര കൊണ്ട് ജ്യൂസടിക്കലാണ് ശരി എന്ന് വന്നിരിക്കുന്നു. ഭയാനകമായ സംഭവങ്ങളിൽ ഞെട്ടി ഞെട്ടി ഒരു സമൂഹം തളർന്നിരിക്കുന്നു.അടുത്ത സംഭവം വരട്ടെ. അതുവരെ മറവി ജീർണ്ണമായ കരിമ്പടം പോലെ നമ്മെ മൂടട്ടെ.

2023 ൽ എഴുതിയ പോയത്തക്കാരുടെ പോയട്രി ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുന്നു:

സുരേശാ

പുതിയ ചെല പുള്ളമ്മാര്‌ടെ പോക്ക്

കാണ് മ്പോ

എനക്ക്

വല്ലാണ്ട് പേട്യാവ്ന്ന്ണ്ട്

ഇന്നലെ ഒര്ത്തൻ വണ്ടിക്ക് ചാടിച്ചത്തു

മിനിഞ്ഞാന്ന് ഒര്ത്തി ഒര് കാരണവുമില്ലാതെ തൂങ്ങിച്ചത്തു

കഴിഞ്ഞാഴ്ച ഒരുത്തിയെ ഒര്ത്തൻ വീട്ടിക്കയറി വെട്ടിക്കൊന്നു

മര്ന്നടിച്ച് ബൈക്കോടിച്ച്

നട്റോട്ടിൽച്ചിതറിപ്പോയി വേറൊരുത്തൻ

നെനക്കറിയാലോ

മ്മളൊക്കെ പണ്ട് രഹസ്യായിട്ട് പോലും ഒരു ബീഡി കത്തിക്കാൻ പേടിച്ചിര്ന്നു

ഇന്നിപ്പോ പരസ്യായിട്ടാ

ചെക്കമ്മാർ പെട്രോളൊഴിച്ച് പച്ചയ്ക്ക് ബോഡി കത്തിക്കുന്നത്

സുരേശാ, ഞ്ഞി ഓർക്ക്ന്നില്ലേ

മ്മക്കൊക്കെ ലഹരിന്ന് പറഞ്ഞാ

നാട് നീളെ തെണ്ടലായിര്ന്ന്

നാടകം കാണലായ്ര്ന്ന്

-ഇത് ഭൂമിയാണ്,

-ജ്ജ് നല്ല മന്സനാകാൻ നോക്ക്, -ങ്ങളെന്നെ കമ്മൂണിസ്റ്റാക്കി ...

ഞ്ഞ് മുമ്പിലും ഞാൻ വയ്യിലും

രണ്ട് മൂന്ന് പഞ്ചായത്ത് മുയ്മൻ മ്മള് സൈക്ക്ള് മ്മൽ കറങ്ങിയില്ലേ !

മുമ്പൊക്കെ

കലയായിരുന്നു മ്മക്ക് ലഹരി,

പുകയിലയായിരുന്നില്ല

പദ്യം ചൊല്ലലായിരുന്നു ലഹരി,

മദ്യം ചെല്ലലായിരുന്നില്ല.

കുഞ്ചൻ നമ്പ്യാരായിരുന്നു

ലഹരി,

കഞ്ചാവായിരുന്നില്ല

എം.ടി.യായിരുന്നു ലഹരി,

എം.ഡി.എം.എ യായിരുന്നില്ല

മയക്കോവ്‌സ്ക്കിയായിരുന്നു ലഹരി,

മയക്കുമരുന്നും

വിസ്കിയുമായിരുന്നില്ല

ചങ്ങമ്പുഴയും

ചങ്ങാതിമാരുമായിരുന്നു ലഹരി,

ചരസ്സും ചാരായവുമായിരുന്നില്ല

സുരേശാ

ഒരിക്കൽ തെക്ക് തെക്ക്ന്ന്

ഒരു കവി വന്ന്

പന്തം കുത്തി മ്മളെ കവലയിൽ മോന്തിക്ക് കവിത ചൊല്ലിയില്ലേ - ങ്ങളോർക്കുക ങ്ങളെങ്ങനെ ങ്ങളായെന്ന് ...

ഞ്ഞി അറിയോ

ആ പന്തം ഇതാ ഇപ്പളും എന്റെ നെഞ്ഞത്ത്

ആള്ന്ന്ണ്ട്

സുരേശാ

എന്താന്നറിയില്ല ,

മ്മളെ കാലത്തിന്റെ പോക്ക് കണ്ടിറ്റ്

എനക്ക് ഒര് എത്തും പിടീം കിട്ട്ന്നില്ല

ഇപ്പം ഞാൻ വിചാരിക്കുന്നത് -

പൊത്തന കത്തിച്ചാമ്പലായ ഒര് പൊരേന്റുള്ളില്

പെട്ടുപോയിട്ടും

ആരെങ്കിലും

തീ കെട്ത്താൻ വെരും വെരും എന്ന് കാത്തിരിക്കുന്ന പോയത്തക്കാരാണ് മ്മളൊക്കെ എന്ന്...

എന്നാലും വെര്മായിരിക്കും

കവിതയും കരുണയുമായി

ആരെങ്കിലും...

- സോമൻ കടലൂർ

Tags:    
News Summary - Violence Soman Katalurs Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT