മത്സ്യങ്ങൾക്കിടയിൽ ഇനി ശിൽപങ്ങളും കാണാം; കടലിനടിയിൽ അത്ഭുതലോകമൊരുക്കി സെന്റ് ലൂസിയ

കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ് സെന്‍റ് ലൂസിയ. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇനി കടലിനടിയിൽ ഒരു പുതിയ ലോകം തുറക്കും. ദ്വീപിന്റെ തെക്ക്-പടിഞ്ഞാറൻ തീരത്തുള്ള ആൻസ് ലാ വെർദ്യൂറിൽ ഒരുക്കിയിരിക്കുന്ന 'ബിലോ സെന്റ് ലൂസിയ' എന്ന അണ്ടർവാട്ടർ സ്‌കൾപ്ചർ പാർക്ക് ഈ ശൈത്യകാലത്തോടെ സഞ്ചാരികൾക്കായി തുറക്കും.

കലയും സംസ്‌കാരവും ചരിത്രവും സമുദ്ര സംരക്ഷണവും ഒത്തുചേരുന്ന അനുഭവമാണ് ഈ പാർക്ക് സമ്മാനിക്കുന്നത്. സെന്റ് ലൂസിയയുടെ ജനതയിൽ നിന്നും പൈതൃകത്തിൽ നിന്നും ദേശീയ സ്വത്വത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കടലിനടിയിലെ ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഡീപ് ബ്ലൂ സീ എന്ന കമ്പനിയാണ് ഈ പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി വിഭാവനം ചെയ്തിരിക്കുന്ന അണ്ടർവാട്ടർ സ്‌കൾപ്ചർ പാർക്ക് ആശയത്തിന്റെ ആദ്യഘട്ടമാണ് ആൻസ് ലാ വെർദ്യൂറിലെ സൈറ്റ്. ഭാവിയിൽ സിസറോണിലെ ആൻസ് ഫെറെ ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിലും ഇത്തരം പാർക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.

രാജ്യത്തിനു വേണ്ടി പ്രവർത്തിച്ച 31 പേരുടെ ശിൽപങ്ങളാണ് ഇവിടെ ഉള്ളത്. അടിമത്തം അവസാനിപ്പിക്കാൻ പോരാടിയവർ, യുദ്ധത്തിൽ പങ്കെടുത്തവർ, നാടിന്റെ സംസ്കാരം കാത്തുസൂക്ഷിച്ചവർ തുടങ്ങിയവരെയാണ് ഇതിലൂടെ ആദരിക്കുന്നത്. ഈ ശേഖരത്തിൽ ആദരിക്കപ്പെടുന്നവരിൽ ഏറെ ശ്രദ്ധേയമാണ് മുൻ ഗവർണർ ജനറലും സെന്റ് ലൂസിയയിലെ ഏക ജീവിച്ചിരിക്കുന്ന നാഷണൽ ലെജൻഡുമായ ഡാം പിയർലെറ്റ് ലൂയിസി. അവരുടെ സ്തുത്യർഹമായ പൊതുസേവനത്തിനും രാഷ്ട്രത്തിന് നൽകിയ ശാശ്വതമായ സംഭാവനകൾക്കുമുള്ള ആദരവായാണ് അവരുടെ ശിൽപം ഒരുക്കിയിരിക്കുന്നത്.

ടൂറിസം, വാണിജ്യം, നിക്ഷേപം, ക്രിയേറ്റീവ് ഇൻഡസ്ട്രീസ്, സംസ്കാരം, പൈതൃകം എന്നിവയുടെ മന്ത്രി ബഹു. ഡോ. ഏണസ്റ്റ് ഹിലേറെ ഈ ആകർഷണത്തെ പ്രശംസിച്ചു.‘നമ്മുടെ ജനതയിലും ചരിത്രത്തിലും പ്രകൃതി പരിസ്ഥിതിയിലും ആധികാരികമായി വേരൂന്നിയ അനുഭവങ്ങൾ സൃഷ്ടിക്കുമ്പോൾ തന്നെ നമ്മുടെ ടൂറിസം ഉൽപ്പന്നം എങ്ങനെ വൈവിധ്യവത്കരിക്കാം എന്നതിന്റെ ആവേശകരമായ ഉദാഹരണമാണ് ബിലോ സെന്റ് ലൂസിയ.

കടലിനടിയിലെ ശിൽപങ്ങൾ കൃത്രിമ പവിഴപ്പുറ്റ് ഘടനകളായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ്. ഇത് പവിഴപ്പുറ്റുകളുടെ വളർച്ചയെയും സമുദ്ര ജൈവവൈവിധ്യത്തെയും പിന്തുണക്കും. അതോടൊപ്പം സമുദ്ര സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ പ്രതിരോധം എന്നിവയെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാനും ഇത് അവസരം ഒരുക്കുന്നു.

ദ്വീപിന്റെ പ്രകൃതി വിഭവങ്ങൾ പ്രദർശിപ്പിക്കുക മാത്രമല്ല, അവയുടെ സംരക്ഷണത്തിനും സംഭാവന നൽകുന്ന ടൂറിസം അനുഭവങ്ങൾ വികസിപ്പിക്കാനുള്ള സെന്റ് ലൂഷ്യയുടെ വിശാലമായ ശ്രമങ്ങളെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. സമുദ്ര സംരക്ഷണം, സാംസ്കാരിക പൈതൃകം, ടൂറിസം എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ബിലോ സെന്റ് ലൂസിയ സന്ദർശകർക്ക് അണ്ടർവാട്ടർ പരിസ്ഥിതി അനുഭവിക്കാനും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തിലുള്ള വിലമതിപ്പ് നേടാനും അവസരം നൽകുന്നു.

Tags:    
News Summary - Saint Lucia Unveils Underwater Sculpture Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.