കെ.ആർ. മീര, ഹരിത സാവിത്രി
'കലാച്ചി' വിവാദം പുകയുന്നു; ഹരിത സാവിത്രിക്കെതിരെ മാനനഷ്ടക്കേസുമായി കെ.ആർ. മീര
കലാച്ചി വിവാദത്തിൽ തനിക്കെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ മാനനഷ്ടക്കേസുമായി കെ.ആർ. മീര. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മീര പരാതി നൽകിയത്. കെ.ആർ. മീരയുടെ ഏറ്റവും പുതിയ നോവലായ 'കലാച്ചി'ക്കെതിരെ ഹരിത സാവിത്രി ഉന്നയിച്ച സാഹിത്യ കോപ്പിയടി ആരോപണത്തെ തുടർന്നാണ് നിയമ നടപടി.
ചൊവ്വാഴ്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രാജശ്രീ രാജഗോപാലിന് മുന്നാകെയാണ് പരാതി ഫയൽ ചെയ്തത്. കേസ് പരിഗണിച്ച കോടതി മീരയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് നവംബർ ഏഴിലേക്ക് മാറ്റിവെച്ചു. ഹരിത സാവിത്രിയുടെ 'സിൻ' എന്ന കഥയിൽ നിന്ന് 'കലാച്ചി'യുടെ പ്രമേയവും കഥാപാത്രങ്ങളും കോപ്പിയടിച്ചതാണെന്നായിരുന്നു ഹരിതയുടെ ആരോപണം. സോഷ്യൽ മീഡിയയിലൂടെയാണ് ഹരിത സാവിത്രി ആരോപണം ഉന്നയിച്ചത്.
2020 നവംബർ മുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ‘കലാച്ചി’യുടെ ആദ്യ ആറ് അധ്യായങ്ങൾ മാത്രമാണെന്ന് ഹരിത ചൂണ്ടിക്കാട്ടുന്നു. ഈ വസ്തുത മറച്ചുവെച്ച്, നോവൽ 2020 മുതൽ പൂർണമായി പ്രസിദ്ധീകരിച്ചതാണെന്ന രീതിയിൽ കെ.ആർ. മീര വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു.പുസ്തകം പൂർണമായി വായിച്ചപ്പോഴാണ് ‘സിൻ’ എന്ന തന്റെ നോവലുമായി അടിസ്ഥാനപരമായ സാമ്യങ്ങൾ തോന്നിയത്. വായന തുടങ്ങിയപ്പോൾ തന്നെ ഈ സാമ്യം തനിക്ക് വ്യക്തമായിരുന്നുവെന്നും അവർ ഹരിത പറഞ്ഞിരുന്നു.
ഇത് വലിയ സാഹിത്യ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും തന്റെ എഴുത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും കാണിച്ചാണ് കെ.ആർ. മീര മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ചത്.
‘കലാച്ചി’ 2020 മുതൽ പ്രസിദ്ധീകരിച്ചുവന്ന നോവലാണെന്നും, സത്യസന്ധതയില്ലാത്ത ആരോപണങ്ങൾ തന്നെ ബാധിക്കാറില്ലെന്നും കെ.ആർ. മീര ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. 2022ൽ പുറത്തിറങ്ങിയ ‘സിൻ’ തന്റെ ആശയങ്ങൾ ഉൾക്കൊണ്ടതാണെന്നായിരുന്നു മീരയുടെ ആരോപണം.
എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക്: എന്റെ ‘കലാച്ചി’ എന്ന നോവലിനെയും ‘കലാച്ചി’യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മീര വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.