ഫലസ്തീൻ അനുകൂല നിലപാട്: ബ്രിട്ടനിൽ സാലി റൂണിയുടെ പുസ്തകങ്ങളുടെ വിതരണം അവസാനിപ്പിച്ച് പ്രസാധകർ

ലണ്ടൻ: ഫലസ്തീൻ ആക്ഷൻ സംഘടനക്ക് പിന്തുണ പ്രഖ്യാപിച്ചതിനെത്തുടർന്ന് പ്രശസ്ത ഐറിഷ് എഴുത്തുകാരി സാലി റൂണിയുടെ പുസ്തകങ്ങൾ ബ്രിട്ടനിൽ വിതരണം ചെയ്യുന്നത് നിർത്തുന്നു. ‘നോർമൽ പീപ്പിൾ’, ‘ഇന്റർമേസോ’ ഉൾപ്പെടെ റൂണിയുടെ നാല് നോവലുകളുടെ പുതിയ വിതരണമാണ് പ്രസാധകരായ ഫേബർ നിർത്തുന്നത്. ബ്രിട്ടനിലെ നിയമപ്രശ്നങ്ങൾ കാരണം പുസ്തകങ്ങളുടെ വിൽപനയിൽ നിന്നുള്ള വരുമാനം എഴുത്തുകാരിക്ക് കൈമാറാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് പ്രസാധകർ അറിയിച്ചു.

തന്റെ കൃതികൾ ബ്രിട്ടനിൽ തുടർന്നും പ്രസിദ്ധീകരിക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് റൂണി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രസാധകരുമായി കൂടിയാലോചിച്ചാണ് പുസ്തകങ്ങളുടെ വിതരണം നിർത്താൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി. തന്റെ നിലപാടുകളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് പൊതുജനങ്ങളോട് സത്യസന്ധത പുലർത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കാൻ തയാറാണെന്നും റൂണി പ്രസ്താവനയിൽ പറഞ്ഞു.

ഇ-ബുക്ക് പതിപ്പുകൾ ബ്രിട്ടനിൽ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ പുസ്തകശാലകളുടെ കൈവശമുള്ള അച്ചടിച്ച പുസ്തകങ്ങൾ നിലവിൽ വിൽക്കുന്നതിന് വിലക്കില്ല. തങ്ങളുടെ കൈവശമുള്ള കോപ്പികൾ ഷെൽഫുകളിൽ തുടരുന്നതിന് നിയന്ത്രണമില്ലെന്ന് പ്രസാധകരായ ഫേബർ അറിയിച്ചതായി പ്രമുഖ പുസ്തകശാലാ ശൃംഖലയായ വാട്ടർസ്റ്റോൺസ് ബി.ബി.സിയോട് വ്യക്തമാക്കി.

ബ്രിട്ടനിലെ നിലവിലെ നിയമം കാരണം സാലി റൂണിയുടെ കൃതികളിൽനിന്നുള്ള വരുമാനം അവർക്ക് കൈമാറാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ഫേബർ വിശദീകരിച്ചു. എഴുത്തുകാരന്റെ പുസ്തകങ്ങൾ വിൽക്കുകയും അതിൽനിന്നുള്ള വരുമാനം കൈമാറാൻ കഴിയാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവാത്ത സാഹചര്യമാണെന്നും പ്രസാധകർ പറഞ്ഞു. റൂണിയുടെ പൂർണ സമ്മതത്തോടെയാണ് ബ്രിട്ടനിൽ അവരുടെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും ഫേബർ അറിയിച്ചു. അതേസമയം മറ്റ് രാജ്യങ്ങളിൽ റൂണിയുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും വിൽക്കുകയും ചെയ്യുന്നത് തുടരും.

ലോകമെമ്പാടുമായി സാലി റൂണിയുടെ നോവലുകളുടെ ആറു ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഇതിൽ 23 ലക്ഷം കോപ്പികൾ ബ്രിട്ടനിലാണ് വിറ്റത്. 2018ൽ പുറത്തിറങ്ങിയ ‘നോർമൽ പീപ്പിൾ’ പിന്നീട് ടെലിവിഷൻ പരമ്പരയായതോടെ വലിയ ജനപ്രീതി നേടി. നടന്മാരായ പോൾ മെസ്കലിന്റെയും ഡെയ്സി എഡ്ഗർ-ജോൺസിന്റെയും അഭിനയജീവിതത്തിൽ ഈ പരമ്പര നിർണായകമായി. ‘കൺവേഴ്സേഷൻസ് വിത്ത് ഫ്രണ്ട്സ്’, ‘ബ്യൂട്ടിഫുൾ വേൾഡ്, വേർ ആർ യു’ എന്നിവയാണ് റൂണിയുടെ മറ്റു പ്രധാന നോവലുകൾ.

2025ലാണ് ബ്രിട്ടീഷ് സർക്കാർ ഫലസ്തീൻ ആക്ഷനെ ഭീകരസംഘടനയായി നിരോധിച്ചത്. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തിയതിന്റെ ദീർഘകാല ചരിത്രം സംഘടനക്കുണ്ടെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. സംഘടനയെ നിരോധിച്ചതിന് പിന്നാലെ, അതിനെ തുടർന്നും പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച് റൂണി ‘ഐറിഷ് ടൈംസ്’ പത്രത്തിൽ ലേഖനമെഴുതിയിരുന്നു. ബ്രിട്ടനിൽ അത്തരം പിന്തുണ കുറ്റകരമാകാമെന്ന സാഹചര്യത്തിലും സംഘടനക്ക് തന്റെ കൃതികളിൽനിന്നുള്ള വരുമാനം നൽകുന്നത് തുടരുമെന്നായിരുന്നു റൂണിയുടെ നിലപാട്. അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്കയെത്തുടർന്ന് ഒരു പുരസ്കാരം സ്വീകരിക്കാനായി ബ്രിട്ടനിലേക്ക് നടത്താനിരുന്ന യാത്രയും അവർ റദ്ദാക്കിയിരുന്നു. എന്നാൽ അയർലൻഡ് റിപ്പബ്ലിക്കിൽ ഫലസ്തീൻ ആക്ഷൻ നിരോധിക്കപ്പെട്ട സംഘടനയല്ലെന്നും റൂണി ചൂണ്ടിക്കാട്ടി.

ഫലസ്തീൻ ആക്ഷൻ സഹസ്ഥാപക ഹുദ അമ്മോരി, റൂണിയുടെ നിലപാടിനെ ധീരവും തത്ത്വാധിഷ്ഠിതവുമായ നടപടിയെന്ന് വിശേഷിപ്പിച്ചു. പുസ്തകങ്ങൾ വിൽപ്പനയിൽനിന്ന് പിൻവലിക്കപ്പെടുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണത്തിന്റെ പുതിയ ഘട്ടമാണെന്നും അവർ പറഞ്ഞു.

ഫലസ്തീൻ ആക്ഷനെ പിന്തുണച്ചെന്നാരോപിച്ച് ബ്രിട്ടനിൽ 3,700ലധികം പേർ അറസ്റ്റിലായതായാണ് കണക്കാക്കുന്നത്. ഇവരിൽ ഏകദേശം 2,500 പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സംഘടനയെ നിരോധിച്ച നടപടിക്കെതിരായ നിയമപോരാട്ടം തുടരുന്നതിനാൽ ഇതുവരെ കേസുകളൊന്നും വിചാരണയിലേക്ക് കടന്നിട്ടില്ല. ഈ നിയമവെല്ലുവിളി അടുത്ത മാസം സുപ്രീംകോടതി പരിഗണിക്കും.

Tags:    
News Summary - Sally Rooney says she can no longer sell books in UK due to Palestine Action support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.