മധ്യകാല മോതിരങ്ങൾ

600 വർഷം മണ്ണിനടിയിൽ; വയലിൽ നിന്ന് കണ്ടെത്തിയ അപൂർവ സ്വർണ മോതിരങ്ങൾ ലേലത്തിന്

ലണ്ടൻ: ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷയറിലെ ഒരു വയലിൽ നിന്ന് കണ്ടെത്തിയ 600 വർഷം പഴക്കമുള്ള രണ്ട് സ്വർണ മോതിരങ്ങൾ ലേലത്തിന് ഒരുങ്ങുന്നു. മിഡിൽസ്ബ്രോയ്ക്ക് സമീപം താമസിക്കുന്ന സെമി-റിട്ടയേർഡ് ആർക്കിടെക്റ്റായ ആൻഡ്രൂ റിലേയാണ് നാല് മാസത്തെ ഇടവേളയിൽ ഈ അമൂല്യ മോതിരങ്ങൾ കണ്ടെത്തിയത്.

നോർത്തല്ലെർട്ടണിന് സമീപമുള്ള വെസ്റ്റ് ഹാർൽസിയിലെ ഒരു പാടത്ത് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് റിലേക്ക് ഈ നിധി ലഭിച്ചത്. ലണ്ടനിലെ നൂനൻസ് മെയ്ഫെയറിലാണ് ഈ മോതിരങ്ങൾ ലേലം ചെയ്യുക. ആദ്യം കണ്ടെത്തിയത് 1400-1500 കാലഘട്ടത്തിലേതെന്ന് കരുതുന്ന "ബ്ലഡ് ഓഫ് ക്രൈസ്റ്റ്" എന്നറിയപ്പെടുന്ന സ്വർണ്ണ മോതിരമാണ്.

നീല ഇനാമൽ പശ്ചാത്തലത്തിൽ 41 ചുവന്ന ഇനാമൽ കൊണ്ട് അലങ്കരിച്ചതായിരുന്നു ഈ മോതിരം. 12 എണ്ണത്തിൽ ചുവന്ന നിറം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. 3.5 ഗ്രാം തൂക്കമുള്ള മോതിരത്തിന് 5,000 മുതൽ 7,000 പൗണ്ട് വരെയാണ് (ഏകദേശം 5.5 ലക്ഷം മുതൽ 7.7 ലക്ഷം രൂപ വരെ) ലേലത്തിൽ പ്രതീക്ഷിക്കുന്ന വില.

മോതിരത്തിന്റെ ഉൾവശത്ത് പഴയ ലിപിയിൽ a vous ceruil uieil obeir എന്ന് കൊത്തിവെച്ചിട്ടുണ്ട്. ‘നിങ്ങളെ സേവിക്കുന്നതിൽ ഞാൻ അനുസരിക്കാൻ ആഗ്രഹിക്കുന്നു’ എന്നാണ് ഇതിന്റെ അർത്ഥമെന്ന് ഗവേഷകർ വിശദീകരിക്കുന്നു.

ഈ മോതിരത്തിലെ ചിത്രീകരണം പിൽക്കാല മധ്യകാലഘട്ടത്തിലെ ക്രിസ്ത്യൻ ഭക്തിയിലെ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് നൂനൻസിലെ ജ്വല്ലറി സ്പെഷ്യലിസ്റ്റ് ലോറ സ്മിത്ത് പറയുന്നു. 

രണ്ടാമതായി കണ്ടെത്തിയ മോതിരവും 1400-1500 കാലഘട്ടത്തിലേതാണ്. കുരിശ് പിടിച്ച്, തലക്ക് ചുറ്റും പ്രഭാവലയമുള്ള, കാൽക്കൽ ചുരുണ്ടുകിടക്കുന്ന വ്യാളിയുമായി സെന്റ് മാർഗരറ്റ് ഓഫ് ആന്റിയോക്കിനെ ചിത്രീകരിക്കുന്ന ഓവൽ ആകൃതിയിലുള്ള ബെസലാണ് ഇതിലുള്ളത്. തോളുകളിൽ വെള്ള ഇനാമലിന്റെ അവശിഷ്ടങ്ങളും ഇലകളുടെ അലങ്കാരവും കാണാം.

3.9 ഗ്രാം തൂക്കമുള്ള ഈ മോതിരത്തിന് 4,000 മുതൽ 6,000 പൗണ്ട് വരെയാണ് പ്രതീക്ഷിക്കുന്ന വില. ഇന്ന് പുരാണ കഥാപാത്രമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, മധ്യകാലഘട്ടത്തിൽ വളരെയധികം ആരാധിക്കപ്പെട്ടിരുന്ന വിശുദ്ധയായിരുന്നു സെന്റ് മാർഗരറ്റ് എന്ന് ലോറ സ്മിത്ത് വിശദീകരിക്കുന്നു.

കണ്ടെത്തിയ രണ്ട് മോതിരങ്ങളും പോർട്ടബിൾ ആന്റിക്വിറ്റീസ് സ്കീമിൽ രേഖപ്പെടുത്തുകയും പിന്നീട് ട്രഷർ അല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. "ബ്ലഡ് ഓഫ് ക്രൈസ്റ്റ്" മോതിരം DUR-3F4083 എന്ന നമ്പറിലും, സെന്റ് മാർഗരറ്റ് മോതിരം DUR-B3B577 എന്ന നമ്പറിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലേലം കഴിഞ്ഞാൽ ലഭിക്കുന്ന തുകയുടെ പകുതി ഭൂവുടമകളുമായി പങ്കിടുമെന്നും, തനിക്ക് ലഭിക്കുന്ന പണം ഉപയോഗിച്ച് ഇറ്റലിയിലേക്ക് ഒരു ഇന്റർറെയിലിങ് യാത്ര നടത്താൻ പദ്ധതിയിടുന്നതായും ആൻഡ്രൂ റിലേ പറഞ്ഞു.

Tags:    
News Summary - Medieval Gold Rings Unearthed In England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.