മെലിൻഡ ഗേറ്റ്സ്

ലോകമെമ്പാടുമുള്ള ലൈബ്രറികൾക്കായി 100 കോടി ഡോളർ നൽകി ബിൽ ഗേറ്റ്സിന്റെ മുൻ ഭാര്യ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്

ലോകമെമ്പാടുമുള്ള ലൈബ്രറികൾക്കായി 100 കോടി ഡോളർ നൽകാൻ സഹായിച്ച ബിൽ ഗേറ്റ്സിന്റെ മുൻ ഭാര്യയും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ്. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകരിൽ ഒരാളായ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സിന്റെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നാണ് ലൈബ്രറികൾക്കായി അവർ ചെയ്ത സഹായം.

1990കളുടെ അവസാനം. ഇന്റർനെറ്റ് അന്ന് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല. കമ്പ്യൂട്ടർ വലിയ സമ്പന്നർക്ക് മാത്രമുള്ള ആഡംബരം. അമേരിക്കയിലെ പല പട്ടണങ്ങളിലും പൊതു ലൈബ്രറികളിൽ പോലും ഒരു കമ്പ്യൂട്ടർ പോലും ഇല്ലാത്ത അവസ്ഥ. മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുമ്പോൾ മെലിൻഡ ഇത് നേരിട്ട് കണ്ടു.

അറിവ് എല്ലാവർക്കും ലഭിക്കണം, അതിന് ലൈബ്രറികളാണ് ഏറ്റവും നല്ല വഴി എന്ന് അവർ തിരിച്ചറിഞ്ഞു. ബിൽ ഗേറ്റ്സിന്റെ പിതാവ് വില്യം ഗേറ്റ്സ് സീനിയറുമായി ചേർന്ന് 1997ൽ അവർ ഗേറ്റ്സ് ലൈബ്രറി ഫൗണ്ടേഷൻ തുടങ്ങി. ആദ്യ ഘട്ടത്തിൽ അമേരിക്കയിലെ ഏറ്റവും പിന്നോക്കമായ 400 ലധികം ലൈബ്രറികളിൽ അവർ കമ്പ്യൂട്ടറുകൾ വെച്ചു. സൗജന്യ ഇന്റർനെറ്റ് നൽകി. പാവപ്പെട്ട കുട്ടികൾക്ക് ആദ്യമായി ഗൂഗ്ൾ ചെയ്യാനും, ഇമെയിൽ അയക്കാനും അവസരം കിട്ടിയത് ഈ പദ്ധതിയിലൂടെയാണ്.

ചിലി മുതൽ ബോട്സ്വാന വരെ 50ലധികം രാജ്യങ്ങളിലെ 15,000ത്തിലധികം ലൈബ്രറികൾക്ക് സഹായം എത്തി.100 കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് കണക്ഷൻ, ലൈബ്രേറിയന്മാർക്കുള്ള പരിശീലനം, പുതിയ കെട്ടിടങ്ങൾ എന്നിവക്കായി മൊത്തം 100 കോടി ഡോളർ അവർ ചെലവഴിച്ചു.

ഇപ്പോഴിതാ മെലിൻഡ ഫ്രഞ്ച് ഗേറ്റ്സ് തന്റെ പുതിയ റീഡിങ് ലിസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്. വായനയുടെ ലോകത്ത് വീണ്ടും ചർച്ചയായിരിക്കുകയാണ് ഈ പട്ടിക. രണ്ട് നോവലുകളും അമേരിക്കയിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരിൽ ഒരാളുടെ പുതിയ പുസ്തകവും ഉൾപ്പെടുന്നതാണ് മെലിൻഡയുടെ ലിസ്റ്റ്.

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് മെലിൻഡ തന്റെ പ്രിയപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞത്. ഈ മാസങ്ങളിൽ ഞാൻ വായിച്ച പ്രിയപ്പെട്ട ചില പുസ്തകങ്ങൾ" എന്ന് പറഞ്ഞുകൊണ്ടാണ് അവർ മൂന്ന് പുസ്തകങ്ങളുടെ പേരുകൾ പുറത്തുവിട്ടത്. ആൻ പാച്ചറ്റിന്റെ നോവലായ 'വിസിൽ, വിർജീനിയ ഇവാൻസിന്റെ 'ദി കറസ്പോണ്ടന്റ്', അലൻ ലെവിയുടെ 'ദിയോ ഓഫ് ഗോൾഡൻ' എന്നിവയാണ് ആ മൂന്ന് പുസ്തകങ്ങൾ.

പോസ്റ്റിന്റെ അവസാനം തന്റെ ഫോളോവേഴ്‌സിനോട് ഒരു ചോദ്യവും അവർ ചോദിച്ചു. അടുത്തിടെ നിങ്ങൾ വായിച്ച് ഇഷ്ടപ്പെട്ട പുസ്തകം ഏതാണ്, ഫാൾ സീസണിൽ വായിക്കാൻ ഉദ്ദേശിക്കുന്ന പുസ്തകങ്ങൾ ഏതൊക്കെയാണ്?പ്രശസ്ത എഴുത്തുകാരുടെ അംഗീകാരവും വായനക്കാരുടെ ആവേശവും ഒരുപോലെ നേടിയ പുസ്തകങ്ങളാണ് മെലിൻഡ തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നിൽ രണ്ടെണ്ണം മാസങ്ങളോളം ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടുകയും ഗുഡ്‌റീഡ്‌സ് റാങ്കിങ്ങിൽ മുൻപന്തിയിലെത്തുകയും ചെയ്ത നോവലുകളാണ്.

ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ആൻ പാറ്റ്ചെറ്റിന്റെ 'വിസിൽ’ നോവൽ ദി ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഒന്നാമതായിരുന്നു. അടുത്തിടെ വലിയൊരു ബഹുമതിയും എഴുത്തുകാരിയെ തേടിയെത്തി. ആഗസ്റ്റിൽ നാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വെച്ച് 2026ലെ ലൈബ്രറി ഓഫ് കോൺഗ്രസ് പ്രൈസ് ഫോർ അമേരിക്കൻ ഫിക്ഷൻ പുരസ്കാരം അവർക്ക് ലഭിച്ചു.

വിർജീനിയ ഇവാൻസിന്റെ നോവലായ ‘ദി കറസ്പോണ്ടന്റ്' 2025 ഏപ്രിലിൽ പ്രസിദ്ധീകരിച്ചതാണ്. പ്രസിദ്ധീകരണത്തിന് ശേഷം 36 ആഴ്ചയോളം ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ ഈ പുസ്തകം ഇടംപിടിച്ചു. 2026ലെ വിമൻസ് പ്രൈസ് ഫോർ ഫിക്ഷനും ഈ നോവൽ നേടി. പുസ്തക നിർദ്ദേശ, റിവ്യൂ പ്ലാറ്റ്‌ഫോമായ ഗുഡ്‌റീഡ്‌സിന്റെ ഈ വർഷം ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഈ പുസ്തകം.

അലൻ ലെവിയുടെ നോവലാണ് 'ദിയോ ഓഫ് ഗോൾഡൻ'. 2023ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം 42 ആഴ്ചയോളം ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിൽ തുടർന്നു. നിലവിൽ ഗുഡ്‌റീഡ്‌സിന്റെ ഏറ്റവും കൂടുതൽ വായിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ഇത്.  പുസ്തകങ്ങളെ റാങ്ക് ചെയ്യുന്നതിനേക്കാൾ വായനയെക്കുറിച്ചുള്ള ഒരു സംഭാഷണം ആരംഭിക്കാനാണ് മെലിൻഡയുടെ പോസ്റ്റ് ഉദ്ദേശിച്ചത്.

ഈ മൂന്നിൽ ഏതെങ്കിലും ഒരെണ്ണമാണ് തന്റെ ഏറ്റവും പ്രിയപ്പെട്ടതെന്ന് മെലിൻഡ വ്യക്തമാക്കിയിട്ടില്ല. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമായി അവർ മറ്റൊരു പുസ്തകത്തെയാണ് ചൂണ്ടിക്കാണിച്ചത്.

2025ലെ അഭിമുഖത്തിൽ കവിയും കാൻസർ അതിജീവിച്ചയാളുമായ മാർക്ക് നെപ്പോയുടെ 'ദി ബുക്ക് ഓഫ് അവേക്കനിങ്' എന്ന പുസ്തകത്തെക്കുറിച്ച് മെലിൻഡ  പറഞ്ഞിരുന്നു. 2000ൽ പ്രസിദ്ധീകരിച്ച 356 ദിവസത്തെ ചിന്തകളും വ്യായാമങ്ങളും അടങ്ങിയ പുസ്തകമാണിത്. 2018ൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ താൻ മിക്കവാറും എല്ലാ ദിവസവും ഈ പുസ്തകം തുറക്കാറുണ്ടെന്നും വർഷങ്ങൾക്ക് ശേഷവും അതിൽ പുതിയ എന്തെങ്കിലും കണ്ടെത്താറുണ്ടെന്നും മെലിൻഡ പറഞ്ഞിരുന്നു.

മെലിൻഡയുടെ റീഡിങ് ലിസ്റ്റിന് പിന്നിൽ വലിയൊരു ജീവകാരുണ്യ ചരിത്രമുണ്ട്. 1997ൽ മെലിൻഡയും  ഭർത്താവ് ബിൽ ഗേറ്റ്സും ചേർന്ന് ഗേറ്റ്സ് ലൈബ്രറി ഫൗണ്ടേഷൻ സ്ഥാപിച്ചു. അമേരിക്കയിലെയും കാനഡയിലെയും പൊതു ലൈബ്രറികളുമായി സഹകരിച്ച് അവർ സേവിക്കുന്ന സമൂഹങ്ങളിലേക്ക് കമ്പ്യൂട്ടറുകളും ഡിജിറ്റൽ വിവരങ്ങളും എത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമാണിത് എന്ന് അന്നത്തെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു.

20 വർഷത്തിനിടെ ലോകമെമ്പാടുമുള്ള ലൈബ്രറികളിൽ ഫൗണ്ടേഷൻ 100 കോടി ഡോളർ നിക്ഷേപിച്ചു. 2014ൽ ഫൗണ്ടേഷന്റെ ആഗോള ലൈബ്രറി പ്രോഗ്രാം അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്ന് ഫൗണ്ടേഷൻ ഡയറക്ടർ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Melinda Gates Shares Favorite Books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.