അമേരിക്കൻ സ്കൂളുകളിൽ പുസ്തക നിരോധനം റെക്കോർഡ് വേഗത്തിൽ; ഒരു വർഷം നിരോധിച്ചത് 12,000 പുസ്തകങ്ങൾ

വാഷിങ്ടൺ: യു.എസിലെ പബ്ലിക് സ്കൂളുകളിൽ ഏകദേശം 12,000 പുസ്തകങ്ങൾ നിരോധിച്ചെന്ന് റിപ്പോർട്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന 'പെൻ അമേരിക്ക' പുറത്തുവിട്ട റിപ്പോർട്ടിലാണ് 2025-2026 അധ്യയന വർഷത്തിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ നിരോധിച്ചതായി പുറത്തുവിട്ടത്​. ഒരു വർഷത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.

2021ൽ രാജ്യത്തെ സ്കൂളുകളിലെ 'പുസ്തക സെൻസർഷിപ്പ് പ്രതിസന്ധി' കണക്കാക്കാൻ തുടങ്ങിയതിനു ശേഷം ഇതുവരെ ആകെ 34,000 തവണ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പുതിയ സംസ്ഥാനതല സെൻസർഷിപ്പ് നിയമങ്ങളും, വലിയൊരു വിഭാഗം പുസ്തകങ്ങൾ എടുത്ത് കളയാൻ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതുമാണ് ഈ വർധനവിന് പ്രധാന കാരണം.

യു.എസിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ നിരോധിച്ചത് ടെക്സസ് സംസ്ഥാനത്താണ്. 8,100-ലധികം പുസ്തകങ്ങളാണ് ഇവിടെ നിരോധിച്ചത്. സ്കൂളുകളിൽ നിരവധി വിഭാഗത്തിലുള്ള പുസ്തകങ്ങൾ നിരോധിക്കുന്ന 'എസ്‌.ബി 13' എന്ന ടെക്സസ് നിയമമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഫ്ലോറിഡയെ പിന്തള്ളിയാണ് ടെക്സസ് മുന്നിലെത്തിയത്. 7,000ത്തിലധികം വ്യത്യസ്ത ടൈറ്റിലുകളും 4,000ത്തോളം എഴുത്തുകാരും ഈ നിരോധനങ്ങളുടെ പരിധിയിൽ വന്നു.

പ്രശസ്ത പത്രപ്രവർത്തകയായ പട്രീഷ്യ കോർമിക്കിന്റെ ‘സോൾഡ്’ എന്ന നോവലാണ് 2025-2026 അധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ നിരോധിക്കപ്പെട്ട പുസ്തകം. നേപ്പാളിൽ നിന്ന് ലൈംഗിക അടിമത്തത്തിലേക്ക് വിറ്റഴിക്കപ്പെടുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന യുവജന നോവലാണിത്. പ്രശസ്ത എഴുത്തുകാരൻ സ്റ്റീഫൻ കിങ് തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും കൂടുതൽ നിരോധിക്കപ്പെട്ട രചയിതാവായി മാറി. ഫിക്ഷൻ പുസ്തകങ്ങളാണ് നിരോധിക്കപ്പെട്ട യുവജന നോവലുകളിൽ 90 ശതമാനത്തിലധികവും.

പുസ്തക നിരോധനങ്ങൾ വ്യാപകമാകുമ്പോഴും, ഇതിനെതിരെ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും ശക്തമായ പ്രതിരോധവുമായി രംഗത്തുണ്ട്. ഫ്ലോറിഡ ഉൾപ്പെടെയുള്ള പല സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പുകളിലും യാഥാസ്ഥിതിക സ്ഥാനാർഥികളെ തോൽപ്പിച്ച് പുരോഗമന ചിന്താഗതിക്കാരായ സ്ഥാനാർഥികൾ വിജയം കൈവരിക്കുന്നത് പ്രതീക്ഷ നൽകുന്ന കാര്യമാണെന്ന് പെൻ അമേരിക്ക വ്യക്തമാക്കി. 

Tags:    
News Summary - US book bans in public schools reach record annual high of 12,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.