ചരിത്രം, അത് പ്രസ്ഥാനങ്ങളുടേതായാലും വ്യക്തികളുടേതായാലും, പിൻതലമുറക്ക് വെളിച്ചമേകുന്ന രേഖയാണ്. ചരിത്രത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളാത്തവർ ഒടുവിൽ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് ചവിട്ടിതാഴ്ത്തപ്പെടുമെന്ന് ചിന്തകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സംഭവങ്ങൾ രേഖപ്പെടുത്തുന്നത് പിൽക്കാലക്കാർക്ക് ഗുണപാഠം ലഭിക്കാൻ കൂടിയാണ്. ഒരു കാലത്തെ ചരിത്രം പിൽക്കാലക്കാരെ അന്ധമായി ആക്ഷേപിക്കാനും അപഹസിക്കാനും മാത്രമായി ദുരുപയോഗം ചെയ്യുന്നത് ന്യായമോ മാന്യമോ അല്ല. ഭൂതകാലത്തിന്റെ തടവുകാരാവാതെ ഭാവിയിലേക്കുപകരിക്കുന്ന ഗുണപാഠങ്ങൾ ഉരിത്തിരിച്ചെടുക്കാൻ വ്യക്തികളുടേതായാലും പ്രസ്ഥാനങ്ങളുടേതായാലും ചരിത്രം ഉതകണം. ഇത്രയും കുറിച്ചത്, കൃതഹസ്തനായ വി.എ. കബീർ രചിച്ച മൗലാന മുഹമ്മദ് യൂസുഫ് സാഹിബിന്റെ ജീവചരിത്രം വായിച്ചപ്പോൾ ഉണ്ടായ വിചാരങ്ങൾ കുത്തിക്കുറിക്കുന്നതിന്റെ ആമുഖമെന്ന നിലക്കാണ്.
ഏഴുപതിറ്റാണ്ടിലേറെ കാലമായി അഖിലേന്ത്യാതലത്തിൽ വളരെ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന സജീവ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഈ പ്രസ്ഥാനത്തെയും അതിന്റെ സ്ഥാപകനുമുൾപ്പെടെ ആദ്യകാല നേതാക്കളെയും വിശദമായി പഠിക്കാൻ പലർക്കും സാധിക്കാറില്ല. പ്രശസ്തിമോഹത്തെ നിരുത്സാഹപ്പെടുത്തുന്ന ഈ സംഘടനയുടെയും അതിന്റെ നേതാക്കളുടെയും വിവരങ്ങൾ ഏറക്കുറെ അലഭ്യമാണെന്നതാണ് നേര്. ഈ പരിമിതിക്ക് ഒരു പരിധിവരെ പരിഹാരമാകുന്നതാണ് ഈ കൃതി. പതിനാല് അധ്യായങ്ങളിലായി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാത്വികനായ നേതാവിനെ വസ്തുനിഷ്ഠമായി പരിചയപ്പെടുത്തുന്നുണ്ട്. മൗലാന മുഹമ്മദ് യൂസുഫ് സാഹിബിന്റെ രചനാത്മക സമീപനം, സഹിഷ്ണുത, പ്രതിപക്ഷ ബഹുമാനം തുടങ്ങി പല അനുകരണീയ ഗുണങ്ങളും ഗ്രന്ഥകാരൻ ഉദാഹരണസഹിതം സംക്ഷിപ്തമായും വസ്തുനിഷ്ഠമായും പരാമർശിക്കുന്നുണ്ട്.
മുസ്‍ലിം ഐക്യമെന്നത് ഒരു സാമുദായിക കണ്ണടയിൽ കാണേണ്ട കാര്യമല്ല; മറിച്ച് അത് അന്തിമ വിശകലനത്തിൽ നാടിനുതന്നെ വളരെ ഉപകാരപ്രദമായിരിക്കും. ഇതേപോലെ രാജ്യനിവാസികളായ നാനാജാതി മതസ്ഥരുടെ പുരോഗതി മുസ്‍ലിംകൾക്കുകൂടി ഉപകാരപ്രദമായിരിക്കും. ഈയൊരു ഉയർന്ന മനസ്സിന്റെ ഉടമയാണ് യൂസുഫ് സാഹിബ് എന്ന് ഗ്രന്ഥവായനയിലൂടെ ഗ്രഹിക്കാനാവും. ശത്രുതയും കലഹവും എവിടെ കണ്ടാലും യൂസുഫ് സാഹിബ് അസ്വസ്ഥനാകുമെന്ന് മാത്രമല്ല, യോജിപ്പും രഞ്ജിപ്പും ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. മുസ്‍ലിം ലീഗും എം.ഇ.എസും തമ്മിൽ കലഹിച്ചപ്പോൾ യൂസുഫ് സാഹിബ് രഞ്ജിപ്പുണ്ടാക്കാൻ ശ്രമിച്ചത് ഗ്രന്ഥകാരൻ പരാമർശിക്കുന്നുണ്ട്. അത് വേണ്ടത്ര വിജയിച്ചിട്ടുണ്ടാവില്ല, എങ്കിലും ആ നല്ല മനസ്സ് ഒരിക്കലും ഉപേക്ഷിച്ചില്ല. മുസ്‍ലിം ശൈഥില്യത്തിൽ എന്നും വ്യാകുലനായിരുന്നു മൗലാന മുഹമ്മദ് യൂസുഫ് സാഹിബ്. സമുദായത്തിനകത്ത് വിവിധ സംഘടനകൾ വ്യത്യസ്ത പക്ഷങ്ങളായി പ്രവർത്തിക്കുമ്പോഴും പൊതു താൽപര്യങ്ങൾക്കുവേണ്ടി ഒന്നിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അകന്നുനിൽക്കുന്നവരെ അടുപ്പിക്കാൻ അവസരം വന്നാൽ അത് ഉപയോഗപ്പെടുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ഈ നിലപാട് ഉദാഹരണ സഹിതം ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്.
മുസ്‍ലിം ലീഗിൽ ഭിന്നിപ്പുണ്ടായപ്പോൾ അവരിൽ യോജിപ്പുണ്ടാക്കാൻ യൂസുഫ് സാഹിബ് ആഗ്രഹിച്ചിരുന്നതായും അതിനായി ചില സംസാരങ്ങൾ നടത്തിയിരുന്നതായും പലരിൽ നിന്നും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാൽ ഗ്രന്ഥകാരൻ അത് രേഖപ്പെടുത്താതിരുന്നത്, പ്രസ്തുത വിവരം ആധികാരികമായി ലഭ്യമാകാത്തതിനാലാണെന്ന് മനസ്സിലാകുന്നു. എല്ലാം വസ്തുനിഷ്ഠമാവണമെന്ന ഗ്രന്ഥകാരന്റെ ഉറച്ച നിലപാട് ‘പറയപ്പെടുന്നു’, ‘അറിയുന്നു’ തുടങ്ങിയ പ്രയോഗങ്ങളുടെ പിൻബലത്തോടെ പലതും പറഞ്ഞുവെക്കുന്ന പതിവ് ഈ കൃതിയിലില്ലെന്നത് രേഖാബദ്ധതക്ക് ഗ്രന്ഥകാരൻ പുലർത്തുന്ന ജാഗ്രതക്ക് തെളിവാണ്.
വളരെ സാത്വികനായ യൂസുഫ് സാഹിബ് അറബ് നാടുകളിലെ നേതാക്കന്മാരടക്കം പലരുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റിയ നേതാവാണ്. വിശ്വപൗരന്റെ തന്റേടത്തോടെ അറബ് ലോകത്തെ പലരുമായും ബന്ധം പുലർത്തിയിരുന്നു. റാബിതത്തുൽ ആലമിൽ ഇസ്‌ലാമി (Muslim World League) എന്ന ലോക മുസ്‍ലിം വേദിയിലെ പ്രധാന അംഗമെന്ന നിലക്ക് കറാച്ചി, ഖത്തർ, ഇറാൻ തുടങ്ങിയ പല നാടുകളിലെയും അന്താരാഷ്ട്ര സമ്മേളനങ്ങളിൽ മുസ്‍ലിം വേൾഡ് ലീഗിന്റെ പ്രതിനിധി എന്ന നിലക്ക് പങ്കെടുത്തിരുന്നു. ഇതേ നിലക്ക് കേരളത്തിലെ ഫറോക്കിൽ നടന്ന മുജാഹിദ് സമ്മേളനത്തിലേക്ക് റാബിത (മുസ്‍ലിം വേൾഡ് ലീഗ്) പ്രതിനിധിയായി നിയോഗിച്ചപ്പോഴുണ്ടായ മോശമായ അനുഭവം ഈ കൃതിയിൽ സാമാന്യം ദീർഘമായും വസ്തുനിഷ്ഠമായും പറയുന്നുണ്ട്. സാത്വികനായ യൂസുഫ് സാഹിബിനുണ്ടായ ദുരനുഭവം സമുദായത്തിൽ ശൈഥില്യമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതിനാൽ യൂസുഫ് സാഹിബോ ജമാഅത്തെ ഇസ്‌ലാമിയോ വലിയ പ്രശ്നമാക്കിയിട്ടില്ല. എന്നാൽ, സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അറബ് പ്രതിനിധികളിൽ വലിയ മനഃപ്രയാസമുണ്ടാക്കി എന്ന കാര്യം പുസ്തകം വ്യക്തമാക്കുന്നുണ്ട്. ഈ വിഷയകമായി ഖത്തറിലെ മതകാര്യ വകുപ്പ് ഡയറക്ടർ റാബിതയുടെ ജനറൽ സെക്രട്ടറിക്ക് എഴുതിയതിന്റെ പരിഭാഷ വിശദമായി കൊടുത്തിട്ടുണ്ട്.
അപ്രിയ സത്യങ്ങൾ ചരിത്രമെന്ന നിലക്ക് ഗ്രന്ഥകാരൻ രേഖപ്പെടുത്തിയത് പുതിയ കാലഘട്ടത്തിലെ സംഘടനാ നേതാക്കൾക്ക് വിശകലനം ചെയ്യാനാവണം. എങ്കിലേ മേലിൽ അത്തരം അപാകതകളും അബദ്ധങ്ങളും ഒഴിവാക്കാനാവുകയുള്ളൂ. സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ. റാം മനോഹർ ലോഹ്യയുമായുള്ള സൗഹൃദം പറയുന്ന അധ്യായത്തിൽ അദ്ദേഹത്തിന്റെ പ്രബോധന പ്രധാനമായ, ഗുണകാംക്ഷാനിർഭരമായ ശൈലി മനസ്സിലാക്കാവുന്നതാണ്. അടിയന്തരാവസ്ഥയിലെ പരീക്ഷണങ്ങൾ എന്ന അധ്യായത്തിൽ, യൂസുഫ് സാഹിബ് കോടതിയിൽ വക്കീലില്ലാതെ ധീരമായി, എന്നാൽ വളരെ മാന്യമായി കേസ് വാദിച്ചതിന്റെ വിവരമുണ്ട്. 1971 ബംഗ്ലാദേശ് യുദ്ധത്തോടനുബന്ധിച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ, അറസ്റ്റിന്റെ തലേന്ന് രാത്രി അന്തരിച്ച തന്റെ പത്നിയുടെ ഖബറടക്കം നടന്ന ശേഷം നേരെ ജയിലിലേക്കുപോയ മൗലാനയുടെ ഉള്ളുറപ്പ് വായനക്കാരനിൽ വല്ലാത്തൊരു വികാരം ഉണ്ടാക്കുന്നു.
1948 മുതൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ ജനറൽ സെക്രട്ടറിയായും ശേഷം രണ്ടുതവണ അമീറായും 33 വർഷം സേവനം ചെയ്ത യൂസുഫ് സാഹിബിന്റെ വ്യക്തിത്വ വിശുദ്ധി, ആർജവം തുടങ്ങിയ വിശിഷ്ട ഗുണങ്ങൾ ഈ രചന നമുക്കുമുന്നിൽ തുറന്നുകാട്ടുന്നു. വിയോജിപ്പുകൾ വിരോധമായി മാറാത്ത വിശാലനയം, സമുദായ സ്നേഹവും രാജ്യസ്നേഹവും ഒരുപോലെ മേളിച്ച കാഴ്ചപ്പാട് തുടങ്ങിയവ അനുവാചകർക്ക് ധാരാളം പ്രചോദനമേകുമെന്നത് ഉറപ്പാണ്. രചനാത്മകത എന്നത് ഒരു നയമല്ല, മറിച്ച് മൗലാനയുടെ വ്യക്തിത്വത്തിൽ നിലീനമായ മഹദ് ഗുണം തന്നെയാണ്. ഈ കൊച്ചു കൃതി സംക്ഷിപ്ത രൂപത്തിൽ ആ മഹദ് വ്യക്തിത്വത്തെ പുതുതലമുറക്ക് ലളിത ശൈലിയിൽ പരിചയപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.