തിരുവനന്തപുരം: കേരള രാജ്യാന്തര സാഹിത്യോത്സവം മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് വകയിരുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ സാഹിത്യ അക്കാദമി ചെയർമാനും പ്രശസ്ത കവിയുമായ കെ. സച്ചിദാനന്ദൻ. താനൊരു സാമ്പത്തിക വിദഗ്ധനല്ലെങ്കിലും, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോട് ചേർന്നുനിൽക്കുന്ന ഒരാളെന്ന നിലയിൽ അനുകൂലിക്കുന്നതും എതിർക്കുന്നതുമായ പല നിർദേശങ്ങളും ബജറ്റിൽ കണ്ടതായി ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ കല, സിനിമ, നാടകം തുടങ്ങിയ മേഖലകളിൽ പൊതുമേഖലാ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര ഉത്സവങ്ങൾ നടക്കുന്നുണ്ടെങ്കിലും സംഗീത, സാഹിത്യ മേഖലകളിൽ അതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ സാഹിത്യ അക്കാദമി അദ്ധ്യക്ഷനായിരുന്ന കാലത്താണ് ഇതിനൊരു പരിഹാരമെന്നോണം അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് തുടക്കമിട്ടതെന്നും സച്ചിദാനന്ദൻ ഓർമിപ്പിച്ചു.
അക്കാദമിയുടെ സ്ഥിരം ഗ്രാന്റ് ഉപയോഗിച്ച് ഇത്തരമൊരു വൻകിട മേള നടത്താനാകില്ല. സർക്കാരിന്റെ പ്രത്യേക ഗ്രാന്റ് ഉപയോഗിച്ചാണ് ആദ്യ സാഹിത്യോത്സവം നടത്തിയത്. എന്നാൽ പിന്നീട് നേരിട്ട സാമ്പത്തിക പ്രതിസന്ധി കാരണം ഗ്രാന്റ് ലഭ്യമായില്ല. തുടർന്ന് അക്കാദമിയുടെ സ്വന്തം വരുമാനത്തിൽ നിന്നുള്ള ഒരു വിഹിതം ഉപയോഗിച്ച്, താരതമ്യേന ചെറിയ തോതിലാണെങ്കിലും രണ്ടാമത്തെ അന്താരാഷ്ട്ര സാഹിത്യോത്സവവും വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഒന്നോ ഒന്നരയോ കോടി രൂപയുണ്ടെങ്കിൽ സാഹിത്യോത്സവം വളരെ മികച്ച രീതിയിൽ നടത്താനാകുമെന്നാണ് അനുഭവമെന്നും ഈ സംരംഭം തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വേദികളിലായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിൽ അഞ്ഞൂറോളം എഴുത്തുകാരും നിരൂപകരും ചിന്തകരും പങ്കെടുക്കും. രാത്രികാലങ്ങളിൽ കലാപരിപാടികളും ഇതിന്റെ ഭാഗമായി അരങ്ങേറും. വരുംതലമുറക്കായി ഈ സാഹിത്യോത്സവത്തിലെ മുഴുവൻ പരിപാടികളും പൂർണമായി റെക്കോർഡ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ടെന്നും അതിനായി ബജറ്റിൽ പ്രത്യേക തുക വകയിരുത്തണമെന്നും കെ. സച്ചിദാനന്ദൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.