നാം കണ്ണ് തുറന്ന് ഉറങ്ങുന്നവർ

എൻ ഹൃദന്തം

സ്നേഹം വറ്റിവരണ്ട തരിശുനിലം.

നീതി ബോധം

കാലത്തിൻ കുത്തൊഴുക്കിൽ

തേഞു മാഞു പോയി.

സത്യത്തിൻ വെൺ മേഘ ചിറകുകൾ

കത്തിക്കരിഞ്ഞു പോയി.

ജീവിത മൂല്യത്തിൻ

വെള്ളിൽ പറവകൾ

ഒന്നൊന്നായ്

നഗരഖര പ്രവാഹത്തിൽ .

ചതഞ്ഞരഞ്ഞ്

ചോര വാർന്നു പിടഞ്ഞൊടുങ്ങി.

പ്രണയം

ടാങ്കർ ലോറിക്കടിയിൽ

അന്ത്യശ്വാസം

വലിക്കുന്നത്

ഞാൻ വേദനയോടെ നോക്കി നിന്നു.

എന്നിലെന്നും

നിറഞ്ഞൊഴുകിയ എന്റെ പുഴ

വറ്റിവരണ്ടു കണ്ണീർ വാർത്തു.

എന്റെ

വിശാലമായ ആകാശം

എനിക്ക് നഷ്ടപ്പെട്ടു.

തണലും

തണുപ്പും

തേനും തേഞ്ചോരും പാട്ടും

കാടും കാട്ടാറും

എനിക്കന്യമായി.

എന്റെ നീല സാഗരം

രക്തം ചിതറി നിലവിളിക്കുകയാണ്.

ഞാനീ

കോൺക്രീറ്റ് തറയിൽ

ആരെയോ കാത്ത്

ആരും

വരാനില്ലെന്നറിഞ്ഞിട്ടും

വ്യഥാ

നിശ്ശൂന്യതയിൽ വീർപ്പ് മുട്ടി

കഴിയുന്നു.

2

ഞാൻ

ലാളിച്ചു വളത്തിയ എന്റെ മക്കളിന്നെവിടെ.?

മണ്ണിന്റെ മക്കളുടെ ആർത്തനാദം

ഇടിത്തീയ്യായ്

എന്നിൽ പതിച്ചിട്ടും

ഞാനൊന്നു മറിയുന്നില്ല.

എന്റെ

സോദരിമാരുടെ വിലാപം

എന്റെ ഹൃദയത്തിൽ

ആഞ്ഞുപതിച്ചിട്ടും

ഞാൻ

വെറും നോക്കു കത്തി.

അമ്മമാരുടെ കൂട്ടക്കരച്ചിൽ

ചാട്ടുളിയായ്

എന്നിൽ പതിച്ചിട്ടും

ഞാൻ

വെറും

അനങ്ങാപ്പാറയായ്

നില്ക്കുന്നു.

നാടും വീടും

എല്ലാം നഷ്ടപ്പെട്ട വൃദ്ധ

എനിക്കു മുൻപിൽ

വന്നു നിന്ന് കിതക്കുകയാണ്.

അപ്പൊഴും

ഞാൻ

കണ്ണു തുറന്ന്

ഉറങ്ങുകയാണ്.

ഗാന്ധിയും

മാർക്സും

പ്രവാചകരും

ഋഷിവര്യരും

യേശുവും

നബിയും

ബുദ്ധനും

എന്റെ മനസ്സിന്റെ സ്ക്രീനിൽ

നിസ്സംഗരായ്

നടന്നുനീങ്ങുമ്പോൾ

ഇനിയെന്ത്?

വലിയ ചോദ്യ ചിഹ്നം

എനിക്കു മുൻപിൽ

ഉയരുന്നു.

നിശ്ശൂന്യമാം

ഈ തപ്ത ഭൂവിൽ

ഞാനും

ഒരു ക്വസ്റ്റ്യൻമാർക്ക് ?

Tags:    
News Summary - Malayalam poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.