ജീവിതത്തിന്റെ എരണ്ടക്കെട്ടുകൾ

അതിതീവ്രമായി മനുഷ്യമനസ്സിന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരുപാട് കാര്യങ്ങൾ വി.ജെ. തോമസിന്റെ ‘എരണ്ടക്കെട്ട്’ എന്ന കഥാസമാഹാരത്തിലുണ്ട്. സ്നേഹത്തിന്റെയും സ്നേഹബന്ധങ്ങളുടെ ഉലച്ചിലുകളുടെയും നഷ്ടപ്പെട്ടുപോകുന്ന സ്നേഹബന്ധത്തിന്റെ തീവ്രതയെക്കുറിച്ചും, എന്നെങ്കിലും ഒരിക്കൽ വീണ്ടും സ്നേഹബന്ധത്തിൽ എത്തിച്ചേരാനുള്ള തലത്തിന്റെ ഒക്കെ ഭാഗങ്ങൾ എരണ്ടക്കെട്ട് എന്ന കഥയിൽ നമുക്ക് കാണാൻ കഴിയും.

‘കരിവെടല’ എന്ന കഥയിലെ രചനാചാതുര്യം. നാട്ടിൻപുറത്തെ സ്നേഹബന്ധങ്ങളുടെ, മനുഷ്യമനസ്സുകളുടെ ഹൃദയതീവ്രതയുടെ തലങ്ങൾ അതിൽ പറയുന്നുണ്ട്. ആവിഷ്‍കരിച്ച ഓരോ വാചകങ്ങളിൽ വാക്കുകളുടെ ഒരു മാന്ത്രിക പ്രയോഗം തന്നെ കാണാം. ആറ്റിക്കുറുക്കിയ വാക്കുകൾ നമുക്ക് കാണാം. വടക്കൻ നാട്ടുകാരുടെ ഭാഷ വളരെ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

പ്രദേശമാണ് ആ കഥതന്നതെന്ന് കഥാകാരൻ തന്നെ പറയുന്നു. വടക്കൻ നാട്ടുകാരുടെ പ്രകൃതിചിത്രം മാത്രമാണ് കരിവെടല എന്ന കഥയുടെ രൂപം. ‘ഓന്തുകളെക്കുറിച്ചൊരുപന്യാസ’ത്തിൽ കക്കയവുമായി ബന്ധപ്പെട്ട രാജൻ കൊലക്കേസും തന്റെ ബാല്യകാല അനുഭവങ്ങളും മറ്റുമാണ് കഥാതന്തു.

എരണ്ടക്കെട്ട്, കരിവെടല, കാത്തിരിപ്പിന്റെ കടൽ, തിളച്ചൊഴുകുന്ന വെയിൽ, നേത്രാവതി, മൂൺലൈറ്റ് സൊണാറ്റ, ബ്ലൂപിരീഡ്, മരിച്ചവരുടെ പുസ്തകത്തിൽനിന്നുള്ള വായന, മുലപ്പാലിൽ മുങ്ങിമരിച്ചൊരാൾ, ജലംമൂലം മൃത്യു, കബിനി ഒരു പുഴമാത്രമല്ല എന്നീ കഥകളും ഓന്തുകളെക്കുറിച്ചൊരുപന്യാസവും ഈ പുസ്തകത്തിലുണ്ട്.

അടിസ്ഥാനപരമായി കവികൂടിയായ തോമസിന്റെ കഥകളിൽ ഭയപ്പെടുത്തുന്ന ഒരു നഗരവത്കരണം, അല്ലെങ്കിൽ നഗരവേഗത്തിനുമുന്നിൽ പകച്ചുപോകുന്ന ആധുനിക മനുഷ്യന്റെ നിസ്സഹായത, ചെറുത്തുനിൽപ്, ഇതാണ് രചനകളിൽ കൂടുതൽ കാണുന്നത്. ഭാഷാപരമായ കഴിവിനെക്കുറിച്ച് പറയുമ്പോൾ ഭാഷകൾക്കപ്പുറം ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും തന്റെ ഭാഷ സന്നിവേശിപ്പിക്കാനുള്ള കഴിവ് കഥാകാരനുണ്ട്.

വർത്തമാന ജീവിതാവസ്ഥകൾ അനിവാര്യമാകുന്ന പ്രശ്നമണ്ഡലങ്ങളും ഭാഷാപുരോഗമനകൃതി സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ഇത്തരം രചനകളാണ് സമൂഹത്തിൽ ചരിത്രത്തിന്റെ ഇന്ധനമായി മാറുന്നത്. അലസവായനയുടെ (റീൽസ് വായന) തലമുറയിലൂടെയാണ് സമൂഹം ഇപ്പോൾ നീങ്ങുന്നത്. ഈ കാലഘട്ടത്തിൽ തോമസിന്റെ രചനകളുടെ വശ്യതയും ഭാഷാപരമായ ലാളിത്യവും എടുത്തുപറയത്തക്കതാണ്. ‘കാതു തേടുന്ന കഥകൾ’ എന്ന പേരിൽ ഈ സമാഹാരത്തെക്കുറിച്ച് ഒരു പഠനവും കെ. അബൂബക്കറിന്റേതായി ഇതിലുണ്ട്. എം.യു. ജോസിന്റെ മുഖചിത്രവും മനോഹരം. ആനകളിലെ രോഗനാമമാണ് എരണ്ടക്കെട്ട്. സമൂഹത്തെ, സംഘടനകളെ, കുടുംബത്തെയൊക്കെ ബാധിക്കുന്ന പലതരം അജീർണങ്ങളിലേക്ക് വിരൽചൂണ്ടുന്ന പ്രതീകം. അവ കാരണം എരണ്ടക്കെട്ടിൽപെട്ടു പിടയുന്ന ആത്മാക്കളുടെ കഥകളാണ് ഈ സമാഹാരത്തിലെ നേത്രാവതി ഒഴികെയുള്ളവയെല്ലാം.

ഭരണസാമൂഹിക സംവിധാനങ്ങളിൽ പരിഷ്‍കാരമില്ലാതെ അടഞ്ഞുകിടക്കുന്ന അവസ്ഥാന്തരങ്ങൾ സൂചിപ്പിക്കുന്ന പദം തന്നെയാണ് പുസ്തകനാമം എന്ന് നമുക്ക് ഊഹിക്കാം. ബാലുശ്ശേരിയിൽ നടന്ന ചടങ്ങിൽ വി.ജെ. തോമസിന്റെ എരണ്ടക്കെട്ട് എന്ന കഥാസമാഹാരം കൽപറ്റ നാരായണനായിരുന്നു പ്രകാശനം ചെയ്തത്. എരണ്ടക്കെട്ടു ബാധിച്ച ഇന്നത്തെ കാലഘട്ടത്തിൽ ഇപ്രകാരമുള്ള കഥകളാണ് അർഥവത്തായി ജീവിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അവതാരിക തയാറാക്കിയിരിക്കുന്നു.

Tags:    
News Summary - The two bundles of life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.