'മൊളൂഷ്യ'വും ഇഷ്ടമല്ലാത്ത വാക്കാണെന്ന് സുനിൽ പി. ഇളയിടം; 'കുഴിമന്തി നിരോധനത്തിന്' ലൈക്കടിച്ചതിൽ പിഴവുപറ്റിയെന്ന്

സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച 'കുഴിമന്തി നിരോധന' വിവാദത്തിൽ വിശദീകരണവുമായി സുനിൽ പി. ഇളയിടം. വി.കെ. ശ്രീരാമന്‍റെ പോസ്റ്റിന് പിന്തുണ നൽകിയ തന്‍റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. അതിൽ ഖേദം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണ് കുഴിമന്തി. 'മൊളൂഷ്യം' എന്ന വിഭവത്തിന്‍റെ പേരും ഇതു പോലെ ഇഷ്ടമല്ലാത്ത ഒന്നാണ്. ഇവക്കൊക്കെ കുറച്ചുകൂടി തെളിച്ചമുള്ള മലയാള പദങ്ങൾ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എന്നാൽ, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല -സുനിൽ പി. ഇളയിടം വിശദീകരിക്കുന്നു.

സുനിൽ പി. ഇളയിടത്തിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

കുഴിമന്തി എന്ന പേരിനെ മുൻനിർത്തി ശ്രീരാമേട്ടൻ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എന്‍റെ പ്രതികരണവും ചർച്ചയായ സന്ദർഭത്തിൽ അതേക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കണം എന്നു കരുതുന്നു.

വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്‍റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്.

'മൊളൂഷ്യം' എന്നവിഭവത്തിന്‍റെ പേരും ഇതു പോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ- സാഹിത്യ പഠനത്തിൽ വരുന്ന ജഹദജഹൽ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്ക്കൊക്കെ കുറച്ചു കൂടി തെളിച്ചമുള്ള മലയാള പദങ്ങൾ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്.

എന്നാൽ, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല.

തന്‍റെ അഭിപ്രായം പറയാൻ ശ്രീരാമേട്ടൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാൻ കരുതുന്നത്.

എങ്കിലും ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ എന്‍റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാൻ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള എന്‍റെ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.

ഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമനാണ് `ഞാൻ ഏകാധിപതിയായാൽ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്ന്' ഫേസ് ബുക്കിൽ കുറിച്ചത്. ഇതിനെ തുടര്‍ന്ന് ചൂട് പിടിച്ച ചര്‍ച്ച സമൂഹ മാധ്യമങ്ങളില്‍ നടക്കുകയാണ്. താന്‍ ഒരു ദിവസം കേരളത്തിലെ ഏകാധിപതിയായാല്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കുമെന്നാണ് ശ്രീരാമൻ എഴുതിയത്. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിട്ടാണ് ഇങ്ങനെ ചെയ്യുകയെന്നും അദ്ദേഹം എഴുതുന്നു.

ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

``ഒരു ദിവസത്തേക്ക്‌
എന്നെ കേരളത്തിന്റെ
ഏകാധിപതിയായി
അവരോധിച്ചാൽ
ഞാൻ ആദ്യം ചെയ്യുക
കുഴിമന്തി എന്ന പേര്
എഴുതുന്നതും
പറയുന്നതും
പ്രദർശിപ്പിക്കുന്നതും
നിരോധിക്കുക
എന്നതായിരിക്കും.
മലയാള ഭാഷയെ
മാലിന്യത്തിൽ നിന്ന്
മോചിപ്പിക്കാനുള്ള
നടപടിയായിരിക്കും
അത്.

🙉🙊🙈
പറയരുത്
കേൾക്കരുത്
കാണരുത്
കുഴി മന്തി​''

സുനില്‍ പി. ഇളയിടം ഒരു `തംസപ്പ് ഇമോജി' നല്‍കിക്കൊണ്ടാണ് ശ്രീരാമന് പിന്തുണ നല്‍കിയത്. ഇതോടെ, സുനിൽ പി. ഇളയിടത്തിന്റെ പ്രസംഗങ്ങൾ ചൂണ്ടികാണിച്ച് വിമർശനം ചൊരിയുന്നവർ ഏറെയാണ്. 'മാഷ് തന്നെ പല പ്രസംഗങ്ങളില്‍ ആയി പറയുന്നത് കേട്ടിട്ടുണ്ട് ഭാഷയും സംസ്‌കാരവും ഒക്കെ പരസ്പര കൊടുക്കല്‍ വാങ്ങലുകളിലൂടെ വളരുന്നതും വികസിക്കുന്നതും ആണെന്ന്, പിന്നെ കുഴിമന്തി ക്ക് എന്താണ് പ്രശ്‌നം,'എന്ന് ഒരാള്‍ ചോദിക്കുന്നു. ഇതിനുമറുപടിയുമായി വി.കെ. ശ്രീരാമൻ തന്നെ രംഗത്തെത്തി. 'വെടക്കൊന്നും കൊടുക്കരുത് വെടക്കൊന്നും വാങ്ങരുത്. നശിക്കുമല്ലെങ്കില്‍ സംസ്‌കാരം' എന്നാണ് വി.കെ. ശ്രീരാമന്റെ മറുപടി.

ഇതിനിടെ, എഴുത്തുകാരി ശാരദകുട്ടിയുടെ കമന്റും വന്നു, അതിങ്ങനെയാണ്

'കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മ വരും. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇമ്പ്രസീവ് ആയാലേ കഴിക്കാന്‍ പറ്റൂ,'.

കവി കുഴൂർ വിത്സൻ ശ്രീരാമന്റെ നിലപാടിനെതിരെ പ്രതികരിച്ചതിങ്ങനെ:

``വേറിട്ട കാഴ്ച്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതല്ലോ എന്നോർക്കുമ്പോള്‍ ഒരു ഞെട്ടല്‍ . കഷ്ടം തന്നെ മുതലാളീ . ഞങ്ങടെ നാട്ടില്‍ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട് . എല്ലാ ഹോട്ടലുകൾക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ . തിന്നുന്നതില്‍ തൊട്ട് കളിച്ചാല്‍ വിവരമറിയുമെന്ന് തോന്നുന്നു​​​​''. ലോകത്ത് നീറുന്ന വിഷയങ്ങൾ ഏറെയുണ്ടായിരിക്കെ കുഴിമന്തിക്ക് പിന്നാലെ പോകുന്നതിനു പിന്നിലെ ഉള്ളിലെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുചാടിയതാണെന്നാണ് പൊതുവിമർശനം.

Tags:    
News Summary - Sunil P Elayidom facebook post on Kuzhimandhi row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT