'ഭൂതകാലത്തിൻറെ ഹൃദയത്തിൽ
നിന്നോണം
സുഹറ വിളി കേട്ടു'.
അത്രമേൽ ഉള്ളാൽ ഉള്ളുകൊണ്ട്
പ്രണയിച്ചവരെ
കാലമതിന്റെ ഹൃദയത്തിലല്ലാതെ
മറ്റെവിടെ സൂക്ഷിച്ചു വെക്കും!!
കലാപങ്ങളെ, ചങ്ങലകളെ
ചരിത്രമതിന്റെ
ഇരുണ്ട പത്തായത്തിലാവും
ഒളിച്ചുവെക്കുക.
പറുദീസയിലെ മാലാഖമാരോടൊപ്പം
സാറാമ്മയും കേശവൻ നായരും
അനുരാഗത്തിന്റെ ദിനങ്ങളിലെ 'ആകാശമിട്ടായി'ക്കഥകൾ
അയവിറക്കുകയാവും.
തടവറക്കുള്ളിലെ
മതിലിനപ്പുറത്തു നിന്നൊരു ചുള്ളിക്കമ്പുയർന്നു പൊങ്ങി വീണ്ടും,
ആകാശത്തിന്റെ കവിളിലൊരു
മഴവില്ല് വരക്കുന്നു.
വരണ്ട ഭൂമിയിലേക്കൊരു
മഞ്ഞുതുള്ളിയിറങ്ങി വന്ന്
വസന്തത്തിലേക്കുള്ള വിത്തിനെ ചുംബിക്കുന്നു.
അറബിക്കഥയിലെ അത്ഭുതവിളക്കിൽ നിന്നെന്ന പോലെ,
ഒരു ചുള്ളിക്കമ്പിന്റെ തെളിച്ചത്തിൽ നിന്നൊരു സ്നേഹതാഴ്‌വാരം
ഉരുവം കൊള്ളുന്നു.
സമയസൂചികളും അതിർത്തിക്കുറ്റികളുമില്ലാത്ത,
പറവകളുടെ താഴ്‌വാരം.
ചക്രവാളത്തിലൂടെ ചൂട്ടുകത്തിച്ചുലാത്തുന്നു സുൽത്താൻ.
വഴിനീളെ ഗസലിന്റെ ഈണം.
ഭൂമിയിലേക്ക് കണ്ണെറിയുമ്പോൾ
നിറയെ മതിലുകൾ, മതിലുകൾ.
ഭൂഗോളത്തിലെ എല്ലാ മതിലുകളും
നാരായണിയുടെ സ്മാരകങ്ങളാണല്ലോ.
ഭൂമിയിൽ എത്ര കാമുകിമാർക്കുണ്ടാകും
ഇത്രയും സ്മാരകങ്ങൾ !!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.