രാജശ്രീയുടെ ‘കത’; നിന്റെ കഥ

മലയാള നോവൽ സാഹിത്യത്തിൽ ശ്രദ്ധേയ ഇടം നേടിയ എഴുത്തുകാരി, ആർ രാജശ്രീ. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആത്രേയകം’ (മഹാഭാരത ഏടുകളിൽ നിന്നുമുതിർത്ത, അതിശക്‌തമായ ആഖ്യാന ഭാഷയിലൂടെ വരഞ്ഞ നോവൽ), ഇവ രണ്ടും മതിയാകും ആർ. രാജശ്രീയുടെ പ്രതിഭയെ അറിയാൻ. ‘നിന്റെ കഥ’ എന്ന, അനുഭവങ്ങളും ഓർമകളും അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തിൽ എഴുത്തുകാരിയുടെ സ്വന്തം ജീവിതത്തുടിപ്പുകളാണുയരുന്നതെങ്കിലും സാധാരണ സ്ത്രീകൾ വീടകങ്ങളിലും ഭർതൃഗൃഹങ്ങളിലും അനുഭവിച്ചുകൊണ്ടിരിക്കുന്ന നെടുവീർപ്പുകളുടെ കൂടി കഥനമാകുന്നു.

എന്റെ കഥയെന്ന് രാജശ്രീ ബോധപൂർവമിതിനെ വിളിക്കാതെ ‘നിന്റെ കഥ’യെന്ന് ഓരോ സ്ത്രീകളുടെയും അനുഭവമെന്നു പറയുന്നു. എഴുത്തിനോടുള്ള അഭിനിവേശം കൗമാര കാലത്തേ മുളപൊട്ടിയിരുന്നുവെങ്കിലും കാൽ നൂറ്റാണ്ടിനുശേഷം, അതും വിവാഹ ജീവിത ഘട്ടത്തിലെ അസന്നിഗ്്ധ ഇടവേളകളിലെപ്പോഴോ ആയിരുന്നു ഒരു നോവൽ സൃഷ്‌ടി. ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ പ്രസിദ്ധീകരിക്കപ്പെടുന്നത്! ജോലിസംബന്ധമായ നിത്യേനയുള്ള ദൂരയാത്രക്കിടയിൽ, കൈയിലിരുന്ന സ്മാർട്ട് ഫോണിൽ കൈവിരലുകളാൽ വരഞ്ഞ് സൃഷ്ടിച്ചെടുത്തതായിരുന്നു എഴുത്തുകാരിയെന്ന നിലയിൽ തനിക്ക് വിലാസമുണ്ടാക്കിത്തന്ന ആ നോവലിന്റെ പിറവിയെന്ന് രാജശ്രീ അത്ഭുതം കൂറുന്നുണ്ട്.

സദാ കൈവെള്ളയിലിരിക്കുന്ന മൊബൈൽ ഫോണിൽ എന്താണിവരൊക്കെ ചെയ്യുന്നത് എന്ന മുതിർന്നവരുടെ ചോദ്യങ്ങൾക്ക് താനും വശംവദയാകാറുണ്ട്. യാത്രക്കിടയിലാണ് ആദ്യ നോവൽ പിറവികൊള്ളുന്നത്. ആയതിനാൽ തന്നെ മൊബൈലിൽ വിരലോടിച്ചുകൊണ്ടിരിക്കുന്ന യുവതയെ അങ്ങനെയങ്ങ് ദോഷം പറയേണ്ടതില്ലെന്ന് എഴുത്തുകാരി ഏതോ ഒരവസരത്തിൽ പറഞ്ഞതുമോർക്കുന്നു. സാഹിത്യ അക്കാദമി, ഇപ്രകാരം ഉദയംകൊണ്ട നോവലിന് അർഹമായ പുരസ്കാരവും നൽകിയിരുന്നു. രണ്ടു വ്യത്യസ്ത പ്രാദേശിക സംസ്കാരങ്ങളിൽ ജീവിക്കുകയും പറയുകയും ചെയ്യുന്ന കല്യാണിയും ദാക്ഷായണിയും... തെക്കൻ തിരുവിതാംകൂറിനും വടക്കെ മലബാറിനും ഇടയിൽക്കണ്ട സ്ത്രീ വൈജാത്യങ്ങൾ. ഇവയുടെ ബ്രില്ല്യന്റായ ആവിഷ്കാരമായിരുന്നു കല്യാണി-ദാക്ഷായണി.

അത്രയൊന്നും അടുക്കളയിൽനിന്നും ജോലിയിടങ്ങൾക്കപ്പുറത്തേക്കുമല്ലാതെ സഞ്ചരിച്ചിട്ടില്ലാത്ത തന്റെ വ്യക്തിത്വം പിന്നീട് ‘എല്ലാ സമരങ്ങളും അടുക്കളയിൽനിന്ന് തുടങ്ങുന്നു’ എന്ന് പ്രമുഖ സംഘടനയുടെ വനിതാ ദിനത്തിൽ പ്രസംഗിക്കുമാറ് രാജശ്രീയെ പൊതുമണ്ഡലത്തിലെത്തിച്ചുവെന്ന് സഹോദരി ആർ. ദിവ്യശ്രീയും. അനുഭവങ്ങളുടെ കനലിൽ ചവിട്ടിയായിരുന്നു ചേച്ചി എഴുത്തിലേക്ക് തിരികെ നടന്നതെന്നും ആമുഖത്തിലൂടെ അവർ ഓർത്തെടുക്കുന്നുണ്ട്.

താനുൾപ്പെടെയുള്ള ഏതെങ്കിലുമൊരാളുടെ ജീവിത കഥ വെറുതെയങ്ങ് പറഞ്ഞുപോകുകയായിരുന്നില്ല ഉദ്ദേശ്യമെന്ന് എഴുത്തുകാരി പറയുന്നു. അപ്രകാരം പറഞ്ഞുപോകുമ്പോൾ പല തിരിവുകളിലും പരിചയമുള്ളവരെയോ അല്ലെങ്കിൽ നമ്മെ തന്നെയോ കണ്ടെന്നുമിരിക്കും, അത്ര തന്നെ! ഏതു സാഹചര്യങ്ങളിലും എക്കാലത്തും സ്ത്രീ, പുരുഷകോയ്മകൾ നെയ്തെടുത്ത കുടുംബാതിരുകൾക്കുള്ളിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത വിധിവിലക്കുകൾക്കുള്ളിൽ തളച്ചിടപ്പെടുകയാണ് പതിവെന്ന് സ്വന്തം ജീവിതാനുഭവങ്ങളെ കൂടി വരഞ്ഞ് തുറന്നുപറയുകയാണിവിടെ എഴുത്തുകാരി. ഇന്ത്യൻ കുടുംബമെന്നത് നാലറ്റവും മൂർച്ചയുള്ള ലോഹക്കഷണമോ കയറിയാൽതന്നെ പുറത്തിറങ്ങാനാവാത്തവിധം അടയുന്ന വാതിലുകളുള്ള ലോഹക്കൂടോ ആണ്. കുടുംബം മാതൃകുടുംബമോ പിതൃ കുടുംബമോ ഭർതൃ കുടുംബമോ ആവാം.

വ്യക്തിയിൽ അതിന്റെ പ്രവർത്തനവും സ്വാധീനവുമെല്ലാം ഏകദേശം ഒരേ വിധത്തിലായിരിക്കും. പക്ഷേ, അത് ഏറ്റവും സുഭദ്രവും സുരക്ഷിതവുമായ ഒന്നാണെന്ന് വ്യാജമായെങ്കിലും സ്ഥാപിക്കാനാണ് അധികം പേരും ശ്രമിക്കുക. മുതിർന്ന മക്കൾ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാലും മാതാപിതാക്കളിൽനിന്നും അവർ സ്വതന്ത്രരാകുന്നില്ല. തങ്ങളുടെ ആരോഗ്യം, സമയം, ധനം, അധ്വാനം എന്നിവയെല്ലാം മക്കൾക്കായി ചെലവഴിക്കുന്ന മാതാപിതാക്കൾ സ്വന്തമായി ഒന്നും നീക്കിവെക്കുന്ന പതിവില്ല. ജീവിത സായാഹ്നത്തിൽ അവർ കൂടുതൽ തിരക്കിലും അനാരോഗ്യത്തിലും കടബാധ്യതകളിലുമായിരിക്കും... ‘നിന്റെ കഥ’യിൽ എഴുത്തു കാരി തുടരുന്നു.

‘മറുവഴികളില്ലാത്ത മനുഷ്യർ ഒരു ബന്ധത്തിനകത്ത് പെട്ടുപോകുമ്പോൾ എല്ലാത്തരം അനിഷ്ടങ്ങളും ഒരരികിലേക്ക് നീക്കിവെച്ച് സ്നേഹിക്കാൻ ശ്രമിച്ചെന്നിരിക്കും. എത്ര നിഷേധിക്കാനൊരുമ്പെട്ടാലും ആ സ്നേഹത്തിനകത്ത് കുടുങ്ങിപ്പോയെന്നും വരാം. മുള്ളുകൾ കുത്തിത്തറച്ച് ആഴത്തിൽ കീറിയേക്കാം. ചുറ്റുപാടും ബഹളങ്ങൾ തന്നെയുമാകാം. പക്ഷേ, ആ കലാപ ഭൂമിയിലും ശാന്തമായ ഒരു മൂല കണ്ടേക്കുമെന്നുമോർക്കണം.’ ആത്രേയകക്കാരിയുടെ മനോഗതങ്ങൾ ഇങ്ങനെ!

നരകത്തീപോലെ കത്തിയാളിയ മാരകമായ പതിനാറ് വർഷങ്ങൾ ജീവിച്ചുതീർക്കേണ്ടിവന്ന ഒരു സ്ത്രീയുടെ, അതുമല്ലെങ്കിൽ അനേകം പോന്ന പെണ്ണുങ്ങളുടെ അനുഭവമെഴുത്താണ് ആർ. രാജശ്രീയുടെ ‘നിന്റെ കഥ’!

Tags:    
News Summary - literature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.