സംഗീതത്തിനുവേണ്ടി ജീവിതം ധൂര്‍ത്തടിച്ച ഒരു പ്രതിഭയുടെ സർഗാത്മക ജീവിതം രേഖപ്പെടുത്തിയ വ്യത്യസ്തമായ പുസ്തകം എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഡോ. ടി.പി. മെഹ്റൂഫ് രാജ് എഴുതിയ ‘ബാബുക്ക: സംഗീതം ജീവിതം’. 1950കളുടെ അവസാനം മുതൽ രണ്ടു പതിറ്റാണ്ടുകാലം മലയാള ചലച്ചിത്രസംഗീത ലോകത്ത് തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയും പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും പുതുതലമുറയുടെപോലും ഹൃദയം കവരുകയും ചെയ്ത മുഹമ്മദ് സബീർ ബാബുരാജ് എന്ന എം.എസ്. ബാബുരാജിന്റെ സംഗീതത്തെയും സംഗീതയാത്രയുടെ ഭാഗമായുണ്ടായ സംഭവങ്ങളെയുമാണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.
ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്, ദേവരാജന്‍, എം.കെ. അർജുനന് തുടങ്ങിയ പ്രശസ്തരും ഇതിഹാസതുല്യരുമായ സംഗീത സംവിധായകർ മലയാള സിനിമയിൽ അരങ്ങുവാണിരുന്ന കാലത്താണ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത ബാബുരാജ് എന്ന ബാബുക്ക അവിടേക്കെത്തുന്നതും മെലഡിയുടെ ഒരു മാന്ത്രികലോകംതന്നെ സൃഷ്ടിച്ച് ആസ്വാദകരുടെ ഹൃദയം കവരുന്നതും.
തെരുവുഗായകനിൽനിന്ന് കോടമ്പാക്കത്തെ റെക്കോഡിങ് സ്റ്റുഡിയോ വരെയുള്ള യാത്രയുടെ അറിഞ്ഞതും അറിയാത്തതുമായ ചരിത്രനിമിഷങ്ങളാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പുള്ള ഒരു സംഭവം. കോഴിക്കോട്ടെ നാടകവേദികളിൽ അറിയപ്പെടുന്ന സംവിധായകനായ സുന്ദരന്‍ കല്ലായിയുടെ ഒരു നാടകം നഗരത്തിൽ അരങ്ങേറാന്‍ പോകുകയാണ്. പെട്ടെന്ന് ബാബുക്ക എവിടെനിന്നോ അവിടേക്ക് വന്നെത്തുന്നു. ബാബുക്കയെ കണ്ട സംവിധായകന് മനസ്സുതെളിഞ്ഞു. അദ്ദേഹം പറഞ്ഞു: ‘ഈ അരങ്ങേറ്റം ബാബുക്ക ഉദ്ഘാടനം ചെയ്യണം. പുറമെ അവതരണഗാനം പാടുകയും വേണം’
‘പക്ഷേ, അതിന് പാട്ടെനിക്കറിയില്ലല്ലോ..! വരികൾ കണ്ടിട്ടില്ലല്ലോ’ എന്നായി ബാബുക്ക.
‘ഇതാ വരികള്‍’...സംവിധായകന് വെച്ച് നീട്ടുന്നു..! ബാബുക്ക വരികളിലേക്ക് ഒന്നു കണ്ണോടിക്കുന്നു. സമയമായപ്പോൾ കടലാസ് ഹാര്‍മോണിയത്തിന്റെ മുകളില്‍ വെക്കുന്നു. പിന്നെ ഉള്ളവും വിരലുകളും ഹാര്‍മോണിയവും കൂടിച്ചേർന്ന് കടഞ്ഞെടുത്ത മനംമയക്കുന്ന ഈണം ആ കണ്ഠത്തിലൂടെ പ്രവഹിക്കുന്നു. നാടകത്തിന്റെ അണിയറ പ്രവർത്തകരും സദസ്യരും ഒരുപോലെ അത്ഭുതപ്പെട്ടുപോയ ചില നിമിഷങ്ങളായിരുന്നു അത്. ബാബുക്കയുടെ ചെറുപ്പകാലത്തുണ്ടായ പട്ടിണിയും ദാരിദ്ര്യവും അലച്ചിലുമെല്ലാം ആ പ്രതിഭയുടെയുള്ളിലെ സംഗീതത്തെ ഊതിക്കാച്ചിയെടുത്തു എന്നുവേണം പറയാൻ. ശാസ്ത്രീയമായ സംഗീത പഠനത്തിലൂടെയും വർഷങ്ങൾ നീണ്ട പരിശീലനങ്ങളിലൂടെയും പ്രശസ്തരായി മാറിയ മറ്റു പലരും സൃഷ്ടിച്ചതിനേക്കാൾ എത്രയോ മനോഹരമായാണ് ഈ കലാകാരൻ സ്വന്തമായി സ്വായത്തമാക്കിയ പ്രായോഗിക അറിവുകള്കൊണ്ട് തന്റെ തനതായ ശൈലിയിലുള്ള ഈണങ്ങൾ സൃഷ്ടിച്ചത്. തൊട്ടതെല്ലാം പൊന്നാക്കിയ ഒട്ടുമിക്ക സൃഷ്ടികളും ജനപ്രിയമായി എന്നുമാത്രമല്ല, വർഷങ്ങൾ കഴിഞ്ഞിട്ടും സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ അവ മായാതെ നിൽക്കുകയും ചെയ്തു.
‘തലശ്ശേരിയില്‍ ഒരു നവരാത്രിയില്‍ ജഗന്നാഥ ടെമ്പിളിന്റെ പരിസരത്തുവെച്ച് ബാബുക്ക ‘സപ്തസ്വര സുധാ സാഗരമേ...’ എന്ന ഗംഭീരഗാനം, അദ്ദേഹം തന്നെ ഹാര്‍മോണിയം വായിച്ചു പാടുന്നതു കേട്ടത്രയും ആനന്ദം സാക്ഷാല്‍ ഗസൽ രാജാവ് ഗുലാം അലി ‘ചുപ് കേ ചുപ് കേ’ സ്വയം ഹാർമോണിയം വായിച്ചു പാടുന്നതുകേട്ടപ്പോൾപോലും കിട്ടിയില്ല...’ എന്നാണ് പുസ്തകത്തിന്റെ അവതാരികയിൽ കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഓർമിക്കുന്നത്.
സിനിമയിൽ സജീവമാവുന്നതിനുമുമ്പ് കോഴിക്കോട് കുറ്റിച്ചിറയിലും പരിസരത്തുമുള്ള ക്ലബുകളിലും കല്യാണ പരിപാടികളിലും അരങ്ങേറിയിരുന്ന മെഹഫിലുകളില്‍ ബാബുക്ക രാവേറെയാകുവോളം ഭജനുകളും ഗസലുകളും സിനിമാഗാനങ്ങളും ആലപിച്ചിരുന്നതിന്റെ വർണന മനോഹരമായാണ് എഴുത്തുകാരൻ പുസ്തകത്തിൽ വരച്ചുവെച്ചിരിക്കുന്നത്.
അതിസാധാരണക്കാരുടെ ഇടയില്‍ ജനിച്ചുവളര്‍ന്ന് ജീവിതയാഥാർഥ്യങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും മുന്നേറിയ ബാബുക്ക ആസ്വാദകർക്കായി പകർന്നുനൽകിയത് സംഗീതത്തിലെ ഹൃദയഭാഷയായിരുന്നു. അദ്ദേഹം സംഗീതം മസ്തിഷ്കംകൊണ്ട് സ്വാംശീകരിക്കുകയും ഹൃദയംകൊണ്ട് ആവിഷ്കരിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടർന്നതെന്ന് നിരീക്ഷിക്കുക മാത്രമല്ല, ആ നിരീക്ഷണങ്ങൾ എന്തുമാത്രം സത്യവുമായി ചേർന്നുനിൽക്കുന്നു എന്ന് തെളിയിക്കുകയും ചെയ്ത നിരവധി സംഗീതസംബന്ധിയായ അനുഭവങ്ങൾ ഈ പുസ്തകത്തിലുടനീളം കാണാം. ബാബുക്കയുടെ പാട്ടുകളിലൂടെ മലയാളികൾ ഏറ്റുപാടിയ മെലഡികളെക്കുറിച്ചും ഇശലുകൾ, താരാട്ടുപാട്ടുകൾ, ഭക്തിഗാനങ്ങൾ, പാശ്ചാത്യ ശൈലിയിലുള്ള ഗാനങ്ങൾ എന്നിവയെക്കുറിച്ചുമൊക്കെ വിശദമായും ആധികാരിതയോടെയും ഈ പുസ്തകത്തിൽ വായിക്കാം.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.