സന്ദർശനം

അവന്‍റെ കൂടാരത്തിന്‍റെ ആദ്യകാഴ്ചയിൽത്തന്നെ

നിശബ്ദതയുടെ കയറുകളാൽ

എന്നെ ബന്ധിച്ചിട്ട എന്‍റെ ശരീരം.

അവന്‍റെ രൂപം കണ്ടപ്പോൾ

കെട്ടുപോയ എന്‍റെ ബീഡി

അവൻ ഒരുരുള എനിക്കു വെച്ചുനീട്ടിയപ്പോൾതന്നെ

ഏമ്പക്കം വിട്ട എന്‍റെ വയറ്.

അവന്‍റെ കണ്ണുകളോടിടയാതെ

അലസമെന്ന വ്യാജേന

തുടർച്ചയായി നോട്ടം തെറ്റിച്ച

എന്‍റെ കണ്ണുകൾ.

പുളിച്ചുതികട്ടലുകൾ പുറത്തേക്കു വരാതെ പ്രതിരോധം തീർത്ത

എന്‍റെ നാവ്.

ചേർത്തുപിടിക്കുമ്പോൾ വേദനിക്കാതിരിക്കാൻ

കൈകളിലേക്കുളള രക്തയോട്ടം പതുക്കെയാക്കിയ എന്‍റെ ഹൃദയം.

നിശബ്ദതയുടെ ചതുപ്പുകളിലേക്കാണ്ടു പോകാതെ എന്നെക്കാത്ത

എന്‍റെ കാലുകൾ.

'നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം..' എന്നു തുടങ്ങുന്ന നോവൽ വാക്യത്താൽ

വർത്തമാനകാലത്തിന്‍റെ

ഇരുൾക്കിണറിലേക്കെന്നെ തള്ളിയിട്ട എന്‍റെ ഓർമ്മ. 

Tags:    
News Summary - sandarshanam poem by suresh narayanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT