കവിതാമോഷണ വിവാദം വീണ്ടും, പു.ക.സ നേതാവ് അജിത്രി ബാബുവിനെതിരെ പരാതി

കോട്ടയം: കവിതാമോഷണ വിവാദം വീണ്ടും പുകയുന്നു. കവിയും അധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്‍റെ കവിത പുരോഗമനകലാസാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്‍റ് അജിത്രി ബാബുവിന്‍റെ പേരിൽ സർക്കാർ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിൽ വന്നുവെന്നാണ് പരാതി. രണ്ട് മാസങ്ങൾക്ക് മുൻപ് അജിത്രി ബാബു ഉൾപ്പെടുന്ന വാട്സ് ആപ് ഗ്രൂപ്പിൽ ഇട്ട റോസ എന്ന കവിത മോഷ്ടിച്ച് സർക്കാർ പ്രസിദ്ധീകരണത്തിന് അയച്ചുകൊടുത്തുവെന്ന് കാണിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് സംഗീത് രവീന്ദ്രൻ പരാതി നൽകി.

ഡോ.സംഗീത് രവീന്ദ്രന്റെ പേരിൽ പ്രസിദ്ധീകരിച്ച ഉറുമ്പുപാലം എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിതയാണ് വിവാദമായിരിക്കുന്നത്. കോഴിക്കോട് വേദ ബുക്സ് ആണ് പുസ്തകത്തിന്‍റെ പ്രസാധകർ. കവിതയുടെ ഏതാനും വരികൾ വിദ്യാരംഗം മാസികയുടെ നവംബർ ലക്കത്തിൽ അജിത്രി ബാബു എഴുതിയ തുലാത്തുമ്പിയെന്ന കവിതയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സംഗീത് രവീന്ദ്രന്‍റെ ആരോപണം. വിദ്യാരംഗം മാസിയിലൂടെ തന്നെ പിഴവ് തിരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയിൽ സംഗീത് ആവശ്യപ്പെടുന്നു.

'അജിത്രി എന്ന അധ്യാപിക ഉൾപ്പെടുന്ന കവനം എന്ന വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു ഞാൻ. ഗ്രൂപ്പിൽ എന്‍റെ കവിതകൾ പങ്കുവെക്കുമ്പോൾ അജിത്രി ടീച്ചറും എന്‍റെ സ്കൂളിലെ പല അധ്യാപകരും അതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. എന്‍റെ റോസ എന്ന പത്തുവരിയുളള കവിതയിലെ ഏഴുവരി അവരുടെ തുലാത്തുമ്പി എന്ന കവിതയിൽ ഉൾച്ചേർത്തത് എനിക്ക് വലിയ അപമാനമുണ്ടാക്കിയ സംഭവമാണ്.' സംഗീത് പരാതിയിൽ പറയുന്നു.

എന്നാൽ വിവാദം അനാവശ്യമാണെന്നും സംഗീതുമായി ഒന്നിച്ചെഴുതിയ കവിതകളാണ് സമാഹാരത്തിലുളളതെന്നും അജിത്രി ബാബു പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരേ വരുന്ന അപകീർത്തികമായ പ്രതികരണങ്ങൾക്കെതിരേ അജിത്രി ബാബു കോട്ടക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.