കഴിഞ്ഞൊരു വ്യാഴവട്ടക്കാലത്തിനിടക്ക് ഇന്നലെയാണ് ആൻസിലയും പാട്രിക്കും ചിരിച്ചത്! കരയാനെന്നപോലെ ചിരിക്കാനും ചിന്തിക്കാനും കാണും ചില കാരണങ്ങൾ.
ഇടനേരങ്ങളിലെ അട്ടഹാസം കണക്കെയുള്ള ഏതോ വികൃതഭാഷയിലുള്ള നിലവിളികൾ, ചൊല്ലിപ്പറച്ചിലുകൾ... എല്ലാം തികച്ചും അവ്യക്തം. അവരങ്ങനെയാണ്, അടുത്തിടപഴകിയവർക്കറിയാം അവർ അങ്ങനെയാണെന്ന്.
****
‘‘ഇന്നലെ ഒരു പോള കണ്ണടക്കാനായില്ല. ഇങ്ങനേംണ്ടൊരു ഒച്ചേം വിളിയും?’’ നിഷ അപ്പുറമതിലിലെ അനുവിനോട് അടക്കമെന്ന മട്ടിൽ ഉറക്കെ പറയുന്നു.
‘‘ചില ദിവസം കൂടുതലാണെന്ന് തോന്നുന്നു.’’ അനുവിന്റെ മറുപടിയിലും അരിശമൊതുക്കലുള്ളതായി തോന്നി.
‘‘എന്നാ ഇവറ്റകൾക്കാ ജനലെങ്കിലുമൊന്നടച്ചൂടെ? ശബ്ദം ഇങ്ങോട്ടെടുക്കൂലല്ലോ’’
‘‘ഇന്നലെ നോക്കണേ, കറന്റും പോയില്ലേ..! ചെലപ്പോ ചൂടും പൊകേം എടുത്തുകാണുമതിന്...’’
‘‘ഇങ്ങനൊള്ളോരെ നോക്കാനായിട്ടുള്ള സ്ഥലങ്ങളൊക്കെയുണ്ടെന്നേ... കൊണ്ടുവിടത്തില്ല ആ പെമ്പ്രോന്നത്തി... കെട്ടിപ്പിടിച്ചോണ്ടിരിക്കുവല്ലേയതിനെ രണ്ടാളും...’’
‘‘ഇടയ്ക്ക് ചെറുതായി ഉപദ്രവിക്കൂന്ന്...’’
‘‘ആണോ...’’
‘‘തള്ളേടെ കരച്ചിലും കൂടി കേൾക്കാം ചെല നേരത്ത്. ചോദിച്ചപ്പോ പറയാ, ദേഷ്യം കൂടിയാൽ കടിക്കുമെന്ന്... സ്വന്തം മോളായാലും കടിച്ചാ വേദനിക്കാതിരിക്ക്വോ?’’
‘‘എന്തായാലും മറ്റുള്ളോരുടെ സ്വൈര്യം കൂടി പോവ്വല്ലേ... ആ, ആരോട് പറയാനാണിതൊക്കെ. ഒഴിഞ്ഞുപോണ ലക്ഷണമൊന്നും കാണാനില്ല. ല്ലേ അനു..?’’
***
കുട്ടികൾക്ക് ഇതുമതിയെന്ന ഏകാധിപത്യവും, കാലം കഴിഞ്ഞതുമായ ചിന്ത മാറ്റി നിർത്തി, കുട്ടികൾ നമ്മെക്കാൾ മുതിർന്ന ഭാവനാശേഷിയുള്ള ആളാണെന്ന് മനസ്സിലാക്കിയാണ് ആൻസില ബാലസാഹിത്യകൃതി രചിക്കാൻ തുടങ്ങിയത്. അതും അമേയ ഉറങ്ങും നേരങ്ങളിൽ മാത്രം. എന്തെങ്കിലുമായി മനുഷ്യൻ ഇഴചേർന്നില്ലെങ്കിൽ വലിയ കുഴപ്പമാവും. ഒരു ബി.എഡുകാരിക്ക് ഇങ്ങനെയെങ്കിലും നാലുവരി കുത്തിക്കുറിക്കാനായാൽ അതും നല്ലതല്ലേ? ഒരാശ്വാസത്തിനെങ്കിലും.
അടുത്ത കുഞ്ഞിനെ പറ്റിയല്ല, അവൾ ചിന്തിച്ചത്; അമേയയെ കുറിച്ചു മാത്രമാണ്. കാരണം, അമേയ എന്ന പത്തുവയസ്സുകാരി പക്ഷിക്ക് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു. അവൾടെ ആകാശവും മരച്ചില്ലകളുമായിരുന്നു. അതിനുവേണ്ടി മാത്രമായാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് മറ്റാരെയും ബോധിപ്പിക്കാൻ, സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തതിനാൽ മറ്റുള്ളവരുടെ കടുംവാക്കുകൾ കേൾക്കാനവളിപ്പോൾ നിൽക്കാറുമില്ല. പക്ഷേ, എന്നിട്ടും അവളാ പതംഗം പറച്ചിൽ കേട്ടു. കാരണം, കേൾക്കാൻ വേണ്ടി കൂടിയായിരുന്നല്ലോ അവളുമാർ തമ്മിൽ തമ്മിൽ കുത്തിക്കുത്തി പറഞ്ഞോണ്ടിരുന്നതും. എന്നിരുന്നാലും, പലയിടത്തു നിന്നും പലതവണ കേട്ടതായതിനാൽ സങ്കടം തോന്നിയില്ല, പുതുമയും.
കുടുംബത്തിലെ മറ്റുള്ളവരുടെ ബുദ്ധിമുട്ട് പറച്ചിലും, തഴയലും, ചുണ്ടു കോട്ടലുംകൊണ്ട് വരിഞ്ഞുകീറിയ മനസ്സുമായാണ് ആദ്യം തരാൻ മടിച്ച, ഓഹരി വാങ്ങി വിറ്റ്, നാടു തന്നെ മാറിയത്. ചികിത്സക്കായി വിൽക്കലും മാറലും പിന്നെ പതിവായി. മാറി മാറിയിത് അഞ്ചാമത്തെ വീടാണെന്നുള്ളത് അവൾക്ക് മാത്രമറിയാവുന്നതുകൊണ്ട് ആൻസിലയത് കാര്യമാക്കിയതുമില്ല. നിത്യരോഗിയും മരുന്നും മാത്രം മതിയല്ലോ ഒരാൾക്ക് എല്ലാം നഷ്ടമാവാൻ..! എന്നിട്ടും അവളാരോടും പരാതി പറഞ്ഞതായി കേട്ടില്ല, ദൈവത്തോടൊഴിച്ച്. ഇവിടെ വന്നിട്ട്, രണ്ടേ രണ്ടു ദിവസമേ അയൽക്കാർ കാണാനും മിണ്ടാനും വന്നുള്ളൂ. അകലാനാഗ്രഹിക്കുന്നവരോട് എത്ര അടുത്തിട്ടും കാര്യമില്ലെന്ന കണവൻ പാട്രിക്കിന്റെ വാക്കുകളിൽ അവളും തൃപ്തയായി.
അവഗണന എവിടെയാണില്ലാത്തത്..? സ്വന്തം വീട്ടിലും കുടുംബത്തിലുമല്ലേ നന്നായിട്ടുള്ളതും! പാട്രിക് പലതും ഓർത്തു.
എന്തോരം വെള്ളം തിരിച്ചു. എത്ര തവണ ഭൂമിയെ നനച്ചു, കുളിപ്പിച്ചു, പുഷ്പിച്ചു. വാടാതെ തളരാതെ കാത്തു. പുൽക്കൊടി മുതൽ പുഷ്പവാടി വരെ ദാഹം തീർത്തു ചിരിച്ചു. നാട്ടുകാരിൽ പലരും പറഞ്ഞു, ‘‘പാട്രിക് സാറേ... നിങ്ങൾ വന്നതിന് ശേഷമാ പമ്പ് ഹൗസുണ്ടെന്ന് ഞങ്ങളറിഞ്ഞത് തന്നെ.’’ ഒരു പമ്പ് ഹൗസ് ജീവനക്കാരനായതിലന്നേരം പാട്രിക്കിന് അഭിമാനം തോന്നി. പക്ഷേ, ഉള്ളു നീറുന്നവരുടെ ഏത് അഭിമാനവും, ഒരു ചിരിയിലായൊതുങ്ങിയമരുക പതിവാണ്.
നന്മകൾ മാത്രം നൽകിയിട്ടും എനിക്ക് തിരിച്ചുകിട്ടിയതോ, കൊടും ശാപം മാത്രമായല്ലോ..! അറിഞ്ഞുകൊണ്ടൊരു ഉറുമ്പിനെപ്പോലും കൊന്നതായി ഓർമയില്ലെന്ന് പറയുന്ന ആൻസിലയുടെ കനം തൂങ്ങിയ മുഖംകൂടി പാട്രിക് ആ നേരം ഓർത്തുപോയി. ഓർക്കാതെ തരമില്ല, വിഷമതയിൽ നാമെല്ലായിടത്തേക്കും തിരിഞ്ഞു നോക്കുമല്ലോ!
***
കഴിഞ്ഞ ജന്മത്തിലെ പാപമാണെന്ന് ഒരു കൂട്ടം. മാതാപിതാക്കളുടെ തെറ്റുകൾ കാരണമെന്ന് മറ്റൊരു കൂട്ടം. പക്ഷേ, ഒന്നുറപ്പാണ്, ഇതൊന്നുമല്ല ഓട്ടിസമുണ്ടാവുന്നതിനുള്ള കാരണമെന്ന് ഞാൻ വിശ്വസിച്ചത്, ഡോക്ടർ ഫിലിപ്പ് മാത്യുവിനെ കണ്ടപ്പോഴാണ്.
‘‘യഥാർഥ ലോകത്തുനിന്ന് പിൻവാങ്ങി ആന്തരിക സ്വപ്നലോകത്ത് വിഹരിക്കുന്ന ഒരു അവസ്ഥയാണ് ഓട്ടിസം.’’ ആൻസിലയും പാട്രിക്കും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കിയ ജീവിതത്തിലെ ആദ്യ നിമിഷമായത് മാറി.
‘‘ഇതൊരു രോഗമല്ല; പകർച്ചവ്യാധിയുമല്ല. തലച്ചോറിന്റെ ഒരു പ്രത്യേക അവസ്ഥ മാത്രമാണ്.’’
***
ലേബർ റൂമിന്റെ ക്ലോറോഫോംമണമടിക്കുന്നതിന്റെ തലേ ദിവസം വീർത്ത വയറ്റിലെ ഇളക്കം കാതമർത്തി കേൾപ്പിച്ചു കൊടുത്തുകൊണ്ടവൾ പറഞ്ഞു. ‘‘വലിയ വിപ്ലവകാരിയാണെന്ന് തോന്നുന്നു. ചവിട്ടും കുത്തും കുറച്ചുകൂടുതലാ...’’
‘‘നോ നോ, ഇറ്റ്സ് മൈ ടാഗോർ... മഹാകവിയാകാനുള്ളവൻ.’’ പാട്രിക് തിരുത്തി.
‘‘കവി? വല്ല കളിക്കാരനെങ്കിലുമാവാൻ പ്രാർഥിക്ക് മനുഷ്യാ.’’
‘‘കളിക്കാരൻ... ഞാനൊരു പഴയ പന്തുകളിക്കാരനാണെന്നതൊക്കെ ശരി തന്നെ. എടീ നിനക്കറിയോ, പെലെയുടെ മകനൊരു നല്ല ഗോളിപോലും ആയിട്ടില്ല.’’
ചിരികൾ വീണുകിലുങ്ങി.
പ്രണയിച്ച് കൂടെ കൂട്ടിയന്നു മുതൽ കാണുന്നതാണവനീ പൂത്തിരിപോലെത്തെ പുഞ്ചിരികൾ.
‘‘ആരായിരുന്നാലും സ്നേഹം മാത്രം വിളമ്പാനറിയുന്ന മനുഷ്യനായി വളർത്തണം.’’ അവൾ ആഗ്രഹങ്ങളെടുത്ത് കുടഞ്ഞിട്ടു.
‘‘നമ്മൾ പ്രണയിച്ചപോലെ സ്നേഹം കൊണ്ടു വീർപ്പുമുട്ടിക്കാനും, അല്ലേ?’’ അവൻ, അവർ നീന്തിയ പ്രണയത്തിൻ ആഴം പറഞ്ഞു.
‘‘മനുഷ്യർ എന്തെല്ലാം കൊതിക്കുന്നു, അല്ലേ?’’
‘‘കൊതി ഒരു തെറ്റല്ലല്ലോ ആൻസില!’’
ചിരികൾ...
ഇന്ന് കൊതിയറിയാതെ അമേയയും, കൊതിയൊന്നുമില്ലാതെ ആൻസിലയും, കൊതിക്കാൻപോലും നേരമില്ലാതെ പാട്രിക്കും പാടുപെടുന്നു. സത്യത്തിൽ, നമുക്കൊന്ന് പ്രകടിപ്പിക്കാനെങ്കിലും കഴിഞ്ഞില്ലെങ്കിൽ, മരണതുല്യമാണ് ജീവിതം. ദാഹിക്കുന്നുവെന്നോ, വിശക്കുന്നുവെന്നോപോലും പറയാൻ കഴിയാത്ത ഈ മക്കളെയോർത്താവില്ലേ പല മാതാപിതാക്കളും ഇന്നും വ്യസനിക്കുന്നുണ്ടാവുക.! മക്കളെയോർത്ത് ഒരിക്കലെങ്കിലും വിഷമിക്കാത്ത ഏതമ്മയാണുള്ളത്?!
ഉറപ്പായും, എന്നതിന്റെ തെളിവായിരുന്നു, തന്റെ അധ്യാപിക ജോലി ആൻസില ആദ്യം ഉപേക്ഷിച്ചത്. മക്കൾക്കായി അമ്മമാർ ത്യജിച്ചത്രയൊന്നും ഒരച്ഛനും ത്യജിച്ചുകാണില്ല എന്നു പറയാനാവുമോ...? പാട്രിക് ഉപേക്ഷിച്ചവയുടെ ലിസ്റ്റുകൾ തപ്പിയാൽ തളരും. ആൻസിലയും പാട്രിക്കും ഒരുമിച്ചൊരിടത്ത് പോയിട്ട് കൊല്ലം പത്തായി.
മൂവരും ചേർന്നിറങ്ങുന്നത് ഡോക്ടർക്കടുത്തേക്ക്...! വിധി, തന്നെ വെല്ലാനാരുമില്ലെന്ന് വീമ്പുപറയുന്ന ചില നിമിഷങ്ങളാണിവ.
‘‘ആൽബർട്ട് ഐൻസ്റ്റീൻ, ചാൾസ് ഡാർവിൻ, ലിയാനാർഡോ ഡാവിഞ്ചി, തോമസ് എഡിസൺ, ബിൽഗേറ്റ്സ്, സ്റ്റീവ് ജോബ്സ്, എലോൺ മസ്ക്, ഹോപ്കിൻസ്, നിക്കോള ടെസ്ല ഈ പേരുകളൊക്കെ നിങ്ങൾ കേട്ടിരിക്കും. ആ നിര തീർന്നിട്ടില്ല, റോവൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ അതായത് മിസ്റ്റർ ബീൻ എന്നുപറഞ്ഞാൽ കുറച്ചുകൂടി വ്യക്തമാവും. പിന്നെ, സ്റ്റീഫൻ സ്പിൽബർഗ് തുടങ്ങിയങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണാ പട്ടിക. ഓട്ടിസമുണ്ടായിട്ടും ഇവരെല്ലാം അവിശ്വസനീയമാം വിധം വിജയിച്ചു. കാരണം, അവർക്ക് ലോകത്തെ വളരെ വ്യത്യസ്തമായ രീതിയിലൂടെ കാണാൻ കഴിഞ്ഞു.’’
സെമിനാറിലെ പ്രഭാഷകന്റെ വാക്കുകൾ പ്രതീക്ഷയുടെ പിച്ചകമല്ലേ നട്ടത്..! അപ്പോൾ പിന്നെ ആൻസിലയും പാട്രിക്കും പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ..?
ഇല്ല. പക്ഷേ, ഇതിനിടയിലാണ് ആ കുടുംബം ആത്മഹത്യ ചെയ്തത്..! ഇത്ര കാലം കാണാത്ത എന്ത് വേദനയാണവരെ കാർന്നു കഴിക്കാൻ വന്നത്..? ഇന്നലെ മോൾ എപ്പോഴോ ഒരു ഈളിയ ശബ്ദത്തിൽ ‘അമ്മേ...’ എന്നു വിളിച്ചുവെന്ന്..!
സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ടാണവർ ക്രിസ്തുമസെത്തിയിട്ടും തലേദിവസം ആത്മഹത്യ ചെയ്തതത്രെ! ഓണവും ഈസ്റ്ററും പിറന്നാളുമൊന്നുമല്ല അവരുടെ കാത്തിരിപ്പും ആഗ്രഹവും. അതെ, ചിലരങ്ങനെയാണ്, ചിലതിനായ് മാത്രം കാത്തിരിക്കുന്നവർ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.