മനുഷ്യ മനസ്സിന്‍റെ സഞ്ചാരം അഥവാ ‘രൗദ്രസാത്വികം’

‘‘നിഷ്ഠൂരത്വത്തിൻ മടിത്തട്ടിലായ് പനീർപ്പൂവിൻ

പുഞ്ചിരിക്കൊക്കുന്നതാം കുഞ്ഞിനെക്കൂടി കണ്ടു!

എറിയാൻ കൈപൊങ്ങുന്നതെങ്ങനെ, തീജ്വാലയാ-

ലിളതാം പൂവിൻ മുഖമെരിക്കാൻ നമുക്കാമോ?’’

(രൗദ്രസാത്വികം- പ്രഭാവർമ)

ഈ വരികൾ കവിയും യുവ വിപ്ലവകാരിയുമായ കാലിയേവിന്റെ മാനസികാവസ്ഥ വ്യക്തമാക്കുന്നു. ആൽബേർട്ട് കാമുവിെന്‍റ നാടകത്തിലെ ഒരു കഥാപാത്രമായ കാലിയേവിനെ ആ സവിശേഷ മുഹൂർത്തത്തിൽ കാമുവിന്റെനാടക സങ്കൽപത്തിൽനിന്നും ഇറക്കി കൊണ്ടുവന്ന് സർഗാത്മകമായ സത്യാന്വേഷണ പഥത്തിലൂടെ നടത്തിക്കുകയാണ് പ്രഭാവർമ. ഇപ്പോഴിതാ മലയാളത്തിലേക്ക് രാജ്യത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹിത്യ അംഗീകാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍ പുരസ്കാരം ഒരിക്കൽ കൂടി കടന്നുവരാൻ ഇടയാക്കിയിരിക്കുകയാണ് ഈ കാവ്യസമാഹാരം.

‘‘റഷ്യയിൽ സാർ ചക്രവർത്തിയുടെ നിഷ്ഠുര ഭരണത്തിൻ കീഴിൽ ഞെരിഞ്ഞമർന്ന ജനങ്ങൾ രക്തരൂഷിത വിപ്ലവത്തിലൂടെയല്ലാതെ മോചനം സാധ്യമല്ലെന്ന് തിരിച്ചറിയുന്നു. വിപ്ലവ സംഘടനയിലെ അംഗമായി തീർന്ന കാലിയേവ്, മോട്ടോർ വാഹന പരമ്പരയുടെ അകമ്പടിയോടെ എത്തുന്ന സാറിനെ ബോംബെറിഞ്ഞു കൊല്ലാൻ നിയുക്തനാകുന്നു. നിശ്ചയദാർഢ്യത്തോടെ കൈയിൽ ബോംബുമായി മുൾപ്പടർപ്പിൽ ഒളിച്ചിരിക്കുന്നു.

വാഹനവ്യൂഹം ഇരമ്പിയെത്തുന്നു. കൃത്യമായി ബോംബെറിയാൻ കൈപൊങ്ങുകയും ചെയ്തു. പ​േക്ഷ, എറിയാൻ കഴിഞ്ഞില്ല. മൂർഖനായ സാറിന്‍റെ കൈയിൽ ഒരു ഇളം പൈതൽ പുഞ്ചിരിയോടെ ഇരിക്കുന്നതുകണ്ട അയാളുടെ കൈ ചലിക്കാതെയായി. മൂർഖനോടൊപ്പം ആ ഇളം കുഞ്ഞിന്റെ പൂവുടൽ ചിന്നിച്ചിതറുന്നത് മനസ്സിൽ തെളിഞ്ഞപ്പോൾ കനൽപ്പോരാളിയുടെ കൈതാണുപോയി’’ –ഈ സമാഹാരത്തിന്‍റെ ആമുഖത്തിൽ ഡോ. എം. ലീലാവതി കവിതയുടെ ഹൃദയഭാഗം പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. ശരിക്കും ഇവിടെയാണ് കാലിയേവ് ഒരേസമയം രൗദ്രവും സാത്വികവുമായ ഭാവം കൈവരിക്കുന്നത്.

ഒക്ടോബര്‍ വിപ്ലവ വിജയത്തിനു മുമ്പുള്ള ഘട്ടത്തിലുണ്ടായ ചരിത്ര സംഭവമാണ് ആൽബര്‍ട്ട് കാമു നാടകമാക്കിയത്. അത്, കവിയുടെ ഭാവനാസഞ്ചാരത്തില്‍, കാലിയേവിനെ ചരിത്രത്തില്‍നിന്നും നാടകത്തില്‍നിന്നും അടര്‍ത്തിയെടുത്ത് തന്റേതു മാത്രമാക്കി. സ്വത്വാന്വേഷണംപോലെയാണിത്. കാലിയേവ് പൗരോഹിത്യ പശ്ചാത്തലത്തില്‍നിന്നു വന്നയാളാണ്. യുവ വിപ്ലവകാരിയും കവിയുമാണ്. ഈയാളില്‍ എവിടെയൊക്കെയോ തന്നെത്തന്നെ കണ്ടെത്താൻ പ്രഭാവർമക്ക് കഴിയുന്നു. ഈ ചരിത്ര സന്ദർഭത്തെ മനസ്സിൽ പേറുന്നവർക്ക് ഈ കവിത എളുപ്പം വഴങ്ങും. കാരണം, പിന്നീടുള്ളതെല്ലാം മനുഷ്യ മനസ്സിന്‍റെ സഞ്ചാരങ്ങളാണ്.

മലയാള ഭാഷക്ക് നന്ദി...

നഷ്ടപ്പെടുത്തിക്കൂടാത്ത പലതും നഷ്ടപ്പെടാനിടയുണ്ടെന്നു കരുതുന്ന ഒരു ജനത ഇഞ്ചോടിഞ്ചു പൊരുതിനില്‍ക്കുമെന്ന് പ്രഭാവർമ പറയുന്നു. ആ പോരാട്ടവീറിന് ഊര്‍ജം പകരുന്ന പലതിലൊന്ന് ഭാഷയും സാഹിത്യവുമാണ്. ഇവ രണ്ടിലും ഉള്ള അഭിമാനമാണ് ഈ പശ്ചാത്തലത്തില്‍ നിറയുന്നത്. ഈ പുരസ്കാരം മലയാള ഭാഷക്കും സാഹിത്യത്തിനും മുന്നില്‍ സമര്‍പ്പിക്കുകയാണെന്ന് കവി പറയുന്നു.

1991ൽ ഹരിവംശറായ് ബച്ചനെപ്പോലെയുള്ള ഒരു ശ്രേഷ്ഠ സാഹിത്യകാരനിൽ തുടങ്ങിയ പുരസ്കാരത്തിന് അർഹരായ പ്രഗല്ഭരുടെ നിരയിലെ എളിയ കണ്ണിയാവാൻ സാധിച്ചത് ഏറെ ചാരിതാർഥ്യം നൽകുന്നതാണ്. കാവ്യരചനാ സഞ്ചാരത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഘട്ടത്തിലാണ് ദേശീയതലത്തിൽ ഉന്നതമായ ഈ പുരസ്കാരം ലഭിക്കുന്നതെന്നത് സന്തോഷത്തിന്റെ പൊലിമ കൂട്ടുന്നുവെന്ന് പ്രഭാവർമ.

Tags:    
News Summary - literature- Prabha Varma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT