2026ലേക്ക് കടക്കാനിരിക്കെ ജാതിമേൽക്കോയ്മയെ അസ്വസ്ഥമാക്കുന്ന 2025ലെ എനിക്കിഷ്ടമായ പുസ്തകങ്ങളിൽനിന്ന് അഞ്ച് പുസ്തകങ്ങളെ ഒന്ന് തൊട്ടുപോകാൻ മാത്രം. ആര് തോറ്റാലും ജയിച്ചാലും മനുഷ്യത്വം തോൽക്കാൻ പാടില്ലെന്ന് തലയുയർത്തി പ്രഖ്യാപിക്കുന്ന പുസ്തകങ്ങൾ
മുമ്പും ഫാഷിസ്റ്റുകൾ വിജയിക്കുന്ന ചില സ്ഥലങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. അന്നൊക്കെ അതിനെ പ്രതിരോധിച്ചത് ആരുടെയും പ്രത്യേക ആഹ്വാനമില്ലാതെതന്നെ പ്രബുദ്ധരായ പൗരസമൂഹമാണ്. അന്നവർ പാർട്ടി പരിഗണനകൾപോലും മാറ്റിവെച്ച് വിജയിക്കാൻ സാധ്യതയുള്ള ഫാഷിസ്റ്റുകൾ അല്ലാത്തവർക്ക് വോട്ട് ചെയ്തു. അത്ര ഇഷ്ടമുണ്ടായിട്ടൊന്നുമല്ല, എന്നാലും, ഇതല്ലാതെ ഫാഷിസത്തെ തോൽപിക്കാൻ മറ്റൊരു മാർഗവുമില്ലാത്തതുകൊണ്ടാണ് അവരന്നങ്ങനെ ചെയ്തത്. സങ്കുചിതകക്ഷിപരതയിൽ സ്തംഭിച്ചുപോയ അരാഷ്ട്രീയതയെ സൂക്ഷ്മരാഷ്ട്രീയം കൊണ്ടാണവർ മറിച്ചിട്ടത്. സ്വന്തം താൽപര്യങ്ങളെ താൽക്കാലികമായെങ്കിലും മാറ്റിവെച്ചുകൊണ്ടാണവർ ഫാഷിസ്റ്റ് ശക്തികളെ തോൽപിച്ചത്. പല പാർട്ടികളിൽ ഒരു പാർട്ടിയല്ല ഫാഷിസ്റ്റ് പാർട്ടിയെന്ന് പ്രത്യേകിച്ച് ആരും പഠിപ്പിക്കാതെതന്നെ ശരിക്കും പഠിച്ച സാധാരണ മനുഷ്യരാണ് ഫാഷിസത്തെ പ്രതിരോധിച്ചത്. ഇനിയും ആ സാധ്യതയുടെ വാതിലുകൾ അടഞ്ഞിട്ടില്ല.
പി.കെ. പോക്കർ, അക്ഷയ മുകുൾ, ഷൗക്കത്തലീഖാൻ, ജാബിർ റഹ്മാൻ, വി.കെ. അനിൽകുമാർ
മുമ്പും ഇന്ത്യൻ ഫാഷിസത്തിന്റെ സാംസ്കാരിക േസ്രാതസ്സായ ജാതിമേൽക്കോയ്മ ഇരകളുടെ ഐക്യം പൊളിക്കാൻ അടവുകൾ പലതും പയറ്റിയിട്ടുണ്ട്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ബ്രിട്ടീഷ് കൊളോണിയലിസത്തിന്റേതുപോലെതന്നെ, അഭ്യന്തര കൊളോണിയലിസത്തിന്റെയും അജണ്ടയായിരുന്നു. സോദരർ തമ്മിലെ പോര് നമ്മുടെ മഹാകവി എന്തുതന്നെ പറഞ്ഞാലും സൗഹൃദത്തിന്റെ കലങ്ങിമറിച്ചിൽ ആയിരുന്നില്ല! സഹോദരരായി മനുഷ്യരെ കാണാത്ത, മേൽക്കോയ്മാ ജാതിപ്രത്യയശാസ്ത്രത്തിൽ എവിടെയാണ് സോദരരുടെ സ്ഥാനമെന്ന്, ദേശീയമോചനമെന്ന മഹത്തായ ആശയത്തിന്റെ, ആവേശത്തിൽ മഹാകവി വള്ളത്തോൾ വിസ്മരിച്ചതാവണം. പ്രശസ്ത സാംസ്കാരിക വിമർശകനായ ഡോ. ടി.എസ്. ശ്യാംകുമാറിന്റെ ജാതിമേൽക്കോയ്മാ വിരുദ്ധപ്രഭാഷണങ്ങളാണ് ഇടതുപക്ഷത്തെ തോൽപിച്ചതെന്ന തിസീസ് സവർണസേവനാർഥം തട്ടിക്കൂട്ടുന്നവർ രാഷ്ട്രീയമായി ഇടതുപക്ഷത്തായിരിക്കുമ്പോഴും സാംസ്കാരികമായി ജാതിമേൽക്കോയ്മാ പക്ഷത്ത്, സ്വയമറിഞ്ഞോ അറിയാതെയോ നിലയുറപ്പിച്ചവരാണ്. ഫാഷിസത്തെ തോൽപിച്ച കൊടുങ്ങല്ലൂർ മാതൃകയുടെ ഗുട്ടൻസ് പ്രശസ്ത സാംസ്കാരികപ്രതിഭയും പു.ക.സ നേതാവുമായ അശോകൻ ചരുവിൽ എത്ര വിശദീകരിച്ചാലും അവർക്ക് അതത്ര എളുപ്പം മനസ്സിലാവില്ല! അവർ പി.കെ. പാറക്കടവിന്റെ ‘വേരുകളുടെ ചോര’ എന്ന മിന്നൽകഥകളെങ്കിലും, മിനിമം കാണണം. ‘കേസ്’, ‘സ്ഫോടനം’ എന്ന വേറിട്ടതെങ്കിലും പരസ്പരം കെട്ടുപിണയുന്ന രണ്ട് മിന്നൽ കഥകളെങ്കിലും ഒന്ന് വായിക്കണം.
വെടിയൊച്ച കേട്ടിട്ടും ഓടിപ്പോകാത്തതിന് കൊല്ലപ്പെട്ടവന്റെ പേരിൽ കേസെടുത്തു(കേസ്).
കഥയെഴുതുമ്പോൾ പേനയിലെ മഷി തിളച്ചുമറിഞ്ഞ് പൊട്ടിത്തെറിച്ച് കഥാകൃത്ത് ആശുപത്രിയിലായി (സ്ഫോടനം).
ഇതിലും സൂക്ഷ്മവും സംക്ഷിപ്തവും അനുഭൂതിസാന്ദ്രവും അന്വേഷകപ്രചോദകവുമായ മിന്നൽകഥകളെഴുതുക അത്ര എളുപ്പമല്ല. ഇന്ത്യനവസ്ഥയെ അടയാളപ്പെടുത്തലും!
2026ലേക്ക് കടക്കാനിരിക്കെ ജാതിമേൽക്കോയ്മയെ അസ്വസ്ഥമാക്കുന്ന 2025ലെ എനിക്കിഷ്ടമായ പുസ്തകങ്ങളിൽനിന്നും അഞ്ച് പുസ്തകങ്ങളെ ഒന്ന് തൊട്ടുപോകാൻ മാത്രമാണ്, ഇപ്പോൾ ഉദ്ദേശിക്കുന്നത്. ആര് തോറ്റാലും ജയിച്ചാലും മനുഷ്യത്വം തോൽക്കാൻ പാടില്ലെന്ന് തലയുയർത്തി പ്രഖ്യാപിക്കുന്ന അഞ്ചു വ്യത്യസ്ത പുസ്തകങ്ങൾ. പ്രതിപാദ്യവും പ്രതിപാദനരീതിയും ഒന്നുക്ക് ഒന്ന് വേറിട്ടത്. എങ്കിലും ഓരോന്നും സ്വന്തമായ രീതിയിൽ ബഹുസ്വരതയുടെ സൗന്ദര്യംകൊണ്ട് ആരെയും ഉന്മത്തരാക്കും.
1. എരിക്കിൻ തീ
മാർക്സിസ്റ്റ് സൈദ്ധാന്തികനും സാഹിത്യ നിരൂപകനും പുകസ നേതാവുമായ ഡോ. പി.കെ. പോക്കർ മാഷിന്റെ പുസ്തകം മുരിക്കിൻപൂവല്ല, ശരിക്കും എരിക്കിൻ തീയാണ്. പോക്കർ മാഷിനെ പ്രാകിയും കൂവിവിളിച്ചും ഒതുക്കാൻ നോക്കിയവരെയൊക്കെയും അവരേതു കൊമ്പത്തെ തമ്പുരാക്കന്മാരായാലും, എരിക്കിൻ തീ പൊള്ളിക്കും. നമ്മളെ കോഴിക്കോട്ടെ ഓർക്കാട്ടേരിയും അങ്ങകലെയുള്ള ഫ്രാൻസും കണ്ടുമുട്ടിയപ്പോഴാണ്, മലയാളത്തിനൊരു ജനപക്ഷപ്രതിഭ ഡോ. പി.കെ. പോക്കർ ഉണ്ടായത്. ഒരിക്കൽ പോക്കർ മാഷിനും ഡോ. അശോകൻ മുണ്ടേനുമൊപ്പം മാഷിന്റെ കൈയാളായി ഞാനും പഞ്ചാബിൽ ഒരു യൂനിവേഴ്സിറ്റിയിൽ സെമിനാറിൽ പങ്കെടുക്കാൻ പോയി. സെമിനാർ കഴിഞ്ഞ് വന്നപ്പോൾ സൗഹൃദസംഭാഷണങ്ങൾക്കിടയിൽ ഹമീദ് ചേന്ദമംഗലൂർ ചോദിച്ചു, ‘കുറച്ചു ദിവസമായി നീ എവിടെയായിരുന്നു.’ ഞാൻ പറഞ്ഞു. ‘ഞാനും പോക്കർ മാഷും പഞ്ചാബിൽ സിഖ് യൂനിവേഴ്സിറ്റിയിൽ പോയി.’ ‘നീയവിടെ ഏത് ഭാഷയിലാണ് പ്രസംഗിച്ചത്?’ ‘ഇംഗ്ലീഷിൽ.’ ‘അതിന് നിനക്ക് ഇംഗ്ലീഷ് അറിയുമോ?’ ‘ഇല്ല.’ ‘പിന്നെ ആ പോക്കറിന് മലയാളവും അറിയില്ലല്ലോ.’ ഞങ്ങൾ ചിരിച്ചു, അപ്പറഞ്ഞതിലാണ് ഓർക്കാട്ടേരി മൊഴിഭേദ മലയാളത്തിന്റെ മനോഹാരിത എന്നോർത്ത്! അതുകൊണ്ടാണ് റൊളാങ് ബർത്തിനെയും ജാക്വിസ് ദറിദയെയും ശരിക്കും കണ്ടിട്ടും സംഭ്രമിക്കാതെ, പോക്കർ സാഹിബ്, പാസ്പോർട്ടിൽ ഹാജി എന്നുകൂടിയുണ്ട് എന്ന് ഓർത്താവണം ഓർക്കാട്ടേരി വിടാതിരുന്നത്.
കേരളത്തിലെ ചില ധൈഷണികർ പോക്കർ മാഷ് ഇല്ലായിരുന്നെങ്കിൽ പോസിറ്റിവ്, കംപാരറ്റിവ് സൂപ്പർലെറ്റിവ് പഠിക്കുമായിരുന്നില്ല എന്ന് തോന്നിപ്പോവും അവരുടെ പേര് പരിഹാസപരാക്രമം കാണുമ്പോൾ! പോക്ക് പോക്കർ പോക്കസ്റ്റ് എന്നതിലൊതുങ്ങും അവരുടെ ഔന്നത്യം! അഞ്ച് ഇനീഷ്യലുള്ള ആളല്ലേ നിന്റെ ഉപ്പ എന്ന് മകൾ ആതിരയോട് ഒരു ഒരു പാവം തമാശക്കാരൻ പറഞ്ഞു. (കെ.ഇ.എൻ.പി.കെ).
ഒന്ന് ചുമ്മാ ശരിക്കും സൗഹൃദപ്പെടാൻപോലും സമ്മതിക്കാത്ത തമാശക്കാർ. കേരളദറിദയെന്ന് അറിയപ്പെടുന്നത് ഞങ്ങളുടെയൊക്കെ സുഹൃത്തും പ്രശസ്ത സാംസ്കാരികവിമർശകനുമായ ഡോ. വി.സി. ഹാരീസാണ്. എന്നാൽ, ദറിദയെക്കുറിച്ച് മലയാളത്തിൽ ആദ്യമായി അന്വേഷണാത്മക പ്രബന്ധം എഴുതിയത് ഡോ. പി.കെ. പോക്കറാണെന്ന് വി.സി. ഹാരീസ് എഴുതിയിട്ടുണ്ട്. അത് പക്ഷേ, വായിച്ചവരിൽ പലരും കണ്ടഭാവം നടിച്ചില്ല. പോക്കറല്ലേ പോട്ടെ എന്നൊരു മട്ട്.
‘എരിക്കിൻതീ’ എന്ന ആത്മകഥ, ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രത്തിന്റെകൂടി വിചാരണയാണ്. അടിസ്ഥാനജനതയുടെ മഹത്വം മനസ്സിലാവണമെങ്കിൽ പാണ്ഡിത്യം മാത്രം പോരാ, ജാതിപോണം.
‘‘എത്ര ബുദ്ധി വളർന്നാലും എത്ര വിദ്യ പഠിപ്പിലും ജാതിപോകാതെയാസിദ്ധി കൈവന്നീടില്ലൊരുത്തനും’’ എന്ന് സഹോദരൻ അയ്യപ്പൻ. എരിക്കിൻതീ കെടാതെ കത്തുന്നതിങ്ങനെ; ഇപ്പോഴും എന്റെ പേരുപയോഗിച്ചു സമൂഹമാധ്യമങ്ങളിൽ പരിഹസിക്കുന്ന ചിലർ, പുരോഗമനപക്ഷമായി കരുതപ്പെടുന്നവർ ആണെന്നതാണ് വിരോധാഭാസം. അവർ വിദ്യാസമ്പന്നരും ഉയർന്ന ശമ്പളം വാങ്ങുന്നവരുമാണ്. അവരുടെ കുട്ടിക്കാലത്ത് അകത്ത് കയറിക്കൂടിയ മാലിന്യങ്ങൾ പുറംതള്ളുന്നതു മാത്രമായി ഞാനതിനെ കാണുന്നു. കാരണം ഞാനും അവരും തമ്മിൽ ഒരു പ്രശ്നവും ഇന്നുവരെയും ഉണ്ടായിട്ടില്ല. മാത്രമല്ല, നേരിൽ കണ്ടാൽ കൈപിടിച്ചു സൗഹൃദം പങ്കിടുന്നവരുമാണ്. സംസ്കാരനിർമിതിയിലെ ചതിക്കുഴികൾ ചളിക്കുഴികൾകൂടിയാണ്
പേര് പരിഹാസത്തോടുള്ള പി.കെ. പ്രതികരണത്തിലെ സ്നേഹസൗമ്യത കണ്ട് ഇതാണ് എരിക്കിൻതീയുടെ സ്വഭാവമെന്ന് കരുതരുത്. കെ. വേണു, ബാലചന്ദ്രൻ ചുള്ളിക്കാട്, സുനിൽ പി. ഇളയിടം, എം.എം തുടങ്ങിയ പ്രശസ്ത പ്രതിഭകളുടെ ചില നിലപാടുകളെ നിശിതമായ ഭാഷയിൽ ഡോ. പി.കെ. പോക്കർ വിമർശന വിധേയമാക്കുന്നുണ്ട്. അതിൽ പ്രബുദ്ധ മലയാളിസമൂഹം തുറന്ന സംവാദത്തിനു വിധേയമാക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒന്നാണ്, സവർണ ജാതിവാദികളുടെ സ്വത്വവേട്ടയുടെ പിന്നിൽ എന്ന എരിക്കിൻ തീ അധ്യായം.
2. ഗീതാ പ്രസ്
‘ഗീതാപ്രസും ഹിന്ദുഇന്ത്യയുടെ നിർമിതിയും’ എന്ന അക്ഷയ മുകുളിന്റെ ശ്രദ്ധേയമായ പുസ്തകം മലയാളത്തിൽ കൊണ്ടുവരണമെന്നുള്ളത് സാംസ്കാരിക വിമർശകനും പ്രഭാഷകനുമായ ഗുലാബ്ജാന്റെ ഏറെക്കാലത്തെ സ്വപ്നമാണ്. ആ സ്വപ്നദൗത്യമാണ് അതർഹിക്കുന്ന ഗൗരവത്തിൽ എൻ.എസ്. സജിത്തും ഡോ. വി. അബ്ദുൾ ലത്തീഫും നിർവഹിച്ചിരിക്കുന്നത്. ഗുലാബ്ജാനോ? അങ്ങനെയൊരാളേയില്ല, അതെല്ലാം ആ കെ.ഇ.എന്നാണ് എന്നതടക്കം പല പ്രചാരണങ്ങൾ ആദ്യകാലത്ത് ബോധപൂർവം ചിലർ നടത്തിയിരുന്നു. വെറുതെ ഒന്ന് ഓർമിപ്പിച്ചെന്നു മാത്രം.
വോട്ട് അരിവാളിനും മനസ്സ് താമരക്കും പതിച്ചുനൽകിയവർ അക്ഷയ് മുകിളിന്റെ, ‘ഗീതാപ്രസും ഹിന്ദുഇന്ത്യയുടെ നിർമിതിയും’ എന്തായാലും ഒരാവർത്തി വായിക്കണം. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം അടിയിൽനിന്ന് മുകളിലേക്ക് കെട്ടിപ്പൊക്കിയതിന്റെ രീതിശാസ്ത്രം അപ്പോളവർക്ക് തിരിയും. ഇന്ത്യയിൽ മുമ്പും ഇന്നും മറ്റാർക്കും സാധിക്കാത്തവിധം ഫാഷിസ്റ്റ് ആശയാധികാരം ദൃഢപ്പെടുത്തപ്പെടുന്നതിന്റെ മെക്കാനിസവും നന്നായി മനസ്സിലാവും. പാവം പശുവിനെ കലാപ േസ്രാതസ്സാക്കുന്നതിൽ ഗീതാപ്രസ് സുപ്രധാന പങ്കേത്ര വഹിച്ചത്.
3. എഴുത്തിലെ ബഷീറും തെയ്യത്തിലെ മുത്തപ്പനും
‘എഴുത്തിലെ ബഷീറാണ് തെയ്യത്തിലെ മുത്തപ്പൻ’ എന്നൊരൊറ്റ തലക്കെട്ട് മതി ജാതിമേൽക്കോയ്മയുടെ തല തെറിപ്പിക്കാൻ! രണ്ടായിരത്തി ഇരുപത്തിയഞ്ചിന്റെ അവസാനത്തിൽ എന്നെ ഏറ്റവും ഉന്മത്തമാക്കിയ തലക്കെട്ടുകളിൽ മുന്നിൽ നിൽക്കുന്നത് പ്രശസ്ത കലാപ്രതിഭ വി.കെ. അനിൽകുമാറിന്റെ, ‘എഴുത്തിലെ ബഷീറാണ് തെയ്യത്തിൽ മുത്തപ്പൻ’ എന്ന കരുണപെയ്യും തലകെട്ടാണ്. വൈക്കം മുഹമ്മദ് ബഷീർ എന്ന അത്ഭുതപ്രതിഭയെക്കുറിച്ച് തലങ്ങും വിലങ്ങും പ്രധാനപ്പെട്ട എത്രയെത്രയോ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവും. എന്നാൽ, ഇജ്ജാതി ഒന്ന് ആദ്യമാണ്. അടിച്ചമർത്തപ്പെട്ടവരുടെ തേങ്ങലുകൾ കേൾക്കാൻ ഈയൊരു കൃതിയിൽ കാതോർത്താൽ മതിയാവും. ഇമ്പളെ മുത്തപ്പനും ഇമ്പളെ ബഷീറും അപ്പോൾ നമ്മളെ ആശ്ലേഷിക്കും. അവരിരുവരുടെയും പക്കൽ ശാപങ്ങളില്ല, അനുഗ്രഹങ്ങളേയുള്ളൂ.
4. ഓർമകലാശാല
കുളംപിടിക്കൽ, കുളണ്ടർമാർ, പൗറന്മാർ, പൗറച്ചികൾ, വൈക്കോലൊടിച്ചിമാർ, ചാപ്പിളി-ചളിപിളി തുടങ്ങി കേട്ടുമറന്ന, പുതിയരീതിയിൽ കണ്ടെടുക്കേണ്ട, എത്രയെത്രയോ മലയാളം വാക്കുകൾ റഹ്മത്തിന്റെ ഭ്രാന്തൻപൂവ് പോലുള്ള വിസ്മയിപ്പിക്കുന്ന രൂപകങ്ങൾ കവിയും സാംസ്കാരിക വിമർശകനുമായ ഷൗക്കത്തലീഖാന്റെ ‘ഓർമകലാശാല’ പരോക്ഷമായെങ്കിലും പൊരിച്ചെറിയുന്നത് മേൽക്കോയ്മാ ഭാഷയിലെ പൊങ്ങച്ചങ്ങളെയാണ്. ചരിത്രം സൃഷ്ടിച്ചവരെങ്കിലും ചരിത്രത്തിൽനിന്ന് എന്നും മാറ്റിനിർത്തപ്പെട്ടവരുടെ സർവകലാശാലയാണ് ഷൗക്കത്തലീഖാന്റെ ‘ഓർമകലാശാല’.
5. സ്ലേറ്റിൽ വരച്ച സന്ധ്യകൾ
പ്രശസ്ത പത്രപ്രവർത്തകനായ ജാബിർ റഹ്മാന്റെ ‘സ്ലേറ്റിൽ വരച്ച സന്ധ്യകളിലും’ നിറയുന്നത് നാനാതരത്തിലുള്ള വർണാഭമായ ഓർമകളാണ്. ആകാശമായി മാറിയ ആ സ്ലേറ്റിന് അഭിവാദ്യങ്ങൾ. ജാതിമേൽക്കോയ്മ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന സങ്കുചിത ദേശീയത കൂടിയാണ് പരോക്ഷമായെങ്കിലും ജാബിർ കൃതിയിൽ പൊളിയുന്നത്. കാൽപനികത കാലുകളെയും കയറുകളെയും വെറുക്കുന്നു. ചിറകുകളെ മാത്രം സ്നേഹിക്കുന്നു എന്ന് എം.എൻ. വിജയൻ മാഷ്. എന്നാൽ, ചിറകുകൾക്കും ചിലപ്പോൾ ചെറുത്തുനിൽപ് നടത്താൻ കഴിയുമെന്ന് ജാബിർ റഹ്മാന്റെ സ്ലേറ്റിൽ വരച്ച സന്ധ്യകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.