ഇ.വി. ശ്രീധരൻ

സാഹിത്യകാരൻ ഇ.വി. ശ്രീധരൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും പത്രാധിപരും സോഷ്യലിസ്റ്റുമായ ഇ.വി ശ്രീധരൻ അന്തരിച്ചു. കലാകൗമുദിയിൽ ജോലി ചെയ്യവെ തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നതെങ്കിലും കോവിഡ് കാലം മുതൽ ജന്മദേശമായ വടകര നാദാപുരം റോഡിൽ ബന്ധുവിന്റെ വീട്ടിലായിലായിരുന്നു.

ന്യൂമോണിയ ബാധയെ തുടർന്ന്, വടകര സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ.വി. ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. തുടർന്ന് രണ്ട് വർഷം കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും പ്രവർത്തിച്ചു.

എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ നോവലുകളാണ്.  ചോമ്പാലയിലെ പാഞ്ചാംപറമ്പത്ത് പരേതരായ ഗോപാലന്റെയും മാതുവിന്റെയും മകനാണ്. സഹോദരി: സരോജിനി. സംസ്‌കാരം ഇന്ന് രാത്രി (ബുധൻ) എട്ടുമണിക്ക് വള്ളിക്കാടിലെ വടവത്തുംതാഴെപ്പാലം വീട്ടിൽ.

ഇ.വി. ശ്രീധരനെ കുറിച്ചുള്ള ഓർമ്മകളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

പത്രപ്രവർത്തകനും ചെറുകഥാകൃത്തും നോവലിസ്റ്റും എണ്ണമറ്റ ലേഖനങ്ങൾ എഴുതിയ സാമൂഹ്യ വിമർശകനുമായിരുന്ന ഇ.വി.ശ്രീധരൻ്റെ വേർപാട് കുട്ടിക്കാലം മുതലുള്ള ആത്മബന്ധത്തിൻ്റെ അവസാനമാണെന്ന് സങ്കല്പിക്കാൻ കഴിയുന്നില്ല. ശ്രീധരൻ കലശലായ ശ്വാസതടസ്സത്തെ തുടർന്ന് ആശുപതിയിലാണെന്ന് അറിഞ്ഞ് ഓടിയെത്തി. വിഷമഘട്ടം പിന്നിട്ടുവെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആശ്വാസമായിരുന്നു. ഇത്ര പെട്ടെന്ന് ശ്രീധരൻ പോകുമെന്ന് തോന്നിയില്ല.

ശ്രീധരൻ ബാല്യ കൗമാര കാലം മുതൽ എൻ്റെ ഉറ്റ സ്നേഹിതനാണ്. ചോമ്പാൽ മഹാത്മാ വായനശാലയിൽ സുഹൃത്തുക്കളോടൊപ്പം രാത്രി വൈകുന്നത് വരെ ചെലവഴിക്കുന്ന പ്രകൃതം. എത്ര പ്രയാസങ്ങളുണ്ടെങ്കിലും വടകരയിൽ പോയി പുതിയ സിനിമകൾ മുടങ്ങാതെ കാണുമായിരുന്നു . അക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളൊട് അതിരറ്റ കൂറ് കാട്ടിയ ശ്രീധരൻ, ഒരു മികച്ച വായനക്കാരനും മനുഷ്യസ്നേഹിയുമായിരുന്നു. അക്ഷരങ്ങളെ പ്രണയിച്ച ശ്രീധരന് വിവാഹത്തെ കുറിച്ച് ഓർക്കാൻ സമയം ഉണ്ടായിരുന്നില്ല. അവനെപ്പോലെ ആഴമേറിയ വായനയും പഠനവും നടത്തിക്കൊണ്ടിരുന്ന വ്യക്തികൾ സമൂഹത്തിന് എത്ര മാത്രം വിലപ്പെട്ടവരാണെന്ന് ഇപ്പോൾ ഓർക്കുകയാണ്.

ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് തൊട്ടു മുമ്പാണ് ഏറ്റവും ഒടുവിൽ എന്നോട് ഫോണിൽ സംസാരിച്ചത്. നാട് കടന്നുപോകുന്ന പ്രതിസന്ധികളെക്കുറിച്ച്, കേരളത്തിൻ്റെ ദുഃഖകരമായ അവസ്ഥയെക്കുറിച്ച് എത്ര മാത്രം ആകുലതയുണ്ടായിരുന്നു അവന്. രാഷ്ട്രീയത്തിൽ ഞാൻ എടുക്കുന്ന നിലപാടുകളെ എന്നും അംഗീകരിച്ച പ്രിയ സ്നേഹിതൻ , ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മുന്നോട്ടു പോകാൻ പറയുമായിരുന്നു.

ദീർഘ വർഷം പത്രപ്രവർത്തകനായി തിരുവനന്തപുരത്തുണ്ടായിരുന്ന ശ്രീധരന് ഓരോ രാഷ്ട്രീയ നേതാവിനെ കുറിച്ചും കൃത്യമായ അറിവും വിലയിരുത്തലും ഉണ്ടായിരുന്നു. അവ എത്ര മാത്രം ശരിയാണെന്ന് എനിക്ക് ബോധ്യപ്പെടുകയുണ്ടായി. മദിരാശിയിൽ എം. ഗോവിന്ദന്റെ സമീക്ഷയിൽ തുടങ്ങിയ പത്രപ്രവർത്തനം. തിരുവനന്തപുരത്ത് നീണ്ട വർഷങ്ങൾ കലാകൗമുദിയിൽ പ്രവർത്തിച്ച കാലം. ഗോവിന്ദൻ്റെ സമീക്ഷ രണ്ടു വർഷത്തോളം തിരുവനന്തപുരത്ത് നടത്തിക്കൊണ്ട് പോയ ശ്രീധരൻ. വീക്ഷണം പത്രത്തിൽ രണ്ടുവർഷം ചിലവഴിച്ച് നിരവധി ലേഖനങ്ങൾ എഴുതി, പടികടന്നുപോയ ശ്രീധരൻ.

എം. ഗോവിന്ദൻ്റെ ആത്മ സുഹൃത്ത് എ.പി. കുഞ്ഞിക്കണ്ണൻ ആരംഭിച്ച ന്യൂമാഹിയിലെ കലാഗ്രാമവുമായുള്ള ബന്ധം. എ.പി. കുഞ്ഞിക്കണ്ണൻ്റെ വിശ്വസ്തനായിരുന്ന ശ്രീധരൻ,മലയാള കലാഗ്രാമത്തിന് വേണ്ടി എം. ഗോവിന്ദൻ സ്മരണകളും ഡോ: കെ.ബി.മേനോൻ ഫൗണ്ടേഷന് വേണ്ടി ഡോ: കെ.ബി. മേനോൻ സ്മരണികയും മനോഹരമായി എഡിറ്റു ചെയ്തു.

എത്രയെത്ര മികച്ച കഥകളാണ് ശ്രീധരൻ എഴുതിയത്. സാഹിത്യ രംഗത്ത് ഏതെങ്കിലും ക്ലിക്കുകളുടെ ഭാഗമാകാതെ ഏകാകിയായി കടന്നു പോയ ശ്രീധരൻ , എം. ഗോവിന്ദൻ കാട്ടിയ വഴിയിലൂടെ ഒരു റാഡിക്കൽ ഹ്യൂമനിസ്റ്റായി മുന്നോട്ടു പോവുകയായിരുന്നു വെന്ന് തോന്നിയിട്ടുണ്ട്. മനുഷ്യൻ എന്ന സുന്ദര പദത്തെക്കുറിച്ച് എന്നും ഞങ്ങളെ ഓർമ്മിപ്പിച്ച പ്രിയപ്പെട്ട ശ്രീധരൻ, നീ മരിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. - മുല്ലപ്പള്ളി രാമചന്ദ്രൻ

Tags:    
News Summary - Literary figure EV Sreedharan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT