ബിനാലെയിൽ ശാന്താദേവി ചുവരിൽ ചിത്രരചന നടത്തുന്നു
കൊച്ചി: സ്റ്റുഡന്റ്സ് ബിനാലെയിലെ താരസാന്നിധ്യമാണ് ചിത്രകാരിയും നടിയുമായ ആന്ധ്രസ്വദേശിനി കെ. ശാന്താദേവി. തെലുങ്ക് നാടകങ്ങളിലും സിനിമയിലും എം. രുക്മിണി എന്നറിയപ്പെടുന്ന ഈ കലാകാരി അറുപത്തിയഞ്ചാം വയസ്സിൽ ഫൈൻ ആർട്സ് ബിരുദാനന്തര ബിരുദത്തിനു പഠിക്കുകയാണ്. കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പഠനത്തിന് ഊർജം പകരുന്നതെന്ന് ശാന്താദേവി പറയുന്നു.
തഞ്ചാവൂർ പെയിന്റിങ്, ഡോട്ട് പെയിന്റിങ് തുടങ്ങി ചിത്രകലയുടെ വിവിധ മേഖലയിൽ പ്രാവീണ്യമുള്ള ശാന്താദേവി എച്ചിങ്, പ്രിന്റ്, മ്യൂറൽ എന്നിവയും ചെയ്യാറുണ്ട്. മട്ടാഞ്ചേരി ട്രിവാൻഡ്രം വെയർഹൗസിലെ ബിനാലെ വേദിയിൽ പ്രദർശനത്തിനുള്ള ശാന്താദേവിയുടെ സൃഷ്ടികളിൽ പ്രകൃതിസൗന്ദര്യം നിറയുന്നു.
പെയിന്റിങ്ങുകൾക്ക് പുറമെ അഭിനയരംഗത്തെ ഉൾപ്പെടെ പല കാലത്തെ സ്വന്തം ഫോട്ടോഗ്രാഫുകളും വേദിയിൽ വിന്യസിച്ചിട്ടുണ്ട്. കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിലും തിരക്കുകളിലും മുഴുകിയിട്ടും കലാസ്നേഹം കൈവിടാത്തതിനാലാണ് ബിനാലെയിലും എത്തിയത്.
ഗാർഹിക തിരക്കുകൾ ശമിച്ചപ്പോൾ കലയിൽ ആഗ്രഹിച്ചതെല്ലാം അക്കാദമിക മികവോടെ സ്വന്തമാക്കി. പത്തുവർഷം മുമ്പ് പെർഫോമിങ് ആർട്സിൽ ബിരുദാനന്തര ബിരുദം നേടി അഭിനയരംഗത്തു സജീവമായി. ഇതിനിടെ ചിത്രകലാ പ്രവർത്തനങ്ങൾ തുടർന്നു. കഴിഞ്ഞവർഷം ഫൈൻ ആർട്സ് ബിരുദാനന്തര ബിരുദത്തിനു ചേർന്ന് മറ്റൊരു സ്വപ്നം കൂടി സഫലമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് കൊച്ചി ബിനാലെയിലെ പങ്കാളിത്തമെന്ന് ശാന്താദേവി പറഞ്ഞു. ഭർത്താവ് കൃഷ്ണറാവുവും മകനും മകളും പേരക്കിടാവുമടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവുമാണ് നേട്ടങ്ങൾക്ക് പിന്നിലെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.