ഭിന്നശേഷി അവാർഡ്: ജില്ലക്ക് അഭിമാന നേട്ടം

കോഴിക്കോട്: ഭിന്നശേഷി അവാർഡിൽ ജില്ലക്ക് അഭിമാന നേട്ടം. ഏറ്റവും നല്ല ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷനുള്ള അവാർഡും ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച റോൾ മോഡൽ അവാർഡും കോഴിക്കോട് നേടി. കോട്ടൂളി അരിപ്പുറത്ത് ശ്രേയസ്സിൽ പി. ധന്യക്കാണ് മികച്ച റോൾ മോഡൽ അവാർഡ്.

ധന്യ മൂന്നുവർഷം തുടർച്ചയായി ഹൈസ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ 76 ഓളം വേദികളിൽ നൃത്തം അവതരിപ്പിക്കുകയും ചെയ്തു. ഭിന്നശേഷിക്കാർക്ക് വിവിധ പദ്ധതികൾ നടപ്പാക്കിയ ഏറ്റവും നല്ല ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷനുള്ള അവാർഡാണ് ജില്ല ഭരണകൂടം നേടിയത്.

ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കായി 'ഒപ്പം'പദ്ധതിയും 'ക്രാഡിൽ ആപ്പും' ഉൾപ്പെടെ വിവിധ പദ്ധതികളാണ് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പാക്കിയത്. ഭിന്നശേഷിയുള്ളവർ ഉൾപ്പെടെയുള്ള പൊതുജനങ്ങൾക്കായി അവരുടെ പരാതികൾ പരിഹരിക്കാൻ പ്രാപ്തരാക്കുന്ന ബഹുജന സമ്പർക്ക പരിപാടിയാണ് 'ഒപ്പം'.

കുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങൾ, വളർച്ച ക്രമക്കേടുകൾ നേരത്തെ കണ്ടെത്തൽ, കുട്ടിയുടെ വളർച്ചയുമായി ബന്ധപ്പെട്ട മറ്റു സുപ്രധാന വിവരങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ക്രാഡിൽ ആപ് രക്ഷിതാക്കളെ സഹായിക്കുന്നു. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കും കുടുംബാംഗങ്ങൾക്കുമായി ഇ-ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുകയും ലോക സെറിബ്രൽ പാൾസി ദിനമായ ഒക്ടോബർ 26ന് കോഴിക്കോട് ബീച്ചിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കടൽകാണാനും വിനോദത്തിനുമുള്ള അവസരമൊരുക്കുകയും ചെയ്തിരുന്നു.

ഭിന്നശേഷിക്കാർക്കുവേണ്ടി സംസ്ഥാനത്ത് ആദ്യമായി നടത്തിയ പ്രത്യേക കോവിഡ് വാക്‌സിനേഷൻ ക്യാമ്പ്, എനാബിളിങ് കോഴിക്കോട്, ബാരിയർ ഫ്രീ സിവിൽ സ്റ്റേഷൻ തുടങ്ങിയവയും അവാർഡിനായി പരിഗണിച്ചു.

ജെ.ഡി.ടി കോളജ് അധ്യാപികക്ക് റോൾ മോഡൽ അവാർഡ്

വെള്ളിമാട്കുന്ന്: സാമൂഹിക നീതി വകുപ്പിന്റെ റോൾ മോഡൽ അവാർഡ് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജിലെ അധ്യാപികക്ക്. വയനാട് പുൽപള്ളി സ്വദേശി പാമ്പനാലിക്കൽ ജിമി ജോണിനാണ് അവാർഡ്. ജെ.ഡി.ടി ആർട്സ് കോളജ് മൾട്ടിമീഡിയ വിഭാഗം മേധാവിയാണ്.

ഭിന്നശേഷിയെ മറികടന്ന് സമൂഹത്തിൽ റോൾ മോഡൽ ആകുന്നവർക്കുള്ള സർക്കാർ അവാർഡാണിത്. പരിമിതികളെ മറികടന്ന് ജിമി ജോൺ വിദ്യാർഥികൾക്കും വിദ്യാഭ്യാസ മേഖലക്കും നൽകിയ സംഭാവനകൾ നിസ്തുലമാണ്.

മോട്ടിവേറ്ററായ ജിമി ജോൺ വീൽചെയറിൽ ഒതുങ്ങിക്കൂടാതെ മൾട്ടിമീഡിയ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഒന്നാം റാങ്കോടെ മൾട്ടി മീഡിയ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്.

സമാന ഭിന്നശേഷിക്കാരിയായ സഹോദരി സുമി ജോണും ജെ.ഡി.ടിയിൽ ജിമി ജോണിനൊപ്പം ജോലി ചെയ്യുന്നുണ്ട്. മാതാവ് മേരി ജോണിന്റെ പ്രോത്സാഹനമാണ് ഇരുവരുടെയും കരുത്ത്. ഇവർക്കൊപ്പം വെള്ളിമാട്കുന്നിലാണ് മേരി ജോൺ താമസിക്കുന്നത്. പിതാവ് ജോൺ പുൽപള്ളിയിലാണ്.

Tags:    
News Summary - Disability Award-proud achievement for the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:03 GMT
access_time 2025-12-07 10:02 GMT