ഫോട്ടോ പുസ്തകം
തൃശൂർ: മുഖ്യധാരയിലെ കേരളചരിത്രകാരന്മാർ പൂർണ്ണമായി തിരസ്കരിച്ച അദ്ധ്യായമാണ് അയ്യങ്കാളിയും അയ്യങ്കാളി പ്രസ്ഥാനവും. സമൂഹത്തിന്റെ ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണെന്ന് ആണയിട്ട ചരിത്രകാരന്മാരുടെ രചനകൾക്ക് പുറത്തായിരുന്നു അയ്യൻകാളി. കാലങ്ങളായി ചരിത്ര രചനാലോകത്ത് നിന്ന് പുറത്തുനിർത്തിയിരുന്ന അയ്യങ്കാളിയെ ചരിത്രത്തിനുള്ളിലെ പ്രധാന സ്ഥാനത്തെ സ്ഥാപിക്കുകയാണ് ചെറായി രാമദാസ്. അദ്ദേഹത്തിന്റെ -അയ്യങ്കാളി പ്രസ്ഥാനം രേഖകളിലൂടെ- എന്ന ഗ്രന്ഥം അയ്യങ്കാളിയെ കുറിച്ച് ഗവേഷണം നടത്തുന്നവർക്കു അമൂല്യഖനിയാണ്.
അയ്യൻകാളിയെ കുറിച്ച് പുരാരേഖകൾ ഇല്ലാത്തതുകൊണ്ട് പഠനം നടത്താൻ കഴിഞ്ഞില്ലെന്ന് വിലപിക്കുന്നവർക്ക് മുന്നിലാണ് ചെറായി രാമദാസ് ചരിത്ര രേഖകളുടെ ഇരുളടഞ്ഞ ഏടുകൾ തുറന്നു വയ്ക്കുന്നത്. ചെന്താശ്ശേരി മുതൽ കുന്നുകുഴി മണി വരെ നടത്തിയ അന്വേഷണങ്ങളിൽ പലപ്പോഴും വായ് മൊഴി കഥകൾ ഏറെയുണ്ടായിരുന്നു. അതിൽനിന്ന് ഭിന്നമായി സർക്കാരിന്റെ ഔദ്യോഗിക രേഖകളിലും മാധ്യമ റിപ്പോർട്ടുകളും അടയാളപ്പെടുത്തിയ അയ്യൻകാളിയെ ചെറായി രാമദാസ് പുനർനിർമ്മിക്കുന്നത്.
തിരുവിതാംകൂറിൽ ജനിച്ച ഒരു പുലയൻ നടത്തിയ ധീരമായ സമരങ്ങളുടെ രേഖകളാണ് ചെറായി കണ്ടെടുത്തത്. എസ്.എൻ.ഡി.പി പ്രസ്ഥാനം വിവിധ തലങ്ങളിൽ നടത്തിയ ഇടപെടൽ ചരിത്രത്തിൽ രേഖയായിട്ടുണ്ട്. നാരായണഗുരു, ഡോ. പൽപ്പു, കുമാരനാശാൻ തുടങ്ങിയവർ സമൂഹത്തിന്റെ എല്ലാം മണ്ഡലങ്ങളെയും ഉഴുതു മറിച്ചു. അയ്യൻകാളിക്ക് ആകട്ടെ അവരോളം വിപുലമായ പ്രവർത്തനം നടത്താൻ കഴിയുന്ന സംഘടന സംവിധാനമോ സാമൂഹിക സാമ്പത്തിക അവസ്ഥയോ ഉണ്ടായിരുന്നില്ല. കെ. കൃഷ്ണന്റെ മിതവാദിയും കുമാരനാശാന്റെ വിവേകോദയും ആ ചരിത്ര കാലത്തെ എസ്.എൻ.ഡി.പിയുടെ അടയാളപ്പെടുത്തുകയുണ്ടായി .
സ്വന്തം സമൂഹത്തിെൻറ പരിമിതികളെ തിരിച്ചറിഞ്ഞാണ് അയ്യൻകാളി മുന്നോട്ട് കുതുച്ചത്. വെങ്ങാനൂരിന് ചുറ്റും മനുഷ്യവിരുദ്ധമായ ലോകത്തെയാണ് അയ്യൻകാളി ആദ്യം കണ്ടത്. തൊട്ടുകൂടായ്മ അന്ന് പുരോഗമന ആശയമായിരുന്നു. സമൂഹത്തിൽ ആകെ അടിഞ്ഞുകൂടിയിരുന്ന ഈ ജീർണ്ണമായ സംസ്കാരത്തെ മാറ്റി തീർക്കാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം ഏർപ്പെട്ടത്. ജാതി വ്യവസ്ഥയുടെ അപമാനം ഏറ്റുവാങ്ങിയ സമൂഹത്തെ മോചിപ്പിക്കാനുള്ള വഴിയാണ് അദ്ദേഹം അന്വേഷിച്ചത്. ജാതീയെ കുറിച്ചാണ് അദ്ദേഹം ചരിത്രത്തോട് സംസാരിച്ചത്. തന്റെ ജീവാതാനുഭവത്തിൽനിന്ന് ചില യാഥാർത്ഥ്യങ്ങൾ അദ്ദേഹം കണ്ടെത്തിയിരുന്നു. അടിമത്തത്തെ ജനിപ്പിക്കുന്നതും വളർത്തുന്നതും ജാതീയ സമൂഹമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
സ്വന്തം ജനതയുടെ അടിമാവസ്ഥ മാറ്റി തീർക്കാൻ എന്ത് മാർഗമാണ് അയ്യൻകാളി സ്വീകരിച്ചതെന്നാണ് ചെറായി രാമദാസ് അന്വേഷിച്ചത്. പുരാരേഖകൾ പ്രകാരം അയ്യൻകാളി കൊല്ലവർഷം 1080ന് സാധുജന പരിപാലനസംഘം എന്ന സംഘടനയ്ക്ക് രൂപം നൽകി. സഭയുടെ യോഗങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുക്കാനാണ് അദ്ദേഹം ആഹ്വാനം നൽകിയത്. പുലയർ മഹാസഭ എന്ന പേരിൽ കമ്പനി നിയമമനുസരിച്ച് ഒരു സംഘടന രജിസ്റ്റർ ചെയ്തു. അക്ഷരാഭ്യാസം ഇല്ലാതിരുന്ന അയ്യൻകാളി എഴുത്തു കുത്തുകൾക്ക് വേണ്ടി തന്റെ സഹോദരൻ കൂടിയായ കേശവൻ എന്ന ആളെ റൈറ്ററായി നിയമിച്ചു. വെങ്ങാനൂർ ചാവടി നടയിൽ സ്കൂൾ സ്ഥാപിച്ചുകൊണ്ട് വിദ്യാഭ്യാസ മേഖലയിൽ ഇടപെട്ടു.
അയ്യൻകാളിയുടെ വില്ലുവണ്ടി പാഞ്ഞ് ജ്വലിച്ച സഞ്ചാരപദങ്ങൾ പുരാരേഖകളിലൂടെ അടയാളപ്പെടുത്തുകയാണ് ചെറായി രാമദാസ്. അത് പുരാരേഖകളിൽ നിന്നുള്ള ചരിത്രത്തിന്റെ വീണ്ടെടുക്കലാണ്. ഇത്രയധികം പുരാരേഖകൾ നമ്മുടെ സർക്കാർ സംവിധാനത്തിൽ സൂക്ഷിച്ചു വെച്ചിട്ടും ചരിത്രകാരന്മാർ അൻകാളിയെ തിരിച്ചറിഞ്ഞില്ല. ക്ഷേത്രലിഹിതങ്ങൾക്ക് പിന്നാലെ സഞ്ചരിച്ചവർക്ക് അയ്യൻകാളിയുടെ വില്ലുവണ്ടിയുടെ ഉച്ച കേൾക്കാനായില്ല. വൈലോപ്പിള്ളിയെ എഴുതിയതുപോലെ കേരളത്തോട് ചെറായി രാമദാസ് ചോദിക്കുന്നത് അയ്യൻകാളിയുടെ വേറിട്ട ഒച്ച കേട്ടുവോ എന്നാണ്. അത് ചരിത്രത്തിലെ വേറിട്ട ഒരു ശബ്ദമാണ്. ദളിത് വിമോചനത്തിനായി നടത്തിയ യാത്രകളുടെ നിവേദനങ്ങളുടെ പ്രസംഗങ്ങളുടെ ചരിത്രം. ആ ചരിത്രത്തിൽ നിന്ന് തെളിഞ്ഞു വരുന്നത് മറ്റൊരു ലോകമാണ്. ജാതി വ്യവസ്ഥ എന്ന രോഗത്തിനെതിരായി അയ്യങ്കാളി നടത്തിയ സമരത്തിന്റെ ചരിത്രമാണ്.
സാധുജന പരിപാലനസംഘം സ്ഥാപിച്ചത് ഏതു വർഷം, അയ്യൻകാളി പ്രജാസഭയിലേക്ക്, അയ്യൻകാളി ആദ്യമായി നടത്തിയ പ്രസംഗം, കുമാരനാശാൻ അയ്യങ്കാളിയുടെ വീട്ടിലെത്തിയത്, സാധുജന പരിപാലന സംഘത്തിന്റെ അംഗസംഖ്യ, പുതുവൽഭൂമി പതിച്ചുകൊടുക്കൽ, അയ്യൻകാളിയുടെ പത്രമായ സാധുജന പരിപാലിനി, തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭയിൽ അയ്യൻ കാളിയുടെ നടത്തിയ ആദ്യ പ്രസംഗം തുടങ്ങിയ മലയാള മനോരമയും നസ്രാണി എഴുതി വിവരങ്ങളെല്ലാം ഇതിലുണ്ട്. ചരിത്രത്തിൽ അയ്യൻകാളി എന്തു ചെയ്തു വെന്നതിനുള്ള മറുപടിയാണ് ചെറായി രാമദാസിെൻറ ചരിത്രപുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.