ശിരസ്സും ഉടലും ചലിക്കുന്ന മൃതദേഹമായ്

ചുറ്റുപാടുകളുടെ ഒച്ച, നിറം, മണം, രുചി, സ്പർശം എന്നിവയിൽനിന്ന് ഒഴിഞ്ഞുപോകാനാവാത്ത ഒരുതരം സ്വസ്ഥതക്കേട് നിറഞ്ഞുനിൽക്കുന്ന കവിതകളാണ് പി.എ. നാസിമുദ്ദീന്റേത്. ഒരു ജലജീവി, സുഖവും സ്വച്ഛതയും സ്വാതന്ത്ര്യവും ആഗ്രഹപൂർത്തീകരണവും എല്ലാം ചേർന്ന സ്വന്തം ജീവിതത്തിന്റെ വിഹിതങ്ങൾ അനിച്ഛാപൂർവം പങ്കിട്ടുകൊണ്ട് അതിന്റെ ശരീരത്തിനു ചുറ്റുമായി അന്യജീവഗതികളുടെ ആവാസവ്യൂഹത്തെ കൊണ്ടുനടക്കുന്നതിനു തുല്യമാണിത്. തീവ്രസംവേദനഗ്രാഹിയായ ഒരാളുടെ തലച്ചോറിൽ പറ്റിപ്പിടിക്കുന്ന ദൈനംദിനാനുഭവങ്ങളുടെ പുറ്റുകൾ ഏതുനിലക്കാണ് ഒരാളെ വഴിനടത്തുകയെന്ന് പ്രവചിക്കുക എളുപ്പമല്ല. ഈ പറ്റിക്കൂടലുകൾക്ക് ഏറ്റക്കുറച്ചിലുകളുണ്ട്. അതുപോലെ എല്ലാത്തരം മനുഷ്യരുടെയും വേവലാതിയുമല്ല അവ. ചിലതരം സവിശേഷജീവിതങ്ങളുടെ ഭാഗമാണ്. കാവ്യജീവിതം പൊതുവായി അത്തരത്തിലുള്ള ഒന്നാണ്.

സാധാരണമനുഷ്യരെപ്പോലെത്തന്നെയുള്ള വേഗപ്രയാണത്തിനിടയിൽ, സംവേദനത്തിന്റെ തുറുകണ്ണുകൊണ്ട് ഒപ്പിയെടുക്കുന്നതിനെയെല്ലാം കൂടെക്കൂട്ടി സ്വന്തം ആകൃതിഘടനയെ അപവർത്തിപ്പിച്ചും ചലനവേഗത്തെത്തന്നെ ബാധിച്ചും അത് മുന്നോട്ടു പോകുന്നു. എന്തുകൊണ്ടാണ് അങ്ങനെ? മുന്നിലുള്ള ലോകത്തോട് ഉദാരമാകുന്ന സമീപനംകൊണ്ടാകാം. ജീവരക്തം ഊറ്റിക്കൊടുത്തും മരണശുശ്രൂഷ അനുഷ്ഠിക്കാനുള്ള സഹതാപാർദ്രമായ ത്യാഗസന്നദ്ധതയാകാം, പറ്റിക്കൂടുന്ന സഹജീവിതങ്ങളെ ആട്ടിയകറ്റാനാവാത്ത നിസ്സഹായതയാകാം, തന്റേതുപോലെത്തന്നെയുള്ള അപരചോദനകളോടുള്ള നിസ്സംഗതയുമാകാം.

‘പോറൽ വീണ ചർമ്മങ്ങളെന്നും വിള്ളലു വീണ കോശങ്ങളെന്നും മറവിയുടെ ചതുപ്പെന്നും’ (സ്കൂൾക്കാലം) വിളിച്ചുകൊണ്ട് നിസ്സഹായമായ ഒരു ജീവിതാവസ്ഥയെ ശരീരത്തിന്റെ ഭാഷയിലേക്ക് മൊഴിമാറ്റുകയും ചെയ്യുന്നുണ്ട്. ഉദാരതയും ആർദ്രതയും ബലിസന്നദ്ധതയും ഗതികേടും നിസ്സംഗതയും ഏറിയും കുറഞ്ഞും പി.എ. നാസിമുദ്ദീന്റെ കവിതകൾ പല അനുപാതങ്ങളിൽ കൂടെക്കൂട്ടുന്നുണ്ടെന്നാണ് തോന്നിയിട്ടുള്ളത്. ഒരർഥത്തിൽ ഇങ്ങനെ അനഭിലഷണീയമായി പറ്റിക്കൂടുന്ന അനുഭവശൽക്കങ്ങളെ കുടഞ്ഞുകളയാനുള്ള മനുഷ്യാത്മാവിന്റെ വേവലാതിപിടിച്ച ശ്രമമല്ലേ കവിത? ആശ്വാസവും മോചനവുമൊക്കെയായി നാം അവയെ തെറ്റിദ്ധരിക്കുന്നതാണെങ്കിലോ?

‘റെജീനാ ഫെയി’മിലെ ഒരു കവിതയിൽ ‘പുറംലോകത്തിന്റെ രൂക്ഷതകളെ ഈ കാലത്തിന്റെ ദുസ്തരതകളെ ഞാനിവിടെ അതിജീവിച്ചു’ (മതജീവിതനാളുകൾ) എന്നെഴുതുന്നു. ഈ രക്ഷപ്പെടലിനുള്ളിൽ ഒരു വക്രോക്തിയുണ്ട്. സജീവമായ ഒരവസ്ഥയെയല്ല, ശിരസ്സും ഉടലും ചലിക്കുന്ന മൃതദേഹത്തിന്റെ അവസ്ഥയിലേക്ക് പരിണമിച്ചുകൊണ്ടാണ് ഈ അതിജീവനം. ഒരർഥത്തിൽ ആഗ്രഹിക്കുന്ന, ചോദനാഭരിതമായ ജീവിതം അസാധ്യമായതിന്റെ പ്രതിഷേധമാണ് മൃതദേഹത്തിലേക്കുള്ള പരിണാമത്തിന്റെ ലാക്ഷണികമായ അർഥം. മനുഷ്യജീവനും തടിയൻ വണ്ടിനുമിടയിൽ ഒരു നികൃഷ്ടജീവിതം മുമ്പ് ഗ്രിഗർ സാംസ കണ്ടെത്തിയതുപോലെ വിനീതമായൊരു അലങ്കാരകൽപനയാണത്.

ശീർഷകകവിതയായ ‘റെജീന ഫെയിം’ നോക്കുക. റെജീനയുടെ ആകർഷകമായ ജീവിതം എത്തിച്ചേർന്ന ചതുപ്പിനെ കാണിച്ചുതന്നുകൊണ്ടാണ് കവി പിൻവാങ്ങുന്നത്. ഒടുങ്ങാത്ത പ്രലോഭനത്തിനും അതിന്റെ ദുഷിച്ച പരിണാമത്തിനും കാരണഭൂതമായ ‘വിഷയത്തെ’ നോക്കിക്കാണുക എന്ന റോളാണ് ആഖ്യാതാവായ കവിക്കുള്ളത്; പ്രതീക്ഷക്കും പരിണാമത്തിനും ഇടയിലുള്ള വൈരുധ്യങ്ങളെ ആവാഹിക്കുക എന്ന ദൗത്യം കവിതക്കും. ഇതിൽ തികഞ്ഞ ഒരു ‘തത്സമയത്വ’മുണ്ട്. വർത്തമാനകാലത്തിൽ തറഞ്ഞുനിൽക്കാനും അതിന്റെ അനുഭവത്തെ മുഴുവൻ ഇന്ദ്രിയങ്ങളുപയോഗിച്ചു രൂക്ഷമായി ഉൾക്കൊള്ളാനുമുള്ള സന്നദ്ധതയെയാണ് ‘തത്സമയത്വ’മെന്നു പേരിട്ടത്.

സൂക്ഷിച്ചുനോക്കിയാൽ ഓരോ തരത്തിൽ ആഖ്യാതാവിന്റെ തൊട്ടടുത്തും മുന്നിലുമായുള്ള കാഴ്ചകളും കേൾവികളും അടങ്ങുന്ന ഐന്ദ്രിയാനുഭവങ്ങളുടെ കൊത്തുപണികളായി ‘റെജീനാ ഫെയിമി’ലെ 31 കവിതകളും വർത്തമാനകാലത്തെ ആവേശിക്കുന്ന അവസ്ഥ കാണാം. ‘ശരീരങ്ങളും ഇന്ദ്രിയങ്ങളും വികാരങ്ങളും ഓർമകളും കെട്ടുപിണഞ്ഞുകിടക്കുന്ന മേഖല’യായി ‘തത്സമയം’ മാറുന്നു. കാലംതന്നെയാണ് ഇടവും. മുസിരിസ്സും പഴയ സ്കൂളും ഏകാധിപതികളുടെ ഡയറിയും വാര്യൻ കുന്നത്ത് ഹാജിയും ഭൂതകാലമല്ല. വർത്തമാനത്തിലെ വിശേഷാവസരങ്ങളാണ്.

പർവീണയും റെജീനയും സൈറയും ദലീലയും സുജാതയും സ്നേഹിതയും ദേവതമാരുമെല്ലാം (നാസിമുദ്ദീന്റെ വിവിധ കവിതകളിലെ കഥാപാത്രങ്ങൾ) വർത്തമാനത്തിന്റെ പ്രലോഭനങ്ങളെ മുപ്പതു നിലകളുള്ള പണിതീരാത്ത ഫ്ലാറ്റിന്റെ തുഞ്ചത്തുകൊണ്ടുപോയി വെച്ച് പേടിപ്പിക്കുന്ന, ദുസ്തരംതന്നെയായ കാലത്തിന്റെ പ്രതീകബിംബങ്ങളും. അകന്നുമാറുന്തോറും തന്നിൽ പറ്റിപ്പിടിക്കാൻ വെമ്പിക്കുതിച്ചെത്തുന്ന തകരാറുപിടിച്ച (അകം) വാസനയുടെയും ദാരുണമായ (പുറം) ലോകത്തിന്റെയും ചിന്നിച്ചിതറിയ കഷണങ്ങൾക്ക് വേർതിരിച്ചറിയാൻ പറ്റാത്തവിധത്തിൽ ഇഴുകിച്ചേർന്നിരിക്കുന്ന സ്ഥലകാലസംയുക്തങ്ങളുടെ ഉള്ളുകൂടിയുണ്ട്. ഘനസ്വഭാവികളായ അവയെ കുടഞ്ഞെറിയാനുള്ള ദയനീയമായ ശ്രമത്തിന്റെ ഘടനാരൂപത്തെയാണ് മുകളിൽ കവിതയെന്നു വിളിച്ചുകൂടേ എന്നു ചോദിച്ചത്. നാസിമുദ്ദീൻ അതിനു ജീവിതമെന്നാണ് പേരു കൊടുത്തിട്ടുള്ളത്. (‘ഒരു വരിപോലും ഇല്ലാതെ ജീവിതം കവിതയാക്കി മണ്ണടിഞ്ഞോരേ..’, നല്ല കവിത ഏത്?)

Tags:    
News Summary - Book Review A corpse with a moving head and body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.