സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്: ‘നമ്മളെ വിശേഷിപ്പിച്ചത് പ്രജകളെന്നാണ്, അതൊരു രാഷ്ട്രീയ വീക്ഷണത്തി​െൻറ വെളിപാടാണ്’

തൃശൂരിൽ ഇടതു മുന്നണി സ്ഥാനാർഥി വി.എസ്. സുനികുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടെത്തി. സുരേഷ് ഗോപി വോട്ടർമാരെ പ്രജകളെന്ന് വിളിച്ച് അധിക്ഷേപിച്ചതിനെതിരെയുള്ള രോഷവും ഇന്ത്യയിൽ ഹിന്ദുത്വ ശക്തികൾ ഭരണഘടന തകർക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച​ുള്ള ഓർമ്മ​പ്പെടുത്തലുമാണ് പ്രസംഗത്തിൽ നിറഞ്ഞുനിന്നത്.

ചുള്ളിക്കാടി​െൻറ പ്രസംഗത്തിൽ നിന്ന്:- ‘‘ഞാൻ നിൽക്കുന്നത് തൃശ്ശൂരാണ്. തേക്കിൻകാട് മൈതാനത്തിലാണ്. ശക്തൻ തമ്പുരാ​െൻറ തട്ടകത്തിലാണ്. ഈ തട്ടകത്തിൽ ​വെച്ചാണ് ഒരു വെളിച്ചപ്പാടി​െൻറ തല ശക്തൻതമ്പുരാൻ വെട്ടിക്കളഞ്ഞത്. അങ്ങനെയൊരു വെളിച്ചപ്പാടി​െൻറ തല വെട്ടികളഞ്ഞു കൊണ്ട് പ്രതീകാത്മകമായി അദ്ദേഹം മതത്തെയും രാഷ്ട്രീയത്തെയും വേർപ്പെടുത്തുകയായിരുന്നു. അങ്ങനെ ഒരു വെളിച്ചപ്പാടി​െൻറ തല വെട്ടി കളഞ്ഞു കൊണ്ട് ശക്തൻ തമ്പുരാൻ രാഷ്ട്രീയത്തെയും മതത്തെയും വേർപെടുത്തിയ തട്ടകത്തിൽ നിന്ന് കൊണ്ടാണ് ഞാൻ സംസാരിക്കുന്നത്.

നിങ്ങൾക്കറിയാം കൊച്ചിരാജ്യം ഒരു ഹിന്ദു സ്റ്റേറ്റ് ആയിരുന്നു. തിരുവിതാംകൂർ ഒരു ഹിന്ദു സ്റ്റേറ്റ് ആയിരുന്നു​. എ​െൻറയും നിങ്ങളുടെയും പൂർവികർ ആ ഹിന്ദു സ്റ്റേറ്റിൽ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നറിയാൻ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു. നമ്മളിന്ന് ത്രേതായുഗത്തിലാണെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ട്. പക്ഷെ, പത്തൊമ്പതാം നൂറ്റാണ്ടിൽ കൊച്ചി രാജ്യം, തിരുവിതാംകൂർ രാജ്യം എന്നീ ഹിന്ദു രാജ്യങ്ങളിൽ നമ്മുടെ പൂർവികർ എങ്ങനെ ജീവിച്ചിരുന്നു എന്നറിയാൻ ബാധ്യസ്ഥരാണ്. അത് ഞാൻ വിശദീകരിക്കേണ്ട കാര്യമില്ല. അവിടെ എന്തായിരുന്നു ഇന്ന് ഹിന്ദു എന്ന് പറയുന്ന മനുഷ്യരുടെ അവസ്ഥ എന്നറിയാൻ പഴയ തലമുറയുടെ ചരിത്രം വായിച്ചു നോക്കിയാൽ മാത്രം മതിയാകും.

ചാതുർ വർണ്യത്തിൽ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തി​​െൻറ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയം ആരംഭിക്കുന്നതു തന്നെ. 1905-ലെ ബംഗാൾ വിഭജനമാണ് ഇന്ത്യയിൽ വർഗീയ രാഷ്ട്രീയത്തിന് തുടക്കംകുറിച്ചത് എന്ന് നമുക്കറിയാം. 1906 -ൽ മുസ്ലിംലീഗ് രൂപീകരിക്കപ്പെടുന്നു. 1915 ഹിന്ദുമഹാസഭ രൂപീകരിക്കപ്പെടുന്നു. 1925-ൽ ആർ.എസ്.എസ് രൂപീകരിക്കപ്പെടുന്നു.

അങ്ങനെ ഹിന്ദു രാഷ്ട്രത്തി​െൻറ രൂപകൽപന ഏതാണ്ട് 1910-15 കാലംമുതൽ നടന്നുവരുന്നു.  നമ്മുടെ പൂർവികർ സമരം ചെയ്ത്, പ്രാണത്യാഗം ചെയ്ത് നേടിയ സ്വാതന്ത്ര്യത്തെപ്രതിസന്ധിയിലാക്കുന്ന ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് നമ്മൾ ഒരിക്കലും പ്രതീക്ഷിച്ചില്ല. നമ്മുടെ പൂർവ്വികരും പ്രതീക്ഷിച്ചില്ല. പക്ഷേ അതാണ് യാഥാർത്ഥ്യം. ഹിന്ദു രാഷ്ട്രത്തിൽ ഹിന്ദുക്കളുടെ അവസ്ഥ എന്താണെന്ന് അറിയാൻ കൊച്ചിരാജ്യം എന്ന ഹിന്ദു രാജ്യത്തി​െൻറയും തിരുവിതാംകൂർ എന്ന ഹിന്ദു രാജ്യത്തി​െൻറയും അവിടുത്തെ ഭരണത്തി​െൻറയും അവിടുത്തെ സാമൂഹിക വ്യവസ്ഥയുടെയും അവിടുത്തെ മനുഷ്യാവസ്ഥയുടെ ഒക്കെ ചരിത്രം അറിഞ്ഞാൽ മതി. അന്ന് പ്രജകളായിരുന്നു നമ്മൾ. നമ്മുടെ പൂർവികർ പ്രാണത്യാഗം ചെയ്ത് നേടി തന്ന സ്വാതന്ത്ര്യം നമ്മളെ പൗരന്മാരാക്കി.

എന്നാൽ ഇന്ന് തൃശ്ശൂരിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥി നമ്മളെ വിശേഷിപ്പിച്ചത് പ്രജകളെന്നാണ്. നൂറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ-സാമൂഹ്യ പോരാട്ടങ്ങളെ തലമുറകളുടെ പ്രാണത്യാഗ​​​ത്തെ മുഴുവൻ റദ്ദ് ചെയ്തുകൊണ്ടാണ് തൃശ്ശൂരിലെ ഒരു സ്ഥാനാർത്ഥി നമ്മളെയെല്ലാം  പ്രജകളെന്ന് വിളിച്ചത്. സമരം ചെയ്തു പൗരന്മാരായി മാറിയവരാണ് നമ്മൾ. നമ്മുടെ മുൻ തലമുറയുടെ പ്രാണത്യാഗമാണ് നമ്മുടെ പൗരത്വം. ആ പൗരത്വത്തെ റദ്ദ് ചെയ്തുകൊണ്ട് തൃശൂരിലെ ഒരു സ്ഥാനാർഥി നമ്മളെ പ്രജകൾ എന്നു വിളിക്കുന്ന സന്ദർഭം ഇതിന് മുമ്പ് ഒരിക്കലും നമ്മുടെ സ്വതന്ത്ര ഭാരതത്തിലെ തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായിരുന്നില്ല.

അതൊരു രാഷ്ട്രീയ വീക്ഷണത്തി​െൻറ വെളിപാടാണ്. തുല്യതയുള്ള പൗരന്മാരായ നമ്മളെ വീണ്ടും പ്രജകളാക്കി മാറ്റുമെന്ന ഭീഷണിയാണ്. ആ ഭീഷണിയെ നേരിടാൻ ഇന്ത്യയിലെ ഓരോ സമ്മതിദായകനും ലഭിക്കുന്ന അവസരമാണ് ഈ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിൽ അന്തർഭവിച്ചിട്ടുള്ള രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല. അതിനുള്ള പ്രാപ്തി എനിക്കില്ല. പക്ഷെ, ഞാനിവിടെ വന്നത് ഈ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കാനാണ്. പൗരന്മാരായ നമ്മളെ നൂറ്റാണ്ട് നീണ്ടു നിന്ന സ്വാതന്ത്രസമരത്തിലൂടെ പൗരത്വം നേടിയ നമ്മളെ നമ്മുടെ മതനിരപേക്ഷ രാജ്യത്തെ അവഹേളിച്ചു കൊണ്ട് നമ്മളെയെല്ലാം വീണ്ടും ​പ്രജകളാക്കുമെന്ന, നമ്മുടെ രാജ്യത്ത് മതാധിപത്യം സ്ഥാപിക്കുമെന്ന നമ്മുടെ രാജ്യത്ത് ചാതുർ വർണ്യത്തിൽ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന ഭീഷണിയെ ഓരോ ഇന്ത്യക്കാരനും ഈ തെരഞ്ഞെടുപ്പിൽ നേരിടേണ്ടി ഇരിക്കുന്നു.

ഇങ്ങനെ ഒരു വലിയ പ്രതിസന്ധിയുള്ള ഒരു തെരഞ്ഞെടുപ്പ് സത്യത്തിൽ ഇതിനുമുമ്പൊന്നും ഉണ്ടായതായി എ​െൻറ ഓർമ്മയില്ല. ആ പ്രതിസന്ധിയെ നേരിടാൻ കരുത്തുള്ള പ്രതിപക്ഷമെങ്കിലും ഇന്ത്യൻ പാർലമെൻറിൽ ഉണ്ടായിരിക്കണം. ഇന്ത്യൻ പാർലമെൻറിലെ ആശയപരമായി ഏറ്റവും ശക്തമായ പ്രതിപക്ഷം ഇടതുപക്ഷമാണെന്ന് ഇക്കഴിഞ്ഞ വർഷങ്ങൾ തെളിയിച്ചിട്ടുണ്ട്. അംഗബലമല്ല. ഇന്ത്യൻ പാർലമെൻറിലെ പ്രതിപക്ഷ ആശയം. ആശയപരമായ പ്രതിപക്ഷം. ഉറച്ച പ്രതിപക്ഷം ഇടതുപക്ഷമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസി​െൻറ പാരമ്പര്യം അവകാശപ്പെടുന്ന കോൺഗ്രസി​െൻറ അവസ്ഥ എന്താണ് എന്ന് നമുക്കറിയാം. നാളെ എന്താകുമെന്ന് നമുക്കെന്നല്ല ആർക്കും അറിഞ്ഞുകൂടാ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തി​െൻറ അടിസ്ഥാന ലക്ഷ്യം ഇന്ത്യൻ ഭരണഘടനയുടെ അന്ത:സത്തയായ ജനാധിപത്യവു​ം, മതേതരത്വവും  സംരക്ഷിക്കപ്പെടുക എന്നുള്ളതാണ്. എ​െൻറയും നിങ്ങളുടെയും ഭാവി തലമുറകളുടെയും ഭാഗധേയം നിർണയിക്കുന്നതിൽ സുപ്രധാനമാണ്. മതനിരപേക്ഷത ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന് അനിവാര്യമായ ഒന്നാണ്.

ഒരു മതത്തിൻറെ ആധിപത്യം ഇന്ത്യയുടെ ഭാവിയിൽ ചോരപ്പുഴകൾ ഒഴുക്കും. അത് ജനതയെ തമ്മിലടിപ്പിക്കും. വലിയ കലാപങ്ങളിലേക്ക് നയിക്കും. അത് ഇന്ത്യൻ ജനതയെ ശിഥിലീകരിക്കും. ആത്യന്തികമായി ഇന്ത്യയെ തന്നെ ശിഥിലീകരിക്കും. ആ ശൈഥില്യത്തി​െൻറ അടിസ്ഥാനമായ വലിയ കലാപങ്ങളുടെ പ്രതിരോധത്തെ സൈന്യത്തെ കൊണ്ട്, കായികശക്തി കൊണ്ട്, അടിച്ചമർത്താൻ അധികകാലം കഴിഞ്ഞുവെന്നു വരില്ല. അങ്ങനെ ഒരു രാജ്യമായി നമ്മുടെ രാജ്യം നിലനിൽക്കണമെങ്കിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവകാശം ഉണ്ടാകണം. ജാതിക്കതീതമായി, മതത്തിന് അതീതമായി, വംശത്തിന് അതീതമായി, ഗോത്രങ്ങൾക്ക് അതീതമായി, ഭാഷകൾക്ക് അതീതമായി, എല്ലാ മനുഷ്യർക്കും തുല്യ അവകാശമുള്ള, തുല്യ ബഹുമാനം ലഭിക്കുന്ന, തുല്യപരിഗണന ലഭിക്കുന്ന ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടായിരിക്കണം. ആ രാഷ്ട്രീയ സംവിധാനത്തിന് അടിസ്ഥാനമാണ് നമ്മുടെ ഭരണഘടന.

നമ്മുടെ ഭരണഘടനയാണ് ഒരു മതാധിപത്യ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും വലിയ തടസം. ഇന്ന് ഇന്ത്യൻ ജനത ജാഗ്രത കാണിച്ചില്ലെങ്കിൽ ആ ഭരണഘടന തകർക്കപ്പെടും. തിരുത്തപ്പെടൽ മാത്രമല്ല. ഭരണഘടനയിൽ പലതവണ തിരുത്തൽ നടത്തിയിട്ടുണ്ട്. എന്നാലത് തകർക്കപ്പെടുമെന്ന ഭീഷണിയുടെ മുമ്പിലാണിപ്പോൾ ഇന്ത്യൻ ജനത. ഏതാണ് ഇന്ത്യയുടെ വിശുദ്ധ പുസ്തകം എന്നതിന് ഇന്ത്യക്ക് ഒരു വിശുദ്ധ പുസ്തകമേ​യുള്ളൂ അത് ഭരണഘടനയാണ്’’- ചുള്ളിക്കാട് പറഞ്ഞു. 

Tags:    
News Summary - Balachandran Chullikad criticized Suresh Gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT