കോഴിക്കോട്: എം.ടിയുടെ ജീവിതവുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറയുന്നുവെന്ന് ആരോപിച്ച് പുസ്തകത്തിനെതിരെ എം.ടിയുടെ മക്കൾ. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകത്തിനെതിരെയാണ് എംടിയുടെ മക്കളായ സിതാരയും, അശ്വതി നായരും ഫേസ്ബുക്കിൽ കുറിപ്പിട്ടത്.
പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്നും ഇരുവരും പറയുന്നു. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം.ടി.വാസുദേവൻ നായർ എന്ന ഞങ്ങളുടെ അച്ഛൻ മരിച്ച് ഒരു വർഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യാനും ഉദ്ദേശിച്ച്, അതുവഴി ആർജിക്കുന്ന ‘കുപ്രസിദ്ധിയിലൂടെ’ പുസ്തകം വിറ്റു പോവാനും രചയിതാക്കൾക്ക് ശ്രദ്ധ കിട്ടാനും നടത്തിയ കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഇരുവരും ആരോപിക്കുന്നു.
പുസ്തകത്തിലെ പല പരാമർശങ്ങളും എം.ടിയെ കുറിച്ചുള്ള ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. പറഞ്ഞു കേട്ട അറിവുകൾ വെച്ചാണ് പുസ്തകം എഴുതിയിരിക്കുന്നതെന്ന് ആർക്കും മനസിലാവും. ഇതുകാരണം മക്കളെന്ന നിലയിൽ തങ്ങളും കുടുംബവും മനോവിഷമം അനുഭവിക്കുകയാണെന്നും സിതാരയും അശ്വതിയും പറയുന്നു.
പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യരുത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കം അർധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്ന് പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അതുകൊണ്ട് തന്നെ സാംസ്കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഉറപ്പാണെന്ന് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എംടിയുടേയും ആദ്യ ഭാര്യ പ്രമീള നായരുടേയും മകളാണ് സിതാര. രണ്ടാമത് വിവാഹം ചെയ്ത കലാമണ്ഡലം സരസ്വതിയിൽ ജനിച്ച മകളാണ് അശ്വതി നായർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.