ഇംതിയാസ്
ഖുറൈഷി
ടെലിഫോൺ കോളുകൾക്ക് ചെലവേറിയ ഒരു കാലത്തു പ്രവാസികളെ സ്വന്തം നാടുമായി ബന്ധിപ്പിച്ചിരുന്ന ഏക മാർഗമായിരുന്നു തപാലുകൾ. ഇ-മെയിലുകളുടെ വരവോടെയാണ് തപാൽ സേവനങ്ങൾക്ക് പ്രതാപം നഷ്ടപ്പെട്ടത്. എന്നാൽ തപാൽ സ്റ്റാമ്പുകളുടെ പ്രൗഢി ഇനിയും മങ്ങിയിട്ടില്ല.
സ്റ്റാമ്പ് ശേഖരിക്കുന്ന ‘ഫിലാറ്റ്ലി’ ഇന്നും ജനപ്രിയ ഹോബിയായി തുടരുകയാണ്. ഓരോ കാലഘട്ടത്തെയും അടയാളപ്പെടുത്തുന്ന തപാൽ മുദ്രകളുടെ ശേഖരം കൊണ്ട് വ്യത്യസ്തനാവുകയാണ് ദുബൈയിൽ പ്രവാസിയായ കാസർകോട് സ്വദേശി ഇംതിയാസ് ഖുറൈഷി.
ഇംതിയാസ് ഖുറൈഷിയുടെ സ്റ്റാമ്പ് ശേഖരത്തിൽനിന്ന്
25000ത്തിലേറെ തപാൽ മുദ്രകളുണ്ട് ഇദ്ദേഹത്തിന്റെ ശേഖരത്തിൽ. ഏറ്റവും നീളമേറിയ സ്റ്റാമ്പുകൾ മുതൽ സ്വർണത്തിലും പ്ലാറ്റിനത്തിലും വെള്ളിയിലും, ഇരുമ്പിലും, മരത്തിലും നിർമിച്ച സ്റ്റാമ്പുകൾ വരെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
ടെന്നിസ് രൂപത്തിൽ, മാസ്കിന്റെ രൂപത്തിൽ, ഒട്ടിപ്പിടിക്കുന്നവ, ഗാഫ് വിത്തുകൾ, ഗോതമ്പു വിത്തുകൾ അടങ്ങിയ സ്റ്റാമ്പുകൾ, റബർ, പ്ലാസ്റ്റിക്, 3ഡി, സെറാമിക് ലെൻസ്, നിയോൺ, ചലിക്കുന്ന തരത്തിലുള്ളവ, പാറയിൽ തൊടുന്ന അനുഭവമുളളവ, ക്രിപ്റ്റോ, സുതാര്യമായ രീതിയിലുള്ളവ, ഖാദി തുണിയിൽ നിർമിച്ചത് അങ്ങനെ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്ര വിത്യസ്തമായ സ്റ്റാമ്പുകളുടെ ഒരു മ്യൂസിയം ആണിദ്ദേഹം.
കോവിഡ് കാലത്തെ അടയാളപ്പെടുത്താൻ ഓസ്ട്രിയ പുറത്തിറക്കിയ സ്റ്റാമ്പുകൾ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സ്റ്റാമ്പ് തുടങ്ങി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രവുമായി ഇറങ്ങിയ പുതിയ സ്റ്റാമ്പ് വരെ ഇംതിയാസിന്റെ പക്കലുണ്ട്.
രാജാവ് അധികാരമേറ്റതിന്റെ ഏഴുപതാം വാർഷികത്തിന് തായ്ലൻഡ് പുറത്തിറക്കിയതാണ് ഏറ്റവും നീളമേറിയ സ്റ്റാമ്പ്. മുപ്പത് വർഷത്തിലേറെയായി ഇദ്ദേഹം ഈ ഹോബി തുടങ്ങിയിട്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വെല്യുപ്പ സി.എച്ച് അബ്ദുല്ലയുടെ സ്റ്റാമ്പ് ശേഖരമാണ് ഇംതിയാസിനേയും ഈ വഴിയിലേക്ക് പോകാൻ പ്രേരണയായത്.
ഇന്ത്യ രൂപീകൃതമാകുന്നതിന് മുമ്പ് കൊച്ചി ഉൾപ്പെടെ നാട്ടുരാജ്യങ്ങളിറക്കിയ തപാൽ സ്റ്റാമ്പുകൾ വെല്യുപ്പ സി.എച്ച് അബ്ദുല്ല ഇദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. ഇന്ത്യയുടേത് പോലെ യു.എ.ഇ പുറത്തിറക്കിയ എല്ലാ സ്റ്റാമ്പുകളും ഇംതിയാസ് ശേഖരിച്ചിട്ടുണ്ട്.
മൂന്ന് ഭരണാധികാരികളുടെ ചിത്രങ്ങൾ മാറി മറിയുന്ന സ്റ്റാമ്പ്. 2021 യു.എ.ഇ രൂപീകരണത്തിന്റെ അമ്പതാം വാർഷികത്തിന് പുറത്തിറക്കിയ സ്വർണം പതിച്ച എൻ.എഫ്.ടി സ്റ്റാമ്പ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2021 ദിർഹമായിരുന്നു ഇതിന്റെ വില. സുഗന്ധം വമിക്കുന്ന തപാൽ മുദ്രകളടക്കം വ്യത്യസ്തമായ സ്റ്റാമ്പുകളുടെ ശേഖരത്തിലൂടെ ഇംതിയാസ് പങ്കുവെക്കുന്നത് ചരിത്രം കൂടിയാണ്.
170 മില്ലിമീറ്റർ നീളുമുള്ള തായ്ലാൻഡിന്റെ തപാൽമുദ്രയെ പിന്നിലാക്കി കസാക്കിസ്താൻ കഴിഞ്ഞദിവസം ഏറ്റവും നീളമുള്ള സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്. 184 മില്ലിമീറ്റർ നീളമുള്ള ആ സ്റ്റാമ്പ് കൈയിൽകിട്ടാനുള്ള കാത്തിരിപ്പിലാണ് ഇംതിയാസിപ്പോൾ. എക്സ്പോ 2020യുടെ ഭാഗമായി പുറത്തിറക്കിയ ഫിലാറ്റലിക് പാസ്പോർട്ടും ഇംതിയാസിന്റെ കൈവശമുണ്ട്.
സ്റ്റാമ്പ് ശേഖരം കൂടാതെ 180ലധികം രാജ്യങ്ങളുടെ അപൂർവ നാണയ ശേഖരവും ഇംതിയാസ് ശേഖരിച്ചുവരുന്നു. പണം കൊടുത്തും വിവിധയിടങ്ങളിൽ സഞ്ചരിച്ചുമാണ് ഇവയെല്ലാം ഇദ്ദേഹം ശേഖരിക്കുന്നത്. ഒരു കാലഘട്ടത്തിന്റെ കഥകൾ പറയുന്ന സ്റ്റാമ്പുകളുടെയും അപൂർവ നാണയങ്ങളുടെയും ശേഖരം ഇനിയും വിപുലപ്പെടുത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം. ഭാര്യ: ഗസ്ന, മക്കൾ: ഇശാൻ, അയാൻ, ഇമാൻ, പിതാവ്: പ്രഫസർ സി.എച്ച്. അഹ്്മദ് ഹുസൈൻ. മാതാവ്: ഫരീന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.