തിരുവനന്തപുരം: കേരള സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പുതിയ സാഹചര്യത്തിൽ ഇത്തവണ മലയാളം മിഷൻ ഭാഷാപുരസ്കാരം സമ്മാനിച്ചത് കാഷ് അവാർഡില്ലാതെയാണ്. ഗ്രാന്റ് കുറഞ്ഞതും പഠനകേന്ദ്രങ്ങൾക്കുള്ള സഹായ ധനം കുടിശ്ശികയുള്ളതുമാണ് തിരിച്ചടിയായത്.
ഏറ്റവും മികച്ച ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിനൊപ്പം ഒരു ലക്ഷം രൂപയാണ് സാധാരണഗതിയിൽ നൽകേണ്ടിയിരുന്നത്. എന്നാൽ, പുരസ്കാരത്തിന് അർഹത നേടിയ തമിഴ്‌നാട് ചാപ്റ്ററിന് പ്രശസ്തിപത്രവും ഫലകവും മാത്രമാണ് നൽകിയത്. 25,000 രൂപ വീതം നൽകേണ്ട മറ്റ് പുരസ്കാരങ്ങൾ സമ്മാനിച്ചതും പാരിതോഷിക തുകയില്ലാതെയാണ്.
മലയാളം മിഷന്റെ നിലവിലെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ഭരണസമിതി എടുത്ത പ്രത്യേക തീരുമാന പ്രകാരമാണ് പാരിതോഷികതുക ഒഴിവാക്കിയതെന്ന് അധികൃതർ പറയുന്നു. ഈ വർഷത്തേക്ക് മാത്രമാണ് കാഷ് അവാർഡ് നൽകുന്നില്ലെന്ന് തീരുമാനിച്ചത്. ഇക്കാര്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ അറിയിച്ചതാണ്.
കണിക്കൊന്ന പുരസ്കാരം കൂടാതെ മറുനാട്ടിൽ ഭാഷാപ്രവർത്തനങ്ങൾക്ക് മികച്ച സംഭാവന നൽകുന്ന മലയാളി സംഘടനകൾക്ക് സുഗതാഞ്ജലി പുരസ്കാരം, മലയാളം മിഷന്റെ മികച്ച ഭാരവാഹികൾക്കുള്ള ഭാഷാമയൂരം പുരസ്കാരം, പ്രവാസി എഴുത്തുകാർക്കുള്ള പ്രവാസി സാഹിത്യ പുരസ്കാരം, മലയാളം മിഷൻ അധ്യാപകർക്കുള്ള ബോധി പുരസ്കാരം, മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നവർക്കുള്ള ഭാഷാ പ്രതിഭാ പുരസ്കാരം എന്നിവയാണ് മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകുന്നത്.
ഇതിൽ ഭാഷാമയൂരം, ബോധി പുരസ്കാരങ്ങൾ രണ്ടുപേർക്കു വീതമാണ് നൽകുന്നത്. മലയാളം മിഷൻ പഠന കേന്ദ്രങ്ങൾക്ക് പ്രതിവർഷം 5,000 രൂപയാണ് സഹായധനമായി നൽകുന്നത്. 2022 മുതലുള്ള സഹായം മുടങ്ങിയിരിക്കുകയാണ്. ഇത്, തീർക്കാൻ തന്നെ വലിയൊരു തുക വേണ്ടി വരും. പുതിയ സാമ്പത്തിക വർഷം മുൻ വർഷത്തേക്കാൾ കൂടുതൽ തുക ഗ്രാന്റായി ലഭിക്കുമെന്നാണ് മലയാളം മിഷന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.