നാടകത്തിൽനിന്ന്

മലയാളത്തിന്റെ രണ്ടക്ഷരം; സംവിധാനം പട്ടണം റഷീദ്

പ​ട്ട​ണം റ​ഷീ​ദി​ന്റെ മി​ക​വാ​ർ​ന്ന സം​വി​ധാ​ന​ത്തി​ൽ അ​ര​ങ്ങി​ലെ​ത്തി​യ ‘എം.​ടി: മ​ല​യാ​ള​ത്തി​ന്റെ ര​ണ്ട​ക്ഷ​രം’ എ​ന്ന നാ​ട​കം ആ​രം​ഭി​ക്കു​ന്ന​തും അ​ക്ഷ​ര​ങ്ങ​ളു​ടെ തീ​ർ​ഥ​കു​ഴി​യാ​യ മ​നു​ഷ്യ​മ​ന​സ്സി​ൽ​നി​ന്നു​ത​ന്നെ​യാ​ണ്

കവിതയുടെ തീർഥകുഴിയാണ് മനസ്സ് എന്ന് പറഞ്ഞത് മഹാകവി പി. കുഞ്ഞിരാമൻ നായരാണ്. കവി കവിതയെക്കുറിച്ചാണ് പറഞ്ഞതെങ്കിലും മനുഷ്യനെ സംബന്ധിച്ചിടത്തോളം എല്ലാം മനസ്സല്ലാതെ മറ്റെന്താണ്? അക്ഷരങ്ങൾ എവിടന്നാണ് ഉത്ഭവിക്കുന്നത്? ഏലൂർ ‘കാഴ്ച’ അവതരിപ്പിച്ച് പട്ടണം റഷീദിന്റെ മികവാർന്ന സംവിധാനത്തിൽ അരങ്ങിലെത്തിയ ‘എം.ടി: മലയാളത്തിന്റെ രണ്ടക്ഷരം’ എന്ന നാടകം ആരംഭിക്കുന്നതും അക്ഷരങ്ങളുടെ തീർഥകുഴിയായ മനുഷ്യമനസ്സിൽനിന്നുതന്നെയാണ്. പട്ടണം റഷീദും കൂട്ടരും എറണാകുളം ഫൈൻ ആർട്സ് ഹാളിലെ ആ രാത്രിയിൽ എം.ടിക്കും എം.ടി കഥാപാത്രങ്ങൾക്കും ജീവൻ നൽകുകയായിരുന്നു.

ബിനുലാൽ ഉണ്ണി എഴുതിയ തിരക്കഥയുടെ ആദ്യ വരികളിൽതന്നെയുണ്ട് പലതും. ‘അരൂപികളായി അലഞ്ഞുനടക്കുന്നുണ്ട് അക്ഷരങ്ങളുടെ ആത്മാവുകൾ. അവയൊന്നുചേർന്ന് മലയും പുഴയും കടലുമായി മാറും.’ ഒക്കെയും മനസ്സിന്റെ വിസ്മയം! നാടകാരംഭത്തിൽതന്നെ നാടകത്തിന്റെ, അല്ലെങ്കിൽ എം.ടി യുടെ രാഷ്ട്രീയവും തെളിയുന്നുണ്ട്. ‘അധികാരത്തിന്റെ അസ്ത്രമേറ്റ് ഒരു വാക്കും മുറിഞ്ഞുവീഴുന്നില്ലെന്നറിയുക. ചോദ്യത്തിന്റെ കുന്തമുനകൾ ഉയർന്നുകൊണ്ടേയിരിക്കും’ -എം.ടി എന്ന അതികായൻ രംഗത്തെത്തുകയാണ്. ആദ്യ സീനിൽതന്നെ എം.ടിയുടെ ചേഷ്ടകളിലേക്കുള്ള നടൻ രാജേഷ് അഴീക്കോടന്റെ വേഷപ്പകർച്ച പട്ടണം റഷീദ് എന്ന സംവിധായകന്റെ ഉദ്യമം വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. നാടകത്തിന്റെ അവസാന രംഗത്ത് ഇഹലോകത്തുനിന്ന് പരലോകത്തേക്കുള്ള എം.ടിയുടെ വിടവാങ്ങൽ രംഗംവരെ രാജേഷ് പകർന്നാടി. ബാബു അന്നൂരിന്റെ വെളിച്ചപ്പാടും ഗോപൻ മങ്ങാട്ടിന്റെ ബഷീറും ഡേവിഡിന്റെ എൻ.പി. മുഹമ്മദും കെ.പി.എ.സി അനിതയുടെ കുന്തിയും മീര കേശവിന്റെ ദ്രൗപദിയും സജി സോപാനത്തിന്റെ ഭീമസേനനും കളംനിറഞ്ഞാടി.

വെളിച്ചപ്പാട്

വർഷങ്ങൾക്കു മുമ്പ് സുഹൃത്തായ ഗിരീഷ് കാസറവള്ളിയുമായി സംസാരിച്ചിരിക്കുമ്പോൾ കേന്ദ്രത്തിൽ ഹൈന്ദവ ഫാഷിസ്റ്റു ശക്തികൾ അധികാരം കൈയടക്കിക്കഴിഞ്ഞിരുന്നു. ഗിരീഷ് അന്ന് ചോദിച്ചത് എം.ടിയുടെ വെളിച്ചപ്പാടിന് ഇനി പഴയതുപോലെ സ്വീകാര്യത കേരളത്തിൽപോലും ലഭിക്കുമോ എന്നായിരുന്നു. അസാധ്യം എന്ന് മറുപടി പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. എന്നാൽ, വെളിച്ചപ്പാടിലെ രാഷ്ട്രീയം ഈ കെട്ടകാലത്തും അനായാസേന വെളിച്ചത്തു കൊണ്ടുവരാൻ പട്ടണം റഷീദിനും ബിനുലാൽ ഉണ്ണിക്കും കഴിഞ്ഞു. ബാബു അന്നൂരിന്റെ മുഖഭാവങ്ങൾ പി.ജെ. ആന്റണിയെന്ന അതുല്യ നടന്റെ പ്രകടനത്തെ ഓർമിപ്പിക്കുന്നതായി. വെളിച്ചപ്പാടിനോട് എം.ടി പറയുന്നു, ‘തിരിച്ചുപോകൂ, ഇത് ദൈവങ്ങളെക്കുറിച്ച് സംസാരിക്കാൻ പറ്റിയ കാലമല്ല...’ എന്ന്.

സുൽത്താന്റെ ഭ്രാന്ത്!

ഗോപന്റെ ബേപ്പൂർ സുൽത്താൻ എം.ടിയോട്, ‘വാസു, എനിക്ക് ശരിക്കും ഭ്രാന്തുണ്ടോ’ എന്ന് ചോദിക്കുമ്പോൾ വാസു പറയുന്ന മറുപടികൾ ഓരോന്നും സമൂഹത്തെയാകെ ഉലക്കുന്നുണ്ട്. ‘ഭാവനയുടെ അതിർത്തികൾ തകർത്തു മുന്നേറുന്ന ഒരാൾക്ക് കുറച്ചൊക്കെ ഭ്രാന്തുണ്ടാകു’മെന്ന് എം.ടി പറഞ്ഞത് യാഥാർഥ്യബോധത്തോടുകൂടിത്തന്നെയാണ്. ‘ഭഗവദ്ഗീതയും കുറെ മുലകളും’ എഴുതിയ ബഷീറിനെയും വെളിച്ചപ്പാടിന്റെ സ്രാഷ്ടാവ് എം.ടിയെയും മരണാനന്തര ‘ബഹുമതി’യെന്നോണം ഇനിയും മരണം തേടി വന്നേക്കാം, മഹാത്മാവ് വീണ്ടും വീണ്ടും വധിക്കപ്പെടുന്ന വർത്തമാനകാല ഇന്ത്യയിൽ. തലയോലപ്പറമ്പിൽ നിന്ന് അക്ഷരങ്ങളുടെയും വാക്കുകളുടെയും തോണിയിൽ ബേപ്പൂരിലെത്തിയ സുൽത്താനെ ആരൊക്കെ മറന്നാലും ആ പാദസ്പർശം ഏറ്റ മണ്ണ് മറക്കില്ല.

‘എനിക്ക് പോണം, നീ എന്റെ വാസുവല്ല, ഇതെന്റെ നാടല്ല, ഞാൻ സുൽത്താനുമല്ല’ എന്ന് സുൽത്താൻ എത്ര ആവർത്തിച്ചു വാസുവിനോട് പറഞ്ഞാലും മണ്ണ് ചതിക്കില്ല എന്നതല്ലെ സത്യം, സുൽത്താനെ? പരമമായ സത്യം കണ്ടെത്തിയെന്നതാണ് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വിജയം. സുൽത്താന്റെ ജീവിതം പകർന്നാടിയ ഗോപൻ ഏറെനേരം അരങ്ങുതകർത്ത് അരങ്ങത്തല്ല, മറിച്ച്, കാണികളുടെ മനസ്സിനെത്തന്നെ അൽപനേരത്തേക്കെങ്കിലും ഉന്മാദാവസ്ഥയിലേക്കെത്തിച്ചുകൊണ്ടായിരുന്നു.

ചന്തു

‘ചന്തു’ എം.ടിയിലൂടെ പുനരാവിഷ്കരിക്കപ്പെട്ടപ്പോൾ ഏറെ ചർച്ചക്ക് വിധേയമായിരുന്നു. കഥാകാരന് ചരിത്രപുരുഷനെ രാഷ്ട്രീയവും സാമൂഹികവുമായ ദുരുദ്ദേശ്യമില്ലാതെ എങ്ങനെ വേണമെങ്കിലും തന്റെ ഭാവനക്ക് അനുസരിച്ച് ചിത്രീകരിക്കാം. ചന്തു അതിനുള്ള ഒന്നാംതരം ഉദാഹരണം. ചന്തുവിന്റെ കാര്യത്തിൽ നിരുപദ്രവകരമായ ഒരു പൊളിച്ചെഴുത്താണ് എം.ടി നടത്തിയത്. നൂറ്റാണ്ടുകളായി മലയാളിയുടെ ബോധത്തിൽ ചതിയനായി മാത്രം അറിയപ്പെട്ട ഒരു കഥാപാത്രത്തിന് പെട്ടെന്നൊരു ദിവസം മോചനം സാധ്യമല്ല. പക്ഷേ, ചന്തുവിന് പകരം എം.ടി ടിപ്പുവിനെ വീരനായകനായി ഉയർത്തിക്കാട്ടുംവിധം ഒരു പാത്രസൃഷ്ടി നടത്തിയിരുന്നെങ്കിലോ? പഴശ്ശിരാജപോലും സ്വന്തം അമ്മാവനായ കോട്ടയം രാജാവിനോടുള്ള ബ്രിട്ടീഷ് ചായ്‌വിൽ പ്രതിഷേധിച്ചാണല്ലോ ബ്രിട്ടനെ വെല്ലുവിളിച്ചത്. എന്നാൽ, പോരാട്ടത്തിനൊടുവിൽ ഹിന്ദുവായ സ്വന്തം പടനായകൻ തന്നെ ഒറ്റുകൊടുത്തതിന്റെ ഫലമായി വീരചരമം പ്രാപിച്ച ടിപ്പു ചരിത്രത്താളുകളിൽ ഇന്ന് നേരിടുന്ന ദുരന്തം എം.ടിയുടെ കഥാപാത്രമായ ചന്തു അനുഭവിക്കുന്നില്ല.


സിനിമയിലെ ചന്തുവും ഉണ്ണിയാർച്ചയും തമ്മിലുള്ള ഏറെ പ്രശസ്തമായ സംഭാഷണങ്ങൾ അതേപടി അരങ്ങത്തും ആവർത്തിക്കപ്പെട്ടപ്പോൾ വിരസതയനുഭവപ്പെട്ടു. അതുപോലെത്തന്നെ ആരോമലുണ്ണിയുടെയും കണ്ണപ്പനുണ്ണിയുടെയും വരവും. പക്ഷേ, ചന്തുവിന്റെ സാന്നിധ്യം നാടകത്തിന്റെ തിളക്കത്തിന് മാറ്റു കൂട്ടിയെന്നത് യാഥാർഥ്യം.

അറബിപ്പൊന്ന്

കടൽക്കാറ്റ് ഏറ്റുകൊണ്ടുള്ള എൻ.പി-എം.ടി കൂടിക്കാഴ്ച ഹൃദ്യമായ അനുഭവം പകർന്നുനൽകുന്നുണ്ട് നാടകത്തിൽ. അറബിപ്പൊന്നിന്റെ സ്രഷ്ടാക്കളുടെ സംഗമം. തന്മയത്വത്തോടുകൂടി ഒരുക്കപ്പെട്ട രംഗങ്ങൾ. അവർ തമ്മിലുള്ള സംഭാഷണങ്ങൾ കാഴ്ചകളെക്കാൾ ഹൃദ്യം. ‘വായനയിൽനിന്ന് നമുക്ക് ചില മോഡലുകൾ കിട്ടാനുണ്ട്’ എന്ന് എം.ടി. ‘അതെ, നമ്മളനുകരിക്കുന്നില്ലല്ലോ’ എന്ന് എൻ.പി. എഴുത്തുകാരനെ സംബന്ധിച്ച് വായനയുടെ സാധ്യതകളെക്കുറിച്ച് ഇതിനേക്കാൾ കുറിക്കുകൊള്ളുന്ന സംഭാഷണങ്ങൾ അസാധ്യംതന്നെ. തുടർന്ന് വള്ളുവനാടിന്റെ മതസൗഹാർദത്തെക്കുറിച്ചായി അവർ തമ്മിൽ ചർച്ച. ഹിന്ദുവായാലും മുസ്‍ലിമായാലും യാഥാസ്ഥിതികത്വത്തിന്റെ പിടി ഒരുപോലെയാണെന്ന് ഇരുവരും ഒരുപോലെ വിശ്വസിക്കുന്നുണ്ട്.

കാലാതീതമായി ചിന്തിക്കാനുള്ള കഴിവ് എഴുത്തുകാർ നൈസർഗികമായിത്തന്നെ ആർജിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒടുവിൽ എൻ.പി എം.ടിയോട് ഇങ്ങനെ പറയുന്നത്, ‘വാസു പറഞ്ഞത് ശരിയാണ്. നിന്റെ ഉള്ളിലില്ലേ വാസു, വറ്റാത്ത ഒരു പുഴ. ഒരിക്കലും ഒഴുകിത്തീരാത്ത നിന്റെ നിള. അതുപോലെ നമുക്കും യാത്ര തുടരാം.’ ശരിയാണ്, പക്ഷേ എങ്ങോട്ട് എന്നതാണ് ചോദ്യം. സമൂഹമനുഭവിക്കുന്ന വ്യത്യസ്ത സമ്മർദങ്ങൾ കാണികളിലേക്കെത്തുന്നുണ്ട് സംഭാഷണങ്ങളിലൂടെ. ഒടുവിൽ രംഗമവസാനിക്കുന്നത് എൻ.പിയുടെ മൃതദേഹത്തിനരികെ തളർന്നിരിക്കുന്ന എം.ടിയിലാണ്.

നമ്പൂതിരി മുതൽ ദ്രൗപദിവരെ

വാക്കുകൾക്കപ്പുറം നമ്പൂതിരിയുടെ വരകളുടെ അകക്കണ്ണിനെപ്പറ്റിയും ‘മാതൃഭൂമി’യുമായുള്ള ബന്ധത്തെപ്പറ്റിയും എം.ടി-നമ്പൂതിരി സംഭാഷണങ്ങൾ അടങ്ങിയ രംഗങ്ങൾ മറ്റൊരുതരം അനുഭൂതി പകരുന്നുണ്ട്. നമ്പൂതിരിയാ വെളിച്ചപ്പാടാടിയ ബാബു അന്നൂർ മികച്ചുനിന്നു. രണ്ടാമൂഴത്തിലെ ഭീമനും വാരാണസിയിലെ മരണത്തിന്റെ മണങ്ങളും ശവങ്ങളുടെ ഘോഷയാത്രയും എല്ലാം ഉൾപ്പെടെ വരകളുടെ നീണ്ട പ്രവാഹത്തെപ്പറ്റിയുള്ള ഇരുവരുടെയും സംസാരങ്ങൾ അടങ്ങുന്ന രംഗങ്ങൾ മികച്ചതായി.

രണ്ടാമൂഴത്തിലെ ഭീമനും ദ്രൗപദിയും തമ്മിലുള്ള ആത്മാവുലക്കുന്ന സംഭാഷണങ്ങൾ അടങ്ങിയ രംഗങ്ങളാണ് നാടകത്തിന്റെ മറ്റൊരാകർഷണം. അധികാരത്തിന്റെ ശക്തിയെപ്പറ്റി ഭീമൻ ഇനിയും പഠിക്കണമെന്ന ദ്രൗപദിയുടെ ഉപദേശത്തോടെയാണ് രംഗം കൊഴുക്കുന്നത്. ശരിയാണ്. പങ്കിട്ടുപോകാൻ ഏതു സ്ത്രീയാണ് ആഗ്രഹിക്കുകയെന്ന ഭീമനോടുള്ള ദ്രൗപദിയുടെ ചോദ്യം ഇരുതല മൂർച്ചയുള്ളതാണ്. ഭീമൻ ചെന്ന് പെടുന്ന ദശാസന്ധിയിൽ അവസാനിക്കുന്ന രംഗം. എല്ലാം സ്പഷ്ടം! ധർമവും രജതന്ത്രങ്ങളും രണ്ടാണെന്ന് പറയാതെ പറഞ്ഞുകൊടുത്തു ദ്രൗപദി. ഗംഭീരമായിട്ടുണ്ട്. തുടർന്നാണ് കുന്തിയും ഭീമനും ഒന്നിച്ചുള്ള രംഗങ്ങൾ. കുറച്ചൂടെ മുഴക്കമുള്ള ശബ്ദം ഭീമനിൽനിന്നും കാണികൾ പ്രതീക്ഷിക്കും. സ്ത്രീയുടെ കരുത്ത് എന്തെന്ന് പ്രകടിപ്പിക്കുന്നുണ്ട് കുന്തി ഭാവത്തിലും സംഭാഷണത്തിലും, എന്തിന് നോട്ടത്തിൽപോലും. കെ.പി.എ.സിയിലെ പഴയകാല നടികളിൽ അഗ്രഗണ്യരായിരുന്ന പലരെയും ഓർമിപ്പിച്ചു കുന്തിയായി വന്ന അനിത. ദ്രൗപദിയായി അഭിനയിച്ച മീര കേശവനും കുന്തിയായി രംഗത്തുവന്ന അനിതയും ഒന്നിനൊന്ന് മെച്ചം എന്ന് പറയാം. എങ്കിലും സംഭാഷണ ചാതുര്യത്തിൽ അനിതയുടെ കുന്തി ഒരുവേള കാണികളെ വിസ്മയിപ്പിക്കുന്നുണ്ട്. റഷീഖ് അഹമ്മദിന്റെ വരികൾ, ബിജിപാലിന്റെ സംഗീതം എന്നിവകൂടി ചേർന്നപ്പോൾ പട്ടണം റഷീദ്-ബിനുലാൽ ടീമിന്റെ മാജിക് തന്നെയായി മാറുകയാണ് ‘എം.ടി: മലയാളത്തിന്റെ രണ്ടക്ഷരം.’

Tags:    
News Summary - Two letters of Malayalam; directed by Pattanam Rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-01 08:46 GMT
access_time 2026-02-22 06:30 GMT