ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് വഴികാട്ടി; മലയാളിയുടെ ‘ഭക്ഷ്യബദൽ’ ഷാർജ പുസ്തകോത്സവത്തിൽ

കൊച്ചി: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ‘ഭക്ഷ്യബദൽ’ ഗ്രന്ഥവുമായി മലയാളി എഴുത്തുകാരൻ. എടത്തല കെ.എൻ.എം എം.ഇ.എസ്​ യു.പി സ്കൂളിൽ ഹെഡ്​മാസ്റ്ററായി വിരമിച്ച എൻ.എച്ച്​. ജബ്ബാറിന്‍റെ ഗ്രന്ഥമാണ്​ നവംബർ 14ന് രാവിലെ 10ന്​ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യുക.

121 രാജ്യങ്ങളിൽനിന്നായി​ 2600 സാഹിത്യകാരന്മാരും എഴുത്തുകാരും പ​ങ്കെടുക്കുന്ന ലോകത്തെ മൂന്നാമത്തെ പുസ്തകോത്സവം നവംബർ 15 നാണ്​ സമാപിക്കുന്നത്​. ആരോഗ്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ ഗണത്തിലാണ്​ ‘ഭക്ഷ്യബദൽ’ ഉൾപ്പെടുത്തിയിട്ടുള്ളത്​.

ആധുനിക ഭക്ഷണരീതികളിൽ പലതും പോഷകമൂല്യങ്ങളുടെ കാര്യത്തിൽ പിന്നാക്കം പോകുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് എൻ.എച്ച്​. ജബ്ബാർ പറയുന്നു. പ്രാദേശികമായി ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് നിത്യജീവിതത്തിൽ കൂടുതൽ പ്രാധാന്യം നൽകുക എന്നത് കാലത്തിന്റെ അനിവാര്യമായ ആവശ്യമാണ്.

തെറ്റായ ഭക്ഷണശീലങ്ങൾ മലയാളിയുടെ ആരോഗ്യസംസ്കാരത്തെ അപകടകരമായ ദിശയിലേക്ക് നയിക്കുകയാണ്. ഈ പ്രവണത തുടർന്നാൽ വരുംതലമുറയുടെ ആരോഗ്യഭാവി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് ‘ഭക്ഷ്യബദൽ’ എന്ന ആശയം മുന്നോട്ടുവെക്കുന്നതെന്ന്​ ഗ്രന്ഥകാരൻ പറയുന്നു.

നമ്മുടെ തനതായ ഭക്ഷണവിഭവങ്ങളിലേക്കും പ്രാദേശിക കാർഷിക ഉൽപന്നങ്ങളിലേക്കും പ്രകൃതിദത്തമായ ഭക്ഷണശീലങ്ങളിലേക്കും തിരിച്ചുനടക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.

എൻ.എച്ച്​. ജബ്ബാറിന്​ മികച്ച അധ്യാപകനുള്ള അഖിലേന്ത്യേ ടീച്ചേഴ്സ് ഫെഡറേഷഷൻ ഗുരുശ്രേഷ്ഠ പുരസ്കാരം, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഗുരുജ്യോതി പുരസ്കാരം, ഓൾ കേരള പി.ടി.എ അസോസിയേഷൻ ബെസ്റ്റ് ടീച്ചേഴ്സ് അവാർഡ്, ഡോ. എ.പി.ജെ അബ്ദുൽ കലാം ബസ്റ്റ് ടീച്ചർ അവാർഡ്, എടത്തല ഗ്രാമപഞ്ചായത്തിന്‍റെസമഗ്ര സംഭാവനക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്​.

‘വീട്ടിലും വിദ്യാലയത്തിലും ഒരു ഇലക്കറിത്തോട്ടം’ എന്ന പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്​. പെരുമ്പാവൂരിനടുത്ത്​ ചേലക്കുളം നാത്തേക്കാട്ട്​ കുടുംബാംഗമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.