ആദ്യ നെറ്റ്ഫ്ലിക്സ് ബുക്ക് ഫെസ്റ്റിവലിന് പാരിസിൽ തുടക്കം; സാഹിത്യലോകത്തേക്ക് വൻ ചുവടുവെപ്പുമായി സ്ട്രീമിങ് ഭീമൻ

പാരിസ്: സിനിമകളും വെബ് സീരീസുകളും മാത്രമല്ല, അവക്ക് പ്രചോദനമായ പുസ്തകങ്ങളെയും ആഘോഷിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. സാഹിത്യലോകത്തേക്കുള്ള പുതിയ ചുവടുവെപ്പിന്റെ ഭാഗമായി ആദ്യ നെറ്റ്ഫ്ലിക്സ് ബുക്ക് ഫെസ്റ്റിവലിന് ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ തുടക്കമായി. ഒക്ടോബർ 16 മുതൽ 18 വരെ നടക്കുന്ന മേളയിൽ പുസ്തകപ്രേമികൾക്കും എഴുത്തുകാർക്കും വായനക്കാർക്കും സാഹിത്യവും ദൃശ്യകലയും തമ്മിലുള്ള ബന്ധം അടുത്തറിയാൻ അവസരമൊരുക്കും.

പാരീസിലെ ഫ്രഞ്ച് നാഷണൽ ബുക്ക് സെന്ററിന്റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് 'ഗ്രൗണ്ട് കൺട്രോൾ' വേദിയിലാണ് മേള സംഘടിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ജനപ്രിയമായി മാറിയ നിരവധിയായ സാഹിത്യ കൃതികളെയും അവക്ക് പിന്നിലെ രചയിതാക്കളെയും ആദരിക്കുകയാണ് ഈ ഫെസ്റ്റിവലിലൂടെ ലക്ഷ്യമിടുന്നത്.

'ബ്രിഡ്ജർട്ടൺ', 'ലൂപിൻ', 'ദി ക്വീൻസ് ഗാംബിറ്റ്', 'ഹാർട്ട്സ്റ്റോപ്പർ', 'യൂ' തുടങ്ങിയ ആഗോളതലത്തിൽ ശ്രദ്ധ നേടിയ നിരവധി നെറ്റ്ഫ്ലിക്സ് പരമ്പരകൾ പ്രശസ്ത പുസ്തകങ്ങളെയും നോവലുകളെയും ആസ്പദമാക്കി നിർമ്മിച്ചവയാണ്. 2025-ൽ മാത്രം പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ഉള്ളടക്കങ്ങൾ 900 കോടിയിലധികം വ്യൂസ് നേടിയിട്ടുണ്ടെന്നാണ് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നത്. പ്ലാറ്റ്‌ഫോമിലെ ആകെ കാഴ്ചാ സമയത്തിന്റെ 20 ശതമാനത്തോളമാണിത്. സാഹിത്യകൃതികൾക്ക് പുതിയ തലമുറക്കിടയിൽ പ്രചാരം നൽകാനും വായനാസംസ്കാരം പ്രോത്സാഹിപ്പിക്കാനും ഇത്തരം മേളകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിൽ പ്രമുഖ എഴുത്തുകാരുമായുള്ള ചർച്ചകൾ, ടോക്ക് ഷോകൾ, ബുക്ക് ക്ലബ്ബ് സംവാദങ്ങൾ, എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ജെയ്ൻ ഓസ്റ്റിന്റെ വിഖ്യാത നോവലായ 'പ്രൈഡ് ആൻഡ് പ്രെജുഡീസ്' അടിസ്ഥാനമാക്കിയുള്ള പുതിയ സീരീസ് ഈ വർഷാവസാനത്തോടെ റിലീസ് ചെയ്യാനിരിക്കെയാണ് നെറ്റ്ഫ്ലിക്സ് പാരീസിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നത്.

നിരവധി ഫ്രഞ്ച് പ്രസാധകരുമായി ചേർന്ന് ഒരുക്കുന്ന താൽക്കാലിക ലൈബ്രറിയും മേളയിലുണ്ടാകും. നെറ്റ്ഫ്ലിക്സ് പരമ്പരകൾക്കും സിനിമകൾക്കും പ്രചോദനമായ നോവലുകൾ, കോമിക് പുസ്തകങ്ങൾ, ഗ്രാഫിക് നോവലുകൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കും. സാഹിത്യത്തെ കേന്ദ്രീകരിച്ച് പരിപാടി നേരത്തേ പ്രൈം വീഡിയോയും പാരിസിലെ ഗാലറി ജോസഫിൽ ഒരു ദിവസത്തെ 'പ്രൈം ബുക്ക് ക്ലബ് കഫേ' സംഘടിപ്പിച്ചിരുന്നു.

ഡിജിറ്റൽ വിനോദത്തിന്റെ വളർച്ചക്കിടയിലും പുസ്തകങ്ങൾക്ക് പുതിയ വായനക്കാരെ കണ്ടെത്താൻ കഴിയുന്നുവെന്നതിന്റെ സൂചനയായാണ് ഇത്തരം പരിപാടികളെ വിലയിരുത്തുന്നത്. പ്രത്യേകിച്ച്, സാധാരണയായി പുസ്തകങ്ങൾ വായിക്കാത്ത യുവതലമുറയിലേക്ക് പുതിയ എഴുത്തുകാരെയും സാഹിത്യവിഭാഗങ്ങളെയും എത്തിക്കാൻ ഇവക്ക് കഴിയും. പുസ്തകത്തിൽനിന്ന് സ്ക്രീനിലേക്കും അവിടെനിന്ന് വീണ്ടും വായനയിലേക്കുമുള്ള യാത്രക്ക് പുതിയ സാധ്യതകൾ തുറക്കുകയാണ് ഇത്തരം സംരംഭങ്ങൾ.

Tags:    
News Summary - The first Netflix Book Festival opens in Paris

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.