132 വർഷം മുൻപ് ലൈബ്രറിയിൽ നിന്ന് എടുത്ത മാസിക ഒടുവിൽ തിരിച്ചെത്തി; ഒഴിവായത് 11.5 ലക്ഷത്തിന്റെ പിഴ
കോൺകോർഡ്: അമേരിക്കയിലെ ന്യൂ ഹാംഷെയറിൽ നിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. 132 വർഷം മുൻപ് ലൈബ്രറിയിൽ നിന്ന് എടുത്ത ഒരു മാസിക ഒടുവിൽ തിരിച്ചെത്തി. കോൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് 1894 സെപ്റ്റംബറിൽ എടുത്ത ‘ദ സെഞ്ച്വറി ഇല്ലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ ആണ് 48,220 ദിവസത്തെ കാലതാമസത്തിന് ശേഷം തിരിച്ചെത്തിയത്.
ബാരിങ്ടൺ സ്വദേശിയായ 84കാരൻ ജോൺ ഹാൻസൺ ആണ് മാസിക തിരിച്ചേൽപ്പിച്ചത്. ലൈബ്രറി പിഴ ഈടാക്കുന്നത് നിർത്തിവെച്ചതായി പ്രഖ്യാപിച്ചതോടെയാണ് ഹാൻസൺ ഈ 19-ാം നൂറ്റാണ്ടിലെ മാസികയുമായി ലൈബ്രറിയിലെത്തിയത്. ഈ മാസിക കൃത്യസമയത്ത് തിരിച്ചേൽപ്പിച്ചില്ലായിരുന്നെങ്കിൽ 11.5 ലക്ഷം രൂപ (12,055 ഡോളർ) പിഴ അടക്കേണ്ടി വരുമായിരുന്നു.
എന്നാൽ പിഴ ഫ്രീസ് ചെയ്തതിനാൽ ഹാൻസണ് പിഴ നൽകേണ്ടി വന്നില്ല. ‘പതിറ്റാണ്ടുകളായി ഈ മാസിക എന്റെ വീട്ടിൽ കിടപ്പുണ്ടായിരുന്നു. അത് എങ്ങനെ എന്റെ വീട്ടിൽ എത്തി എന്ന് എനിക്ക് ഒരു ഐഡിയയുമില്ല’ ഹാൻസൺ പറഞ്ഞു.
‘പിഴ ഒഴിവാക്കിയതോടെ ഒരുപാട് പേർ കാലങ്ങളായി തിരികെ നൽകാത്ത പുസ്തകങ്ങൾ തിരികെ കൊണ്ടുവരുമെന്ന് ലൈബ്രറി അധികൃതർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ 19-ാം നൂറ്റാണ്ടിലെ ഒരു മാസിക തിരിച്ചെത്തുമെന്ന് അവർ ഒരിക്കലും കരുതിയില്ല. ‘പിഴ ഫ്രീസ് ചെയ്തതായി പ്രഖ്യാപിച്ചപ്പോൾ ഒരുപാട് സന്തോഷമുള്ള മുഖങ്ങൾ ഞങ്ങൾ കണ്ടു. തീർച്ചയായും ഒരുപാട് കാലമായി തിരികെ നൽകാത്ത പുസ്തകങ്ങൾ തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷെ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലെ എന്തെങ്കിലും തിരിച്ചെത്തുമെന്ന് ഒരിക്കലും കരുതിയില്ല’ എന്ന് ലൈബ്രറി സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
‘1894 സെപ്റ്റംബറിലെ ‘ദ സെഞ്ച്വറി ഇല്ലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ’ ന്റെ ഈ ലക്കം പതിറ്റാണ്ടുകളായി ജോണിന്റെ വീട്ടിൽ കിടപ്പുണ്ടായിരുന്നു. അത് എങ്ങനെ വീട്ടിൽ എത്തി എന്ന് അയാൾക്ക് അറിയില്ല. പക്ഷെ കോൺകോർഡ് മോണിറ്ററിൽ പിഴ ഫ്രീസ് ചെയ്ത വാർത്ത കണ്ടപ്പോൾ, അത് അതിന്റെ യഥാർത്ഥ വീട്ടിലേക്ക് തിരികെ നൽകാൻ സമയമായി എന്ന് അദ്ദേഹം തീരുമാനിച്ചു. ലൈബ്രറി കൂട്ടിച്ചേർത്തു.
1966ൽ ബോസ്കാവനിൽ നിന്ന് ബാരിങ്ടണിലേക്ക് താമസം മാറുന്നതിനിടെയാണ് താൻ ആദ്യമായി ഈ മാസിക കണ്ടതെന്ന് ഹാൻസൺ പറയുന്നു. അന്ന് പോലും അത് എങ്ങനെ തന്റെ കൈവശം എത്തി എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് കോൺകോർഡ് പബ്ലിക് ലൈബ്രറിയിൽ കാർഡ് പോലും ഉണ്ടായിരുന്നില്ല. എനിക്ക് ശരിക്കും അറിയില്ല. എനിക്ക് സമ്മാനമായി കിട്ടിയതാണോ എന്നും അറിയില്ല. അതോ വഴിയരികിൽ ഫ്രീ ബുക്ക്‌സ് എന്ന് എഴുതി വെച്ച കൂനയിൽ നിന്ന് വായിക്കാൻ വേണ്ടി ഞാൻ എടുത്തതാണോ? എനിക്ക് സത്യസന്ധമായി അറിയില്ല’ ഹാൻസൺ പറഞ്ഞു.
ഹാൻസണിന്റെ ഭാര്യ കരോൾ നല്ലൊരു വായനക്കാരിയായിരുന്നു. പതിവായി പബ്ലിക് ലൈബ്രറി സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്രയും വർഷം ഒരു പുസ്തകമോ മാസികയോ തിരികെ നൽകാതെ വീട്ടിൽ വെക്കാൻ അവർ ഒരിക്കലും അനുവദിക്കില്ലായിരുന്നുവെന്നും ഹാൻസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.