ഐഷ ആക്കിഫും ചില ചിത്രങ്ങളും

മാന്ത്രിക കരങ്ങൾ കൊണ്ട് ഫുഡ് സ്റ്റൈലിങ് ആൻഡ് ഫുഡ് ഫോട്ടോഗ്രാഫിയിൽ മായാജാലം തീർക്കുകയാണ് ദുബൈയിലെ മലയാളി പെൺകൊടി ഐഷ ആക്കിഫ്. ഫുഡ് സ്റ്റൈലിങ് ആന്‍റ് ഫുഡ് ഫോട്ടോഗ്രാഫി മേഖലയിലെ നൈപുണ്യം യു.എ.ഇക്കും ഇന്ത്യക്കും പുറമേ മറ്റു പുറം രാജ്യങ്ങളിലും ഐഷയ്ക്ക് സ്വീകാര്യത നിറച്ചു.

ഭർത്താവ് ആക്കിഫിന്‍റെ തന്നെ ട്രാവൽ മാനേജ്മെന്‍റ് കമ്പനിയിൽ കസ്റ്റമർ എക്സ്പീരിയൻസ് ഹെഡ് ആയി പ്രവർത്തിച്ചുവരികെയാണ് കോവിഡ് മഹാമാരി രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് ട്രാവൽ മേഖലകൾ മങ്ങിത്തുടങ്ങിയതോടെ ഐഷയുടെ ജോലിയിലും വിള്ളൽ വീണു. ഒഴിവുസമയം കൂടി വന്നതോടെ ഐഷ കുക്കിങ് പാഷനായ മകന്‍റെ കുക്കിങ് പരീക്ഷണങ്ങൾ തന്‍റെ കൈവശമുള്ള ഫോണിലേക്ക് ഒപ്പിയെടുക്കാൻ ശ്രമിച്ചു.

തുടരെത്തുടരെയുള്ള ഈ ശ്രമങ്ങളിലൂടെ ഭേദപ്പെട്ട ചിത്രങ്ങൾ ഐഷയ്ക്ക് ലഭിച്ചു. ഫുഡ് സ്റ്റൈലിങിനു പുറമേ ഫോട്ടോഗ്രാഫിയും ചേർത്ത് ലഭിക്കുന്ന ഔട്ട്പുട്ടുകൾ ഐഷയുടെ കലാ മികവിനെ പുറത്തുകൊണ്ടുവന്നു. ഭർത്താവ് ആക്കിഫ് സുഹൃത്തിന്‍റെ പക്കൽ നിന്നും 750 D കാമറ ഐഷക്ക് വാങ്ങി നൽകിയതാണ് വഴിത്തിരിവായത്. പിന്നീട് സോണി A74 ലേക്കുളള കുതിച്ചുചാട്ടം കരിയറിൽ തന്നെ ഗംഭീര വരവേൽപ്പ് നൽകി. അലി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ക്യാമറയെ ഐഷ തന്‍റെ അഞ്ചാമത്തെ കുഞ്ഞായി വിശേഷിപ്പിക്കുന്നു.

അലിയും ആർട്ടിഫിഷ്യൽ ലൈറ്റും 90 എം.എം മാക്രോയും ഐഷയുടെ ആത്മവിശ്വാസം പതിന്മടങ്ങ് വർദ്ധിപ്പിച്ചു. അന്തർദേശീയ തലത്തിൽ ഐഷയുടെ ഫോട്ടോഗ്രാഫിക്കു ലഭിച്ച അംഗീകാരം യു.എസ് കമ്പനിയായ ഹൈടീയുടെ (Haitea) പ്രോജക്ട് ലഭ്യമാകാൻ ഇടയാക്കി. സോണിയുടെ ഇൻറർനാഷനൽ വെബ്സൈറ്റായ സോണി ആൽഫ ഫീമെയിലിലേക്ക് തന്‍റെ രണ്ട് പ്രോജക്ടുകൾ സ്ഥാനം പിടിച്ചത് അവളുടെ ജീവിതത്തിൽ വലിയൊരു നാഴികക്കല്ലായി.

കാക്കനാട് ഇൻഫോപാർക്കിലെ ഭർത്താവ് ആക്കിഫിന്‍റെ ഇൻവെസ്റ്റ്മെന്‍റ് കമ്പനിയിൽ സ്റ്റോറീസ് ബൈ ഐഷ എന്ന ടീം രൂപവത്കരിച്ച് ഇന്ത്യയിലും യു.എ.ഇ, യു.എസ്, സിംഗപ്പൂർ തുടങ്ങിയ വിദേശ നാടുകളിലും ഫുഡ് സ്റ്റൈലിങ് ഫോട്ടോ-വീഡിയോ ഗ്രാഫിയിൽ സ്വന്തമായി ബ്രാൻഡ് സിഗ്നേച്ചർ സൃഷ്ടിക്കുവാനുള്ള ഒരുക്കത്തിലാണ് ഐഷ.

സംരംഭമേഖലകളിലെ സ്ത്രീസാന്നിധ്യങ്ങളെ ചേർത്തുപിടിച്ച് സ്ത്രീകളുടെ ഉന്നമനത്തിനും നിലനിൽപ്പിനും വുമൺ ഫോറം രൂപവതക്രിക്കുക എന്നതാണ് ഐഷയുടെ പ്രധാന ദീർഘവീക്ഷണങ്ങളിൽ ഒന്ന്. ഔപചാരിക സ്ഥാപനങ്ങളുടെയോ അധ്യാപകരുടെയോ സഹായം ഫോട്ടോഗ്രാഫിക് യാത്രയിൽ ഐഷയ്ക്ക് വേണ്ടിവന്നില്ല. ഇൻറർനെറ്റിന്‍റെ സാധ്യതകളിലൂടെയും സമാനമേഖലയിലെ പ്രഗൽഭരോടും നിരന്തരമായി സംവദിച്ച് തന്‍റെ അഭിലാഷത്തെ എത്തിപ്പിടിക്കുകയായിരുന്നു ഐഷ ആക്കിഫ്.

പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകൾ അഴിച്ചു വിടുന്നവർക്ക് മുൻപിൽ ഐഷക്ക് പറയാനുള്ളത് ഊർജ്ജം പകരുന്ന വീട്ടമ്മയുടെ കഥ കൂടിയാണ്. നാലു കുട്ടികളുടെ അമ്മയായ ഐഷക്ക് വീടും കുടുംബവും കൂടെ കാമറയും മാറ്റിനിർത്താവാത്ത വിധം പ്രിയപ്പെട്ടതാണ്. ഹൃദയവും അകക്കണ്ണും നിറയെ കാമറ ലെൻസിലൂടെ മനോഹരമായ കാഴ്ചകളാണ് ഐഷയൊരുക്കുന്നത്. അവയേകുന്ന പോസിറ്റിവിറ്റിയും പങ്കാളി ആക്കിഫും മക്കളും മാതാവ് നസീമയും പിതാവ് സിദ്ധീഖും ഒരുപോലെ നൽകുന്ന കരുത്തും കരുതലുമാണ് ഐഷയുടെ ഈ വിജയത്തിന് പിന്നിൽ.

Tags:    
News Summary - Aisha Akif: the Lady Photographer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.