‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’യുടെ സംവിധായക എയ്നാത്ത് വെയ്സ്മാൻ
തൃശൂർ: തകർക്കപ്പെട്ട ശബ്ദങ്ങളുടെ, വാക്കുകളുടെ, പ്രതിരോധങ്ങളുടെ, വംശങ്ങളുടെ ഒക്കെയും ഒടുവിലെ കരുതിവെയ്പ് എന്ന് ഫലസ്തീൻ നാടകമായ ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’യെ വേണമെങ്കിൽ ഒറ്റവാക്കിൽ വിളിക്കാം. അന്താരാഷ്ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, ഏറ്റവും കൂടുതൽ പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കൈയടിക്കേണ്ടിയിരുന്ന നാടകമായിരുന്നു അത്.
വിഖ്യാത എഴുത്തുകാരിയും നാടക പ്രവർത്തകയുമായ എയ്നാത്ത് വെയ്സ്മാൻ അണിയിച്ചൊരുക്കിയ നാടകം ഇറ്റ്ഫോക്കിൽ എത്തുന്നതിനുള്ള അനുമതിക്കായി ഇനിയും കേന്ദ്രസർക്കാറിന് മുന്നിലാണുള്ളത്. അവസാന ദിവസം വരെയും നാടക സംഘത്തെ എത്തിക്കാൻ പരിശ്രമിക്കും എന്ന് കേരള സംഗീത നാടക അക്കാദമി ഭാരവാഹികൾ പറയുന്നു.
ഗസയിലെ ഇസ്രായേൽ വംശഹത്യയുടെ എല്ലാ നിലക്കുമുള്ള അപകടങ്ങളുടെ തുറന്നപറച്ചിലാണ് ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’. ഗസയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ മാത്രമല്ലെന്നും അതിലുപരി വലിയ സാംസ്കാരിക വംശഹത്യയും ജൂത ലക്ഷ്യമാണെന്ന് എയ്നാത്ത് നാടകത്തിലൂടെ തെളിവുകൾ നിരത്തി പറയുന്നു. ഗസ നഗരം ഇസ്രായേൽ സംഘം പരിപൂർണ നാശോൻമുഖമാക്കുന്നതിന് മുമ്പ് ഗസ സിറ്റിയിലും ഖാൻ യൂനുസിലും പ്രസിദ്ധ നാടകമായ സ്റ്റാമർ മർസോക്കിന്റെ ‘ദി എമിഗ്രന്റ്സ്’ അരങ്ങേറിയിരുന്നു.
ഒരുപക്ഷേ, ഗസയിൽ അരങ്ങേറിയ അവസാന നാടകവും ഇതായിരിക്കാം. സ്വത്വ പ്രതിസന്ധികളുടെയും കുടിയേറ്റത്തിന്റെയും സങ്കീർണതകളിലൂടെ സഞ്ചരിക്കുന്ന എമിഗ്രന്റ്സ് നാടകത്തിന്റെ ഫലസ്തീൻ പുനരാവിഷ്കാരമാണ് ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’. സാംസ്കാരികമായും വംശീയമായും പരിപൂർണമായും തകർക്കപ്പെട്ട ഗസയിൽനിന്നുള്ള അവസാന ചെറുത്തുനിൽപ് എന്ന നിലക്കാണ് ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’ അന്തർദേശീയ നാടകവേദികളിൽ ശ്രദ്ധിക്കപ്പെട്ടത്. നഷ്ട സംസ്കാരങ്ങളുടെ വീണ്ടെടുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ തന്നെ സാക്ഷ്യം പറയുന്നു.
ഫലസ്തീനിൽ നിന്നുള്ള രണ്ട് നാടക നടൻമാരിലൂടെയാണ് ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’ അരങ്ങിലെത്തുന്നത്. ഇവരുടെ നാടകത്തിനിടയിൽ ‘ദി എമിഗ്രന്റ്സ്’ നാടകത്തിൽ അഭിനയിച്ച ഹൊസ്സാം അൽ മദൂൻ കടന്നുവരുന്നതും നാടകത്തിന്റെ വീണ്ടെടുപ്പുമാണ് ഇതിവൃത്തം. പ്രവാസവും കുടിയേറ്റവും സ്വത്വവും നിലനിൽപും വംശഹത്യയും ഒക്കെ ഇഴചേർന്ന നാടക പരീക്ഷണമാണ് കാണികൾക്ക് ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’ സമ്മാനിക്കുക.
ഇസ്രായേലിന്റെ സയണിസ്റ്റ് പ്രൊപഗൻഡകൾ തുറന്നുകാട്ടുകയും ഫലസ്തീൻ നീതി നിഷേധത്തിനെതിരെ പൊരുതുകയും ചെയ്യുന്ന തെൽ അവീവിൽനിന്നുള്ള നാടക പ്രവർത്തകയാണ് ‘ലാസ്റ്റ് പ്ലേ ഇന്‍ ഗസ’ യുടെ സംവിധായിക എയ്നാത്ത് വെയ്സ്മാൻ. ഷാഹിർ കബ്ഹ, റാമി സൽമാൻ എന്നിവരാണ് അഭിനേതാക്കൾ. റെയ്മൻഡ് ഹദ്ദാദ് സംഗീതവും അലക്സാൻഡ്ര ആരോൺ നിർമാണവും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.