രാജാ രവിവര്‍മ്മ പുരസ്കാരം പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായര്‍ക്ക്

ചിത്രകലാ രംഗത്ത്‌ സമഗ്രമായ സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്ക് കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് നല്‍കുന്ന പരമോന്നത അംഗീകാരമായ രാജാ രവിവര്‍മ്മ പുരസ്‌കാരം പ്രഖ്യാപിച്ചു. 2022 വര്‍ഷത്തെ പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. പ്രശസ്ത ചിത്രകാരന്‍ സുരേന്ദ്രന്‍ നായരാണ് പുരസ്കാരത്തിന് അര്‍ഹനായത്. ചിത്രകലയുടെ വിവിധ മേഖലകളില്‍ നല്‍കിയ നിസ്തുലമായ സംഭാവനകള്‍ പരിഗണിച്ചാണ് സുരേന്ദ്രന്‍ നായരെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം വിതരണ തീയ്യതി പിന്നീട് പ്രഖ്യാപിക്കും.

പ്രശസ്ത എഴുത്തുകാരനും ആര്‍ട്ട്‌ ക്യുറേറ്ററുമായ സദാനന്ദ മേനോന്‍ ചെയര്‍മാനും ചിത്രകലാകാരായ നീലിമ ഷെയ്ഖ്, ഷിബു നടേശന്‍, കെ.എം മധുസൂദനന്‍, കേരള ലളിത കലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ദൃശ്യകലയിലെ മികവ്, സ്ഥിരതയാർന്ന സാങ്കേതിക മികവ്, ശ്രദ്ധേയമായ മാനവികത, പ്രതീകാത്മക ഭാഷയുടെ ശക്തമായ പ്രയോഗം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു. സമകാലികര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്താനും ദേശീയമായും അന്തർദ്ദേശീയമായും അംഗീകരിക്കപ്പെടാനും അദ്ദേഹത്തിന്റെ കലയ്ക്ക് കഴിഞ്ഞുവെന്ന് ജൂറി വിലയിരുത്തി.

സുരേന്ദ്രൻ നായർ: ലഘു ജീവചരിത്ര കുറിപ്പ്

എറണാകുളം ജില്ലയിലെ ഓണക്കൂർ എന്ന പ്രദേശത്ത് ഒരു കാർഷിക കുടുംബത്തിലാണ് സുരേന്ദ്രൻ നായർ ജനിച്ചത്. ഓണക്കൂറിലും പിറവത്തുമായാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നന്നേ ചെറുപ്പത്തിലേ തന്നെ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹം അഞ്ചു മക്കളിലെ ഇളയ കുട്ടിയായിരുന്നു. അമ്മയും സഹോദരുമാണ് അദ്ദേഹത്തെ വളർത്തിയത്. കുട്ടിക്കാലത്ത് തന്നെ വരയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന് പുരാണ- നാടോടികഥകൾ പ്രചോദനമായി. ഇത്തരം കഥകളിലെ മൃഗങ്ങളും രാക്ഷസരും യക്ഷി -ഗന്ധർവ്വാദികളുമെല്ലാം അദ്ദേഹത്തിന്റെ ഭാവനയെ സംപുഷ്ടമാക്കി. 1975 മുതൽ 1981 വരെയുള്ള കാലഘട്ടത്തിലാണ് സുരേന്ദ്രൻ നായർ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും പെയിൻ്റിംഗിൽ ഡിപ്ലോമയും പിന്നീട് ബിരുദവും കരസ്ഥമാക്കിയത്.

കോളേജിലെ നിലവിലെ കലാപഠന രീതികളോട് ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ എതിർപ്പിൽ അദ്ദേഹവും ഭാഗഭാക്കായിരുന്നു. ഈ സമയത്താണ് അദ്ദേഹത്തിന് ആർട്ട് പീരിയോഡിക്കൽസ്, ലോക സിനിമ, രാഷ്ട്രീയ അന്വേഷണവും സാംസ്‌കാരിക ദർശനവും രൂപപ്പെടുന്ന തരത്തിലുള്ള സാഹിത്യ പരിചയം എന്നിവ ലഭിക്കുന്നത്. ഈ വർഷങ്ങളാണ് അദ്ദേഹത്തെ തന്റെ രാഷ്ട്രീയ കാഴ്ച്‌ചപ്പാടുകളിലേയ്ക്കും അത്തരത്തിൽ ഒരു ദൃശ്യഭാഷ രൂപപ്പെടുത്തുന്നതിലേയ്ക്കും നയിച്ചത്. ഇത് പിൽക്കാലത്തെ കേരളീയ കലാകാരരിലെ യുവതലമുറയെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. 1983-1986 കാലഘട്ടത്തിൽ ബറോഡയിലെ എം.എസ്. യൂണിവേഴ്‌സിറ്റിയിൽ നിന്നും പ്രിന്റ്‌ മേക്കിംഗിൽ പോസ്റ്റ് ഡിപ്ലോമ ലഭിച്ച അദ്ദേഹത്തിന്റെ ഇങ്ക് ഡ്രോയിംഗ്, പേസ്റ്റൽ വർക്കുകൾ, ലിതോഗ്രാഫുകൾ, ലിനോകട്ടുകൾ, വുഡ്‌കട്ടുകൾ, എച്ചിംങ്ങുകൾ, മോണോ പ്രിന്റുകള്‍ തുടങ്ങിയവ ഇപ്പോൾ കിരൺ നടാർ മ്യൂസിയത്തിലേയും ഡി.എ.ജി. യിലെയും കലാശേഖരത്തിൽ ഉൾപ്പെടുന്നു.

പല പല അടുക്കുകളിലൂടെയുള്ള റഫറൻസുകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. സാഹിത്യ-പുരാണ കഥാപാത്രങ്ങൾ/അഭിനേതാക്കൾ, കലാകാരനും കാഴ്ചക്കാരനും തമ്മിലുള്ള സംഭാഷണത്തിന് മധ്യസ്ഥത വഹിക്കുന്ന തരത്തിൽ സുരേന്ദ്രൻ നായരുടെ സ്വന്തം തിയട്രിക്കൽ ഇടത്തിൽ, മാറുന്ന ഒരു ലോകത്തെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് ചിത്രങ്ങളിലൂടെ അദ്ദേഹം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

1986 മുതൽ ഇപ്പോൾ 2023 വരെ അദ്ദേഹം പതിനേഴോളം ഏകാംഗ പ്രദർശനങ്ങളിലും എൺപത്തഞ്ചോളം സംഘ പ്രദർശനങ്ങളിലും 16 ആർട്ട് ഫെയറുകളിലും പങ്കെടുത്തിട്ടുണ്ട്. ലോകത്തുള്ള നിരവധി സ്വകാര്യ ശേഖരങ്ങളിൽ സുരേന്ദ്രൻ നായരുടെ ചിത്രങ്ങളുണ്ട്. ജപ്പാനിലെ ഫുക്കുവോക്ക ആർട്ട് മ്യൂസിയം, ആസ്ട്രേലിയയിലെ ക്യൂൻസ് ലാന്റ് ആർട്ട് ഗ്യാലറി, നാഷണൽ ഗ്യാലറി ഓഫ് ആസ്ട്രേലിയ, ന്യൂഡൽഹിയിലെ കിരൺ നാടാർ മ്യൂസിയം, ഡൽഹിയിലെ തന്നെ നാഷണൽ ഗ്യാലറി ഓഫ് മോഡേൺ ആർട്ട് എന്നിവിടങ്ങളിലെ കലാശേഖരത്തിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുണ്ട്. ചിത്രകാരിയും പാർട്‌ണറുമായ രേഖ റോഡ്‌വിദ്യയോടൊപ്പം വഡോദരയിൽ താമസിച്ചാണ് അദ്ദേഹം തന്റെ കലാസപര്യ തുടരുന്നത്.

Tags:    
News Summary - Raja Ravivarma award to renowned painter Surendran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT