മുസ്തഫ ചിത്രരചനയിൽ
സമകാലിക സന്ദർഭങ്ങൾ കാൻവാസുകളിലേക്ക് പകർത്തി ശ്രദ്ധേയനാവുകയാണ് മുസ്തഫ എന്ന കലാകാരൻ. ലോകത്ത് ഐക്യവും സമാധാനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുസ്തഫ തന്റെ ചിത്രങ്ങൾക്ക് ജീവൻ പകരുന്നത്. മുസ്തഫയുടെ പല ചിത്രങ്ങളും അന്താരാഷ്ട്രതലത്തിൽതന്നെ ചർച്ചയാവുകയും ചെയ്തു. മുസ്തഫയുടെ ഓരോ ചിത്രവും ഓരോ കഥപറയും. ചിലത് പരിസ്ഥിതിയുടേത്, ചിലത് ലോക സമാധാനത്തിന്റേത്, ചിലത് ദൈന്യതയുടേത്.
തുനീഷ്യൻ എംബസിയിലേക്ക്
മുസ്തഫ വരച്ച ഒരു ചിത്രം ഈയിടെ തുനീഷ്യൻ എംബസി പ്രദർശനത്തിനായി ഈയിടെ തെരഞ്ഞെടുത്തു. തുനീഷ്യൻ ടെന്നിസ് താരമായ ഓൺസ് ജാബർ മത്സരവിജയത്തിനുശേഷം ഫലസ്തീനിൻ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെയോർത്ത് കണ്ണീർ വാർക്കുന്ന ചിത്രമായിരുന്നു അത്. ആ ചിത്രത്തിന് സമാധാനത്തിന്റെ പുതിയ മാനംനൽകി കാൻവാസിലേക്ക് പകർത്തുകയായിരുന്നു മുസ്തഫ. ‘പീസ് മെസേജ് പിക്’ എന്നാണ് തുനീഷ്യൻ എംബസി ആ ചിത്രത്തെ വിശേഷിപ്പിച്ചത്. എംബസിയുടെ സമുച്ചയത്തിൽ പ്രദർശനത്തിനുവെച്ചിരിക്കുകയാണ് ആ ചിത്രമിപ്പോൾ.
കണ്ണൂരിൽ പൊലീസ് ക്ലബിലായിരുന്നു മുസ്തഫയുടെ ആദ്യ ചിത്രപ്രദർശനം, 2014ലെ ഒരു ദേശീയ വനിതാദിനത്തിൽ. 2013ലെ ദേശീയ വനിതാ ദിനവുമായി ബന്ധപ്പെട്ടു വന്ന ഒരു പത്ര വാർത്തയാണ് മുസ്തഫയെ ദേശീയ വനിതാ ദിനത്തിലേക്ക് ചിത്ര സന്ദേശങ്ങൾ വരക്കാൻ പ്രേരിപ്പിച്ചത്. ചിത്രങ്ങൾ കണ്ട് അതിന്റെ പ്രാധാന്യം മനസ്സിലാക്കിയ വനിതാ സെൽ സർക്കിൾ ഇൻസ്പെക്ടർ പൊലീസ് ക്ലബിൽ ചിത്ര പ്രദർശനത്തിനു വേദി ഒരുക്കുകയായിരുന്നു.
പാരിസ്ഥിതിക വിനാശങ്ങളുടെ അപകടകരമായ അവസ്ഥകളും മുസ്തഫയുടെ ചിത്രങ്ങൾക്ക് വിഷയമായി. കിങ് ഓഫ് അറേബ്യ എന്ന പേരിലുള്ള ചിത്ര പരമ്പരയാണ് മുസ്തഫയുടെ കാൻവാസിൽ വിരിയുന്ന മറ്റൊന്ന്. കുട്ടികൾക്കുവേണ്ടിയുള്ള ചിത്രരചനാ പരിശീലനങ്ങളും പ്രദർശനവുമെല്ലാം മുസ്തഫയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.