മീനാക്ഷി ബദോദി
സപ്തഭാഷാ ഭൂമി എന്നാണ് പൊതുവേ കാസർകോട് ജില്ല അറിയപ്പെടുന്നതെങ്കിലും ബഹുഭാഷാ ഭൂമിയായാണ് നാട്ടുകാർ പറയുന്നത്. ലിപിയുള്ളതും ഇല്ലാത്തതുമായ നിരവധി ഭാഷകളാണ് കാസർകോടിനെ മറ്റു ജില്ലകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ ലിപിയില്ലാത്ത ഒരു ഭാഷയാണ് കൊറഗ. കാസർകോട്-കർണാടക അതിർത്തിയിലെ കൊറഗ വിഭാഗക്കാർമാത്രം സംസാരിക്കുന്ന ഭാഷ. 2011ലെ സെൻസസ് പ്രകാരം വെറും 1805 പേർ മാത്രമുള്ള വിഭാഗമാണ് കൊറഗ. പട്ടികവർഗ വിഭാഗത്തിൽ പെടുന്ന കൊറഗക്കാരിൽനിന്നും ഉയർന്നുവന്ന കവയിത്രിയാണ് മീനാക്ഷി ബദോദി. കൊറഗ സംസ്കാരത്തെ കുറിച്ചും കേരളത്തിൽ ഇന്നും നിലനിൽക്കുന്ന ജാതി പ്രശ്നത്തെ കുറിച്ചുമെല്ലാം തന്‍റെ കവിതകളിലൂടെ പുറംലോകത്തേക്ക് എത്തിക്കുകയാണ് മീനാക്ഷി. ദലിത് കവയിത്രി എന്ന് അറിയപ്പെടാനാണ് അവർക്ക് ഇഷ്ടം. വിദ്യാഭ്യാസത്തിൽ പുറകോട്ടുനിൽക്കുന്ന കൊറഗ വിഭാഗത്തിൽനിന്നും കേരളത്തിലെ ആദ്യത്തെ എം.എക്കാരിയായി മാറിയ കവയിത്രി മീനാക്ഷി ബദോദിയുമായുള്ള സംഭാഷണത്തിൽനിന്ന്.
തുളു, കൊങ്ങിണി, കൊറഗ തുടങ്ങി കേരളത്തിൽ ലിപിയില്ലാത്ത ഭാഷകൾ ധാരാളമുണ്ട്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മിഞ്ച പഞ്ചായത്തിലെ പുഴൂരിലാണ് 35കാരിയായ മീനാക്ഷി ബദോദിയുടെ വീട്. സ്കൂളിൽ പഠിക്കുന്ന സമയംതൊട്ട് പുസ്തകങ്ങളിൽ കവിത എഴുതുമായിരുന്നു. എങ്കിലും ആരെയും കാണിച്ചിരുന്നില്ല. കേരളത്തിലാണെങ്കിലും കന്നടയാണ് ആ മേഖലയിലെ പ്രധാന ഭാഷ. മീനാക്ഷിയുടെ ഐച്ഛിക വിഷയവും കന്നടയാണ്. ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം കന്നടയിലായിരുന്നു. കണ്ണൂർ യൂനിവേഴ്സിറ്റിയിൽ എം.ഫിൽ ചെയ്യുമ്പോഴാണ് മീനാക്ഷിയുടെ കവിതകൾ ഗൈഡ് ആയ ഡോ. യു. മഹേശ്വരി കാണുന്നത്. കന്നട കവയിത്രിയായിരുന്നു അവരും. ലിപിയില്ലാത്തതിനാൽ കന്നടയിലായിരുന്നു എഴുത്ത്. അമ്മയെ കുറിച്ച് എഴുതിയ ‘എന്‍റെ അമ്മ’ എന്ന കവിത മഹേശ്വരിയുടെ ശ്രമഫലമായി കന്നടയിലെ പ്രാദേശിക പത്രമായ ‘കാറവലി’ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട കവിതയാണിത്. പിന്നീട് കോളജിലും മറ്റുമായി നിരവധി കവിയരങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
കൊറഗ വിഭാഗത്തെ കുറിച്ചാണ് മീനാക്ഷിയുടെ കവിതകളിൽ അധികം തെളിഞ്ഞുനിന്നിരുന്നത്. കുട്ട നെയ്ത്ത് കുലത്തൊഴിലായ കൊറഗക്കാരിൽ വിദ്യാഭ്യാസം ലഭിച്ചവർ വളരെ കുറവാണ്. കൊറഗ വിഭാഗത്തിലെ ആദ്യ എം.എക്കാരിയാണ് മീനാക്ഷി. 2016ൽ രാഷ്ട്രപതിയുടെ റിപ്പബ്ലിക് വിരുന്നിൽ പങ്കെടുക്കാൻ അവസരം ലഭിച്ച കേരളത്തിൽനിന്നുള്ള ഒരേയൊരു പട്ടികവർഗ വിഭാഗക്കാരിയാണ് മീനാക്ഷി. അന്ന് പ്രണബ് മുഖർജി ആയിരുന്നു രാഷ്ട്രപതി. പരേഡ് നേരിട്ട് കാണാനും രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുക്കാനും കഴിഞ്ഞത് ഇന്നും അഭിമാനത്തോടെയാണ് മീനാക്ഷി ഓർക്കുന്നത്. ജീവിതത്തിൽ ആദ്യമായി വിമാനത്തിൽ യാത്ര ചെയ്തതും അന്നായിരുന്നു. അമ്പതോളം കവിതകൾ മീനാക്ഷി ഇതുവരെ എഴുതിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇവ പോസ്റ്റ് ചെയ്യാറുണ്ട്. തുളു കവിയും കാസർകോട് ജില്ലക്കാരനുമായ സുന്ദര ബാറടുക്കയാണ് തനിക്ക് കവിതകൾ എഴുതുന്നതിന് എന്നും പ്രചോദനമായതെന്നും മീനാക്ഷി പറയുന്നു.
ചന്ദ്രഗിരിപ്പുഴക്ക് അപ്പുറമാണ് കൊറഗ വിഭാഗക്കാർ താമസിക്കുന്നത്. വിവാഹത്തിലൂടെയും മറ്റും കുറേ പേർ താമസം മാറിയതൊഴിച്ചാൽ ഇന്നും കൊറഗ വിഭാഗക്കാരുടെ മേൽവിലാസം പുഴക്ക് അപ്പുറം തന്നെയാണ്. മറാട്ടി, മലക്കുടിയർ, മാവിലൻ തുടങ്ങി വിവിധ വിഭാഗക്കാർ ഈ മേഖലയിലുണ്ട്. എല്ലാവരുടെയും പ്രധാന ഭാഷ കന്നടയാണ്. സ്കൂളുകളിലും കന്നടയാണ് പഠിപ്പിക്കുന്നത്. മലയാളം അറിയാത്തതിനാലും മറ്റുചില കാരണങ്ങളാലും കൊറഗ വിഭാഗക്കാർക്ക് സർക്കാർ ജോലി എന്നത് ഇന്നും ഒരു സ്വപ്നം മാത്രമാണ്. കന്നട ഭാഷയിൽ പരീക്ഷ എഴുതാമെങ്കിലും ഭൂരിഭാഗം തസ്തികകളിലും മലയാളമാണ് മുഖ്യം. തുടർപഠനങ്ങൾക്ക് പോകുന്ന കുട്ടികളും ഈ വിഭാഗത്തിൽ വളരെ കുറവാണ്. പരമാവധി പത്താം ക്ലാസ് വരെയാണ് ഇവർ പഠിക്കുക. ഉയർന്ന ക്ലാസുകളിൽ മലയാളത്തിലോ ഇംഗ്ലീഷിലോ ക്ലാസെടുക്കുന്നത് മനസ്സിലാക്കാൻ പ്രയാസമുള്ളതിനാൽ പലരും പഠനം ഉപേക്ഷിക്കുകയാണ് പതിവ്. കൊറഗക്കാർക്കായി പ്രത്യേക റിക്രൂട്ട്മെന്‍റും നടത്താറില്ല.
കൊറഗ സമുദായത്തിന്‍റെ സംസ്കാരത്തെപ്പറ്റിയും ദലിത് വിഭാഗങ്ങൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരെയുമാണ് മീനാക്ഷിയുടെ കവിതകൾ സംസാരിക്കുന്നത്. കൂടുതൽ പഠനത്തിനായി പിഎച്ച്.ഡിക്ക് ശ്രമിക്കുന്നുണ്ട്. ഭാവിയിൽ ഈ കവിതകളെല്ലാം പുസ്തകമായി പ്രസിദ്ധീകരിക്കണമെന്നാണ് മീനാക്ഷിയുടെ ആഗ്രഹം. സമകാലിക രാഷ്ട്രീയമെല്ലാം ശ്രദ്ധിക്കാറുള്ള മീനാക്ഷിക്ക് എല്ലാത്തിലും കൃത്യമായ അഭിപ്രായവുമുണ്ട്. തങ്ങളുടെ സമുദായത്തിൽനിന്നും കൂടുതൽ പേർ പഠിച്ച് മുന്നോട്ടുവരണമെന്നാണ് ആഗ്രഹമെങ്കിലും ‘നീ പഠിച്ചിട്ട് എന്താ ഗുണമുണ്ടായത്. ജോലിയൊന്നുമില്ലല്ലോ’ എന്നാണ് നാട്ടുകാർ തന്നോട് ചോദിക്കുന്നതെന്ന് മീനാക്ഷി പറയുന്നു. കുലത്തൊഴിലായ കുട്ടനെയ്ത്താണ് ഇപ്പോഴും സമുദായക്കാർ ചെയ്യുന്നത്. എന്നാൽ കുട്ടനെയ്ത്തിനുള്ള മുളകൾ കിട്ടാത്തതും ഉൽപന്നത്തിന് വിപണിയില്ലാത്തതും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കൗതുകമുണ്ടാക്കുന്ന പേരുകളാണ് കൊറഗ സമുദായത്തിലെ ആളുകൾക്കുള്ളത്. ഒരു കുട്ടി ജനിക്കുമ്പോൾ പ്രാകൃതമായ പേരാണ് ആദ്യം ഇടുക. ഇതെല്ലാം ആഴ്ചകളുമായി ബന്ധപ്പെട്ടവയാണ്. കൂടാതെ പ്രാണികളുടെയും മൃഗങ്ങളുടെയും നാടുകളുടെയും പേര് വരെ ഇവിടത്തുകാർ ഇടാറുണ്ട്. ഞായറാഴ്ച ജനിക്കുന്ന ആൺകുട്ടികൾക്ക് അയിത്ത എന്നും പെൺകുട്ടികൾക്ക് അയിത്തേ എന്നും പേര് വെക്കും. തിങ്കളാഴ്ച ജനിക്കുന്നവർക്ക് ചോമ, ചോമി എന്നായിരിക്കും. ചൊവ്വാഴ്ചക്കാർക്ക് അംഗാര എന്നായിരിക്കും. ബുധനാഴ്ചക്ക് പ്രത്യേകിച്ചൊന്നുമില്ല. വ്യാഴാഴ്ചക്കാർക്ക് ഗുറുവാ എന്നായിരിക്കും പേര്. വെള്ളിയാഴ്ചയാണെങ്കിൽ ആൺകുട്ടികൾക്ക് ചുക്കറ എന്നും പെൺകുട്ടികൾക്ക് ചുക്കുറു എന്നും പേര് നൽകും. ശനിയാഴ്ചയാണെങ്കിൽ ശനിയാറു എന്ന് പെൺകുട്ടികൾക്കും ആൺകുട്ടികൾക്ക് ചനിയ എന്നും പേര് നൽകാറുണ്ട്.
അച്ഛനും അമ്മയും സഹോദരനും ഭർത്താവും മകനും അടങ്ങുന്നതാണ് മീനാക്ഷി ബദോദിയുടെ കുടുംബം. അച്ഛൻ ശേഖരൻ, അമ്മ തുക്കുറു, സഹോദരൻ വിശ്വനാഥ്. എല്ലാവരും കൂലിപ്പണി ചെയ്യുന്നവരാണ്. ഭർത്താവ് രത്നാകരൻ ഓട്ടോറിക്ഷ ഡ്രൈവറാണ്. മകൻ മോക്ഷിത് അഞ്ചാം ക്ലാസിൽ പഠിക്കുന്നു. മീനാക്ഷിയെപ്പോലെ കുടുംബത്തിലാർക്കും കവിതകളോട് താൽപര്യമില്ല. നിലവിൽ കുമ്പളയിൽ െട്രെബൽ ഫെസിലിറ്റേറ്റർ ആയി പ്രവർത്തിക്കുകയാണ് മീനാക്ഷി. ഈ വർഷമാണ് ജോലിയിൽ പ്രവേശിച്ചത്. അതിനിടയിലാണ് കവിതയെഴുത്തിലും കവിയരങ്ങുകളിലും നിത്യസാന്നിധ്യമാകുന്നതും. ഗോത്രഭാഷാ കവികളിലെ നിറസാന്നിധ്യമാണ് മീനാക്ഷി ബദോദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.