അഞ്ചാംമൈലിലെ 'അലവി മൂച്ചി'

2021ലെ മഹാമാരിയുടെ തരംഗങ്ങൾക്കിടയിലാണ് ഇത്തവണ അവധിക്ക് നാട്ടിലെത്തിയത്. കൂടെ പെരുമഴക്കാലത്തിലലിഞ്ഞ ഒരു മാമ്പഴക്കാലവും. ഓരോ മാമ്പഴം രുചിക്കുമ്പോഴും ഓർത്തു പോകുന്നത് ബാല്യത്തിലും കൗമാരത്തിലും മാവിൻകൊമ്പത്ത് ഇരുന്ന് തിന്നുതീർത്ത ഓരോ മാമ്പഴത്തിന്‍റെയും രുചിയുള്ള ഗന്ധമാണ്.

പുറത്തിറങ്ങരുത് എന്ന കർശന നിയമത്തിന് ഒരിത്തിരി അയവു വന്നപ്പോൾ പ്രഭാത സവാരി ചെന്നെത്തിയത് ചുള്ളിയോട് സുൽത്താൻബത്തേരി റോഡിലെ അലവി മൂച്ചിയുടെ ചുവട്ടിലായിരുന്നു.

ഒരുപാട് മാമ്പഴം രുചിച്ചിട്ടുണ്ടെങ്കിലും ഇത്രമേൽ മധുരമുള്ള കാട്ടുമാങ്ങാ ഇനത്തിൽപ്പെട്ട, പുളിച്ചി മാങ്ങ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചെറിയ കോഴിമുട്ടയുടെ വലുപ്പത്തിലുള്ള ഈ മാങ്ങയുടെ രുചി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അത് ഈ മാവിന്‍റെ (അലവി മൂച്ചി) മാത്രം പ്രത്യേകതയുമാണ്.

ഒരുപാട് കാലമായി കേൾക്കുന്നു അലവി മൂച്ചി എന്ന്. ഇതിൽ അലവിയും മൂച്ചിയും തമ്മിലുള്ള ആത്മബന്ധം എന്താണെന്നറിയാനുള്ള എന്‍റെ കൗതുകം ഒരുപാട് നാളായി കൊണ്ടുനടക്കുന്നു.

സുഹൃത്തുക്കളായ മൊയ്തീൻ കോയയോടും ഷിബു തങ്കച്ചനോടും കാര്യം പറഞ്ഞപ്പോൾ അലവി എന്ന ചരിത്ര പുരുഷന്‍റെ വേരുകള്‍ തേടാന്‍ തീരുമാനിച്ചു. മകനെ പരിചയപ്പെടുത്തിത്തരാം എന്നായി കോയയും ഷിബുവും. അങ്ങനെയാണ് ബാല്യത്തിൽ ഒരുപാട് നടന്നുതീർത്ത ഒാര്‍മ്മകളുടെ ഇടവഴിയിലൂടെ...

ഇന്ന് അതൊരു ടാറിട്ട റോഡ് ആയി മാറിയിരിക്കുന്നു. ചുള്ളിയോട് പ്രവാസി സംഘത്തിലെ മെമ്പറായ മുജീബ് അഞ്ചാംമൈലിന്‍റെ വീട്ടിലാണ് ആ വഴി അവസാനിക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യാപിതാവായ മഞ്ഞകണ്ടം മുഹമ്മദിന്‍റെ പിതാവാണ് പ്രസ്തുത മാവിന്‍റെ പേരിനോട് ചേർത്തുവെച്ച ആ മഞ്ഞകണ്ടം അലവി.

കൂട്ടത്തിൽ ചുള്ളിയോടുകാർക്ക് ഏവർക്കും സുപരിചിതനായ പഴയ തലമുറയിലെ ഇന്ന് ജീവിച്ചിരിപ്പുള്ള വിരലിലെണ്ണാവുന്ന എന്‍റെ പിതാവിന്‍റെ തലമുറയിൽപെട്ട ഏവരുടെയും പ്രിയങ്കരനായ ചുള്ളിയോട് പ്രവാസി സംഘത്തിന്‍റെ ജനറൽ സെക്രട്ടറിയായ അഫ്സൽ നിയാസിന്‍റെ മാതൃപിതാവായ പച്ചക്കറി ഉസ്മാൻക്ക. അദ്ദേഹത്തിന്‍റെ പുത്രനായ സിദ്ദിഖ് എന്നിവരെയും കണ്ടു സംസാരിച്ചപ്പോഴാണ് അലവി മൂച്ചി എന്ന വ്യത്യസ്തമായ നാമകരണത്തിലെ ചരിത്രത്തേകുറിച്ച് ഏകദേശം വിവരങ്ങള്‍ ശേഖരിച്ചത്.

മഞ്ഞകണ്ടം അലവി എന്ന കൗമാരക്കാരൻ മലപ്പുറം കുന്നുമ്മൽനിന്നും പലായനം ചെയ്യുന്നത് അന്നത്തെ കാലത്തെ മിക്ക കൗമാരക്കാരെയും പോലെ അല്ലെങ്കിൽ അന്നത്തെ ഒരു നിയോഗം പോലെ സ്വന്തം ദേശം വിട്ടുപോകുന്ന ഒരു പതിവായാണ്. അങ്ങനെ ചെന്നെത്തി പല നാടുകളിലും ഭരണത്തിന്‍റെ സിരാ കേന്ദ്രങ്ങളിലെത്തിയവർ പോലുമുണ്ട് ചരിത്രത്തിൽ.

നമുക്ക് നമ്മുടെ കഥാനായകനായ, അല്ലെങ്കിൽ മൂച്ചിയുടെ നായകനായ അലവി കുറിച്ച് പറയാം. പത്താം വയസ്സിൽ മലപ്പുറം കുന്നുമ്മലിലെ വീട്ടിൽ നിന്നും നാടുവിട്ട് എത്തിപ്പെട്ടത് സിംഗപ്പൂരിലാണ്. സിംഗപ്പൂരിൽ അറിയാവുന്ന ജോലികൾ, സൗഹൃദങ്ങൾ പിന്നെ സ്വാഭാവികമായും വിവാഹം, വധു സിംഗപ്പൂർകാരി. സുഖജീവിതത്തിനിടയിൽ ഒരു ദുരന്തം വന്നുപ്പെട്ടു. അലവിയെയും രണ്ടുമക്കളെയും തനിച്ചാക്കി പ്രിയതമയുടെ മരണം.



(മഞ്ഞകണ്ടം അലവി)


 രണ്ടു മക്കളെയും കൊണ്ട് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരവ്. ഒരു മകളും, മകനും. മകൾ മലപ്പുറത്ത് ജീവിച്ചിരിപ്പുണ്ട്.അധികം താമസിയാതെ വന്നെത്തിയത് തോവരിമല എസ്റ്റേറ്റിലെ വല്ലപ്പോഴുമുള്ള ജോലിക്ക്. വീട് ഉണ്ടാക്കാനുള്ള മൺകട്ട ഉണ്ടാക്കുന്ന ജോലി. അന്നത്തെ കാലത്ത് ഒരുപാട് വീടുകൾക്ക് ആവശ്യമായ കട്ട മുറിച്ച് കൊടുത്തിട്ടുണ്ട്.

സഹോദരിയുടെ കൂടെ മക്കളെയും കൊണ്ടുള്ള താമസം. സഹോദരിയുടെ വിയോഗത്തോടെ അഞ്ചാം മൈലിലേക്ക് താമസവും വിവാഹവും. മാടക്കരയിലെ താമസവും വിവാഹവും. അതെന്‍റെ കൗതുകത്തിൽ പെട്ടതല്ല എങ്കിലും മൂച്ചിക്കെങ്ങനെ അലവി എന്ന പേരു വന്നു എന്നുള്ളതായിരുന്നു എന്‍റെ അന്വേഷണം.

ഏറ്റവും നല്ല രുചികരമായ മാമ്പഴം കിട്ടുന്ന ഈ മാങ്ങ അതിരാവിലെ വന്നു പെറുക്കി കൂട്ടി ഒരു ചെറിയ ചാക്കിലാക്കി, തോവരിമലയിലെ എസ്റ്റേറ്റ് പാടികളിൽ ഓരോന്നിലും കൊണ്ടുചെന്ന് വിൽക്കലായിരുന്നു മാമ്പഴക്കാലമായാല്‍ അലവിയുടെ പ്രത്യേക ജോലി. അലവിക്കയും മാവും തമ്മിലുള്ള ബന്ധത്തിന്‍റെ ഒാർമയ്ക്ക്, നാട്ടുകാരും വീട്ടുകാരുംകൂടി ചാർത്തി കൊടുത്ത പേരാണ് 'അലവി മൂച്ചി' എന്ന്.

മംഗലം കാർപ്പ് എസ്റ്റേറ്റിലെ ഐസക് സൂപ്രന്‍റെ പട്ടാളചിട്ടകൾക്ക് കീഴിലാണ് അലവിയുടെ മകൻ മഞ്ഞകണ്ടം മുഹമ്മദ് എസ്റ്റേറ്റിൽ ജോലിക്ക് ചേരുന്നത്. 75 നയാപൈസ ദിവസക്കൂലി നിരക്കിൽ ജോലി ജോലി ചെയ്തിരുന്ന മഞ്ഞകണ്ടം മുഹമ്മദ് ഏതാനും വർഷം മുമ്പ് എസ്റ്റേറ്റിൽ നിന്ന് പിരിയുമ്പോൾ 75 രൂപ നിരക്കിലായിരുന്നു കൂലി. അനുകൂല്യങ്ങൾ പറ്റി വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹം ഇന്ന് 75ന്‍റെ നിറവിലാണ്.

നാട്ടറിവുകൾ നൽകുന്ന ഒരുപാട് കഥകൾ അറിയുന്ന ഇത്തരം മുതിർന്ന പൗരന്മാരെ, നാട്ടറിവുകൾ അറിയാതെ നാം വിസ്മരിച്ചു കളയുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനു മുൻപ് പഴശ്ശിപ്പടയുടെ വഴിയോര പ്രകൃതിസംരക്ഷണത്തിന്‍റെ ഭാഗമായി നട്ടുവളർത്തിയ ഒരുപാട് തണൽമരങ്ങൾ

ഇന്നും നമുക്കൊരു പാട് തണലുകളും രുചികളും തരുന്നു. എടക്കൽ ഗുഹയും അതിന്‍റെ താഴ്വരയിലെ തോവരിമലയിലെ അക്ഷര പാറരേഖകളും, കോട്ടയിലും മാടക്കരയും വെട്ടാളികരയും മംഗലകാർപ്പും കാപ്പുകരയും അഞ്ചാംമൈലും ചുള്ളിയോടും താളൂരും പാമ്പളയും കരടിപ്പാറയും ആനപ്പാറയും പാടിപ്പറമ്പും മലവയലും കോളിയാടിയും അടങ്ങുന്ന നെൻമേനി കുന്നിന്‍റെ നാട്ടറിവുകൾ ഇനിയും ഇനിയും ഒരുപാടുണ്ട്. അതെല്ലാം വരുംതലമുറയെ ഏൽപ്പിക്കുന്ന ദൗത്യം നമ്മുടെ കടമ കൂടിയാണ്.

പുതിയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി ചരിത്രം രേഖപ്പെടുത്തുക എന്നത് ശ്രമകരമാണ്. വികസനമെന്ന അത്യാവശ്യത്തിന്‍റെ പേരിൽ പ്രകൃതി സൗന്ദര്യങ്ങളെ ഇല്ലാതാക്കുന്നത് അൽപം ശ്രദ്ധയോടെയായാൽ ഒരു പരിധിവരെ നമുക്കത് നിറവേറ്റാൻ കഴിയും. കൂടെ നാട്ടറിവുകളേയും ചരിത്ര ശേഷിപ്പുകളേയും സംരക്ഷിക്കാനും. 

Tags:    
News Summary - alavi moochi of fifth mile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.