അഡിഹെക്സ് എക്സിബിഷനില്‍ നിന്ന്
അബൂദബി: എമിറേറ്റ് ഫാല്‍കണേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന 20ാമത് അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആൻഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷന് (അഡിഹെക്സ് 2023) പ്രൗഢഗംഭീര തുടക്കം. 65 രാജ്യങ്ങളില്‍ നിന്നായി 1200ലേറെ കമ്പനികളാണ് പ്രദർശനത്തിൽ പങ്കാളികളാവുന്നത്. ഭരണാധികാരിയുടെ അല്‍ ദഫ്റ മേഖല പ്രതിനിധിയും എമിറേറ്റ്സ് ഫാല്‍കണേഴ്സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ് യാന്റെ രക്ഷകര്‍തൃത്വത്തില്‍ സെപ്റ്റംബർ രണ്ടുമുതല്‍ എട്ടുവരെയാണ് അഡിഹെക്സ് 2023 അരങ്ങേറുന്നത്. 65000 ചതുരശ്ര മീറ്ററിലാണ് പ്രദര്‍ശനവേദി സജ്ജമാക്കിയിരിക്കുന്നത്.
കഴിഞ്ഞതവണത്തെ അപേക്ഷിച്ച് ഇത്തവണ 25 മടങ്ങ് പ്രദര്‍ശകർ എത്തുമെന്നാണ് പ്രതീക്ഷ. ഇതിനായി പ്രദര്‍ശനവേദി കഴിഞ്ഞതവണത്തേതില്‍ നിന്നും 12 മടങ്ങ് വിശാലമാക്കിയിട്ടുണ്ട്. പ്രദര്‍ശനം കാണാനെത്തുന്നവരുടെ എണ്ണത്തില്‍ നാലുമടങ്ങ് വര്‍ധനവുണ്ടാകുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടൽ. കഴിഞ്ഞതവണ 125 രാജ്യങ്ങളില്‍ നിന്നായി 1,20,000 സന്ദര്‍ശകരാണ് അഡിഹെക്സ് വേദിയിലെത്തിയത്. ‘സുസ്ഥിരതയും പൈതൃകവും ഒരു പുനര്ജന്മ അഭിലാഷം’ എന്നതാണ് ഇത്തവണത്തെ അഡിഹെക്സിന്റെ ആശയമെന്ന് സംഘാടക സമിതി ചെയര്മാന് മാജിദ് അലി അല്‍ മന്‍സൂരി വ്യക്തമാക്കി. സന്ദര്‍ശകര്‍ക്കായി 200ലധികം പരിപാടികള്‍ പ്രദര്‍ശന ഹാളുകളില്‍ സംഘടിപ്പിക്കുന്നുണ്ട്. സാംസ്കാരിക, പൈതൃക, കലാ മല്‍സരങ്ങളിലെ ജേതാക്കള്‍ക്കായി 64 പുരസ്കാരങ്ങളാണ് സംഘാടകര്‍ കൈമാറുക. അഡിഹെക്സില്‍ സംഘടിപ്പിക്കുന്ന ലേലങ്ങള്‍ ഇമാറാത്തിന്റെയും അറബ് പൈതൃകത്തിന്റെയും പാരമ്പര്യങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ചില സ്തംഭങ്ങളെ പരിചയപ്പെടാനുള്ള വിലപ്പെട്ട അവസരം കൂടിയാണൊരുക്കുന്നത്. പ്രദർശനത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ കലാ-കരകൗശല ലേലത്തിനൊപ്പം കത്തികളുടെ ലേലവും നടക്കും. കഴിഞ്ഞ അഡിഹെക്സില്‍ അഭൂതപൂര്‍വമായ വിജയം നേടിയ അറേബ്യന്‍ ഒട്ടകങ്ങളുടെയും ഫാല്‍ക്കണുകളുടെയും ലേലം ഇത്തവണയും അരങ്ങേറും.
പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ വേട്ട, കുതിരസവാരി, പൈതൃകസംരക്ഷണ പ്രദര്‍ശനമാണ് അഡിഹെക്സ്. വേട്ട, കുതിരയോട്ടം, മറ്റ് പരമ്പരാഗത കായിക പരിപാടികള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് ഇവിടെ സജ്ജീകരിക്കുക. ഫാല്‍ക്കണുകള്‍, കുതിരകള്‍, ഒട്ടകങ്ങള്‍, സലൂകി എന്നിവയുടെ ലേലവും സൗന്ദര്യ മല്‍സരവും പ്രദര്‍ശനത്തിലെ വേറിട്ട അനുഭവമാണ്. വേട്ടയാടല്‍, ക്യാംപിങ്, ക്യാംപിങ് ഉപകരണങ്ങള്‍, വേട്ടയാടുന്നതിനുള്ള തോക്കുകള്‍, പരിസ്ഥിതി സംരക്ഷണം, സാംസ്കാരിക പൈതൃകം, മല്‍സ്യബന്ധന ഉപകരണങ്ങള്‍, മറൈന്‍ സ്പോര്‍ട്സ് തുടങ്ങിയ 11 മേഖലകളിലാണ് അഡിഹെക്സ് പ്രദര്‍ശനം ശ്രദ്ധയൂന്നിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് ഫാല്‍ക്കണെ ലേലം ചെയ്ത് അബൂദബി അഡിഹെക്സ് എക്സിബിഷന് മറ്റൊരു ചരിത്രംകൂടി രചിച്ചിരുന്നു. അഡിഹെക്സിലെ 19ാമത് എഡിഷന്റെ ആറാം ദിവസം ഫാല്‍ക്കണറി വേദിയില്‍ തീപാറും ലേലം വിളിയാണ് അരങ്ങേറിയത്. ഒടുക്കം 1,010,000 ദിര്‍ഹത്തിന് (ഏകദേശം രണ്ടേകാല്‍ക്കോടി രൂപ) പ്യുവര്‍ ഗൈര്‍ അമേരിക്കന്‍ അള്‍ട്രാവൈറ്റ് വിഭാഗത്തിലുള്ള ഫാല്‍ക്കണ്‍ വിറ്റുപോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.