വിനോദ വേട്ടയിൽ കൊന്നൊടുക്കിയത് 1400 ഡോൾഫിനുകളെ; രക്തത്താൽ ചുവന്ന് കടൽ, ക്രൂരതക്കെതിരെ പ്രതിഷേധം

കോപൻഹേഗൻ: ഡെന്മാർക്കിലെ ഫറോ ദ്വീപിൽ വിനോദ വേട്ടയുടെ ഭാഗമായി കൊന്നൊടുക്കിയത് 1400ഓളം ഡോൾഫിനുകളെ. പരമ്പരാഗതമായി തുടർന്നുവരുന്ന വിനോദ വേട്ടക്ക് ഇവിടെ നിയമപരമായി തടസമില്ല. ഗ്രിൻഡഡ്രാപ് എന്ന് പേരിട്ടുവിളിക്കുന്ന വിനോദത്തിന്‍റെ ഭാഗമായാണ് ഈ ക്രൂരത.

ഡെന്മാർക്കിന് കീഴിലുള്ള സ്വയംഭരണാധികാരമുള്ള ദ്വീപാണ് ഫറോ. അന്‍റ്ലാന്‍റിക് സമുദ്രത്തിൽ സ്കോട്ട്ലന്‍റിനും ഐസ്ലന്‍റിനും ഇടയിലാണ് സ്ഥാനം. ഇവിടെ നൂറ്റാണ്ടുകളായി തുടർന്നുവരുന്ന ആചാരമാണ് വേട്ട. തിമിംഗലങ്ങളെയും ഡോൾഫിനുകളെയുമാണ് ഇതിന്‍റെ ഭാഗമായി വേട്ടയാടുക. മൃഗസ്നേഹികളുടെ കൂട്ടായ്മ ഇതിനെതിരെ നിരന്തരം പ്രതിഷേധമുയർത്തിയിട്ടും പ്രാദേശിക പിന്തുണയോടെ വർഷാവർഷം വേട്ട നടക്കാറുണ്ട്.




 

ബോട്ടുകളിലും മറ്റും സമുദ്രത്തിലേക്കിറങ്ങി തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും കൂട്ടത്തെ തീരത്തേക്ക് തെളിക്കുകയാണ് ചെയ്യുക. തീരത്തേക്ക് അടുക്കുന്ന ഇവയെ ചാട്ടുളികൾ, കുന്തങ്ങൾ, ഡ്രില്ലിങ് മെഷീനുകൾ, മറ്റ് മൂർച്ചയുള്ള ആയുധങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തും. ഇതോടെ ഇവയുടെ രക്തം കലർന്ന് സമുദ്രം ചുവന്ന നിറത്തിലാകും. പ്രത്യേക പരിശീലനവും ലൈസൻസുമുള്ള ആളുകൾക്ക് മാത്രമേ ഇവയെ കൊല്ലാൻ അനുവാദമുള്ളൂ. ഇവയുടെ മാംസത്തിന് ആവശ്യക്കാരുണ്ടെങ്കിൽ അവർക്ക് കൊടുക്കുകയും ചെയ്യും.




 

ഈയടുത്ത കാലത്തായി ഫറോ സർക്കാർ വിനോദ വേട്ടക്ക് പല നിബന്ധനകളും വെച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച നടന്ന വേട്ടയിൽ ആയിരക്കണക്കിന് ഡോൾഫിനുകളെ കൊന്നതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ലോകവ്യാപക പ്രതിഷേധമുയർന്നിരിക്കുകയാണ്.


അതേസമയം, ഇത് തങ്ങളുടെ സംസ്കാരത്തിന്‍റെ ഭാഗമാണെന്നാണ് ദ്വീപ് ജനതയുടെ വാദം. നിയമപരമായ സാധുതയുണ്ടെന്നും ഇവർ വാദിക്കുന്നു. കൊല്ലുന്ന ഡോൾഫിനുകളെയും തിമിംഗലങ്ങളെയും ഭക്ഷണത്തിന് ഉപയോഗിക്കുകയാണെന്നും വേട്ടയെ ന്യായീകരിക്കുന്നവർ പറയുന്നു. 


Tags:    
News Summary - 1,400 dolphins were killed in the Faroe Islands in one day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT