ബംഗളൂരു: കുഞ്ഞുണ്ടാകാത്തതിന് ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് യുവതിയെ കൊലപ്പെടുത്തി. ശേഷം, അപകടത്തിൽ മരിച്ചതാണെന്ന് വരുത്താൻ മൃതദേഹം ബൈക്കിനോട് ചേർത്തുകെട്ടി റോഡിലൂടെ വലിച്ചിഴച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. രേണുക എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് സന്തോഷ്, ഭർതൃപിതാവ് കാമണ്ണ, മാതാവ് ജയശ്രീ എന്നിവരെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്ന് ബെലഗാവി എസ്.പി ഡോ. ഭീമശങ്കർ പറഞ്ഞു. മരുമകൾക്ക് അപകടം സംഭവിച്ചതായി കാമണ്ണ പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മരിച്ചുകിടക്കുന്ന രേണുകയെയാണ് കണ്ടത്. താനും ഭാര്യ ജയശ്രീയും രേണുകക്കൊപ്പം ബൈക്കിൽ പോകുമ്പോൾ അപകടം സംഭവിച്ചെന്നായിരുന്നു കാമണ്ണയുടെ മൊഴി. എന്നാൽ, സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ വിവരം പുറത്തുവന്നത്.
അഞ്ച് വർഷം മുമ്പാണ് സന്തോഷ് രേണുകയെ വിവാഹം ചെയ്തത്. എന്നാൽ ഇവർക്ക് കുഞ്ഞുണ്ടായില്ല. ഇക്കാരണത്താൽ രേണുകയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. അടുത്തിടെ സന്തോഷ് മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്തു. ഇവർ ഗർഭിണിയായതോടെ കുടുംബം രേണുകയെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. എന്നാൽ, വീട് വിട്ടുപോകാൻ രേണുക തയാറായില്ല. തുടർന്നാണ് രേണുകയെ കൊലപ്പെടുത്താൻ മൂവരും പദ്ധതിയിട്ടത്.
ശനിയാഴ്ച ക്ഷേത്രത്തിൽ പോയി വരുംവഴി ബൈക്കിൽ നിന്ന് രേണുകയെ തള്ളിയിടുകയായിരുന്നു. റോഡിൽ വീണെങ്കിലും രേണുക മരിച്ചില്ല. തുടർന്ന് രേണുകയുടെ സാരി ഉപയോഗിച്ച് ഇവർ ബൈക്കിനോട് ചേർത്ത് കെട്ടി. ശേഷം ബൈക്കോടിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. പ്രതികളെ മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.