വിദ്യാർഥി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി; വെടിവെപ്പിൽ 17കാരൻ കൊല്ലപ്പെട്ടു

ചണ്ഡിഗഢ്: ചണ്ഡിഗഢിൽ രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് നടന്ന വെടിവെപ്പിൽ 17കാരൻ കൊല്ലപ്പെട്ടു. സെക്ടർ 22ൽ വ്യാഴാഴ്ച രാത്രി പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്നാണ് വെടിവെപ്പ് നടത്തിയത്. സംഭവത്തിൽ സെക്ടർ 22 സ്വദേശിയായ നൈതിക് ആണ് കൊല്ലപ്പെട്ടത്. മറ്റൊരു വിദ്യാർഥിക്കും ഒരു ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇതിൽ വിദ്യാർഥിയുടെ നില ഗുരുതരമാണ്.

ഒരേ സ്കൂളിൽ പഠിച്ചിരുന്ന രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിവെപ്പിൽ ഉൾപ്പെട്ട എല്ലാവരും സ്കൂൾ വിദ്യാർഥികളാണെന്ന് ചണ്ഡിഗഢ് എസ്.എസ്.പി കൻവർദീപ് കൗർ പറഞ്ഞു. വെടിവെപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളിൽ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചതായും അവർ അറിയിച്ചു.

ഇരുഗ്രൂപ്പിലെയും വിദ്യാർഥികൾ ഒരേ സ്കൂളിലാണ് പഠിച്ചിരുന്നെന്നും പിന്നീട് സംഭവത്തിൽ ഇരകളായ വിദ്യാർഥികൾ അടുത്തിടെ സെക്ടർ 32ലെ മറ്റൊരു സ്കൂളിൽ മാറിയിരുന്നുവെന്നുമാണ് വിവരം. വ്യാഴാഴ്ച രാത്രി 10.15 ഓടെ സെക്ടർ 34ൽ വെച്ച് ഇരുസംഘങ്ങളും തമ്മിൽ സംഘർഷമുണ്ടായി. മർദ്ദനത്തിനിരയായ വിദ്യാർഥികളുടെ വീഡിയോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് അപമാനിച്ചതോടെ തർക്കം രൂക്ഷമാക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ സംഘം തോക്കുമായി തിരിച്ചെത്തി രാത്രി 11.15 ഓടെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികളെ പിന്തുടർന്നു. പിന്നീട് സെക്ടർ 22ലെ ഒരു ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിയൊച്ച കേട്ട് നാട്ടുകാർ പരിഭ്രാന്തരായി ഓടുന്നതിനിടയിൽ അക്രമികൾ രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ട് വിദ്യാർഥികളെയും ഓട്ടോ ഡ്രൈവരെയും പൊലീസ് പട്രോളിങ് സംഘമെത്തി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) ആശുപത്രിയിൽ പ്രവേശിച്ചു. എന്നാൽ, നെഞ്ചിൽ വെടിയേറ്റ നൈതിക് ചികിത്സക്കിടെ മരിക്കുകയായിരുന്നു.

പിന്നീട് സംഭവസ്ഥലം പരിശോധിച്ച പൊലീസ് ഫോറൻസിക് തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ കർശന പരിശോധനയിൽ മൂന്ന് പ്രതികളെയും അർധരാത്രിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക സംഘർഷം, ഇൻസ്റ്റഗ്രാമിൽ പ്രചരിച്ച വിഡിയോ, തോക്കുകളുടെ ഉറവിടം എന്നിവയെക്കുറിച്ചെല്ലാം പൊലീസ് അന്വേഷണം നടത്തിവരികയാണ്. പഴയ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Tags:    
News Summary - 17-Year-Old Student Shot Dead, Another Critical As Juveniles Open Fire On Road Over School Rivalry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.