സർപ്പദോഷ പരിഹാരത്തിന് ഏഴു മാസം പ്രായമായ കുഞ്ഞിനെ നരബലി നൽകി; മാതാവിന് വധശിക്ഷ വിധിച്ച് കോടതി

ഹൈദരാബാദ്: സർപ്പദോഷ പരിഹാരത്തിനായി ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ കേസിൽ മാതാവിന് വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിലെ സൂര്യപേട്ട് അ‍ഡീഷനൽ ജില്ല സെഷൻസ് കോടതിയാണ് ബി. ഭാരതി എന്ന ലസിയയെ വധശിക്ഷക്ക് വിധിച്ചത്.

ഭർത്താവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി നിലവിൽ ജയിലിലാണ്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ചാണ് കോടതി കടുത്ത ശിക്ഷ നൽകിയത്. 2021 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കു കാരണം സർപ്പദോഷമാണെന്ന് വിശ്വസിച്ചാണ് യുവതി കുഞ്ഞിനെ ബലി നൽകിയത്.

വീട്ടിനുള്ളിൽ പ്രത്യേക പൂജ നടത്തിയാണ് ഭാരതി മകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തു. കൊലപാതകം നടക്കുന്ന സമയത്ത് ഭാരതിയുടെ ഭർത്താവ് കൃഷ്ണയുടെ രോഗിയായ പിതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽക്കാരും ബന്ധുക്കളും എത്തുമ്പോൾ രക്തം പുരണ്ട വസ്ത്രങ്ങളുമായി നിൽക്കുന്ന ഭാരതിയെയാണ് കണ്ടത്. കുഞ്ഞിനെ ദൈവങ്ങൾക്കു ബലിയർപ്പിച്ചെന്നും സർപ്പദോഷത്തിൽനിന്നു മുക്തി നേടിയെന്നുമായിരുന്നു ഭാരതി വിളിച്ചുപറയുന്നുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

2023ൽ ഉറങ്ങിക്കിടക്കുന്ന കൃഷ്ണയെ ഭാരതി കല്ലു കൊണ്ടു തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ കേസിൽ ഒരു വർഷത്തെ തടവു ശിക്ഷ അനുഭവിക്കവെയാണ് കുട്ടിയെ നരബലി കൊടുത്ത കേസിൽ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭാരതിയുടേത് രണ്ടാം വിവാഹമായിരുന്നു. ഹൈദരാബാദിലെ ചഞ്ചൽഗുഡ വനിതാ സെൻട്രൽ ജയിലിലാണ് ഭാരതി ഇപ്പോൾ.

Tags:    
News Summary - Woman gets death for killing daughter in 'ritual sacrifice'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.