അയാൾ പതിവായി മദ്യപിച്ചെത്തി എന്നെ മർദിക്കും; മൂന്നു തവണ ആത്മഹത്യക്ക് ശ്രമിച്ചപ്പോഴും രക്ഷപ്പെടുത്തിയത് ഞാനാണ് -ആഗ്രയിൽ ജീവനൊടുക്കിയ ടെക് ജീവനക്കാരന്റെ ഭാര്യയുടെ വെളിപ്പെടുത്തൽ

ആഗ്ര: ടെക് കമ്പനിയിലെ ജീവനക്കാരനായ മാനവ് ശർമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളുമുയർന്നിരുന്നു. ഭാര്യയുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നു എന്നായിരുന്നു ആത്മഹത്യക്ക് തൊട്ടുമുമ്പ് റെക്കോഡ് ചെയ്ത വിഡിയോയിൽ മാനവ് പറഞ്ഞിരുന്നത്.

ഭർത്താവിന്റെ ആത്മഹത്യയെ കുറിച്ച് ആദ്യം ഒന്നും പ്രതികരിക്കാതിരുന്ന നികിത ശർമ ഇപ്പോൾ മൗനം വെടിഞ്ഞിരിക്കുകയാണ്. ഗുരുതര ആരോപണങ്ങളാണ് മാനവിനെതിരെ നികിത ഉന്നയിക്കുന്നത്. മാനവ് പതിവായി മദ്യപിച്ചു വന്ന് തന്നെ മർദിക്കുമായിരുന്നുവെന്നാണ് നികിതയുടെ ആരോപണം. നികിതക്ക് വിവാഹേതര ബന്ധമുണ്ടോയെന്ന് മാനവിന് സംശയമുണ്ടായിരുന്നു. ഒരു മാധ്യമ പ്രവർത്തകനോട് കാര്യങ്ങൾ പറയുന്ന നികിതയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

''വിവാഹത്തിന് ശേഷം മറ്റൊരു ബന്ധവുമുണ്ടായിട്ടില്ല. പതിവായി മദ്യപിച്ചു വരുന്ന മാനവ് പ്രശ്നങ്ങളുണ്ടാക്കും. ജീവനൊടുക്കാനും മാനവ് ശ്രമിച്ചിരുന്നു. രണ്ടു, മൂന്നു തവണ ജീവനൊടുക്കാനും ശ്രമിച്ചു. അപ്പോഴൊക്കെ രക്ഷപ്പെടുത്തിയത് ഞാനാണ്. മാത്രമല്ല, ആഗ്രയിലേക്ക് കൊണ്ടുവരികയും ചെയ്തു. മാനവ് സന്തോഷത്തോടെ വീട്ടിൽ നിന്നിറങ്ങും. എന്നാൽ എല്ലാ രാത്രികളിലും മദ്യപാനവും മർദനവും ആവർത്തിക്കും.''എന്നാണ് വിഡിയോയിലുള്ളത്.

പതിവായി മാനവ് നികിതയെ തലക്ക് പിടിച്ച് ഇടിക്കുമായിരുന്നു. വഴക്കിനെ കുറിച്ച് മാതാപിതാക്കളോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് അതെയെന്നായിരുന്നു അവരുടെ മറുപടി.

''മാനവിന്റെ മാതാപിതാക്കളോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. മാനവ് ഇതെല്ലാം കാണിച്ചു കൂട്ടുന്നത് മദ്യത്തിന്റെ പുറത്താണ്. ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നമാണിതെന്നാണ് അച്ഛനുമമ്മയും പറഞ്ഞത്. ആർക്കും ഒന്നു ചെയ്യാനാകില്ല. അവർ വന്ന് രണ്ടുദിവസം ഞങ്ങൾക്കൊപ്പം താമസിച്ചു. അത് കഴിഞ്ഞവർ തിരിച്ചുപോയി. എല്ലാം ഞാനവരോട് പറഞ്ഞിരുന്നു.''-നികിത പറയുന്നു.

വിവാഹം കഴിഞ്ഞ് ഒരു വർഷമാ​യപ്പോഴേക്കും തങ്ങൾക്കിടയിൽ പ്രശ്നങ്ങൾ തുടങ്ങിയതായും നികിത പറഞ്ഞു. ഭാര്യയുടെ മുൻ പ്രണയത്തെ കുറിച്ചായിരുന്നു മാനവിന് സംശയം. മാനവിന് ജീവനൊടുക്കാനുള്ള ​പ്രവണതയുണ്ടെന്ന് ഭർതൃ സഹോദരിയോടും നികിത സൂചിപ്പിച്ചിരുന്നു. അ​തൊന്നും ആരും കണക്കിലെടുത്തില്ല. മാനവ് മരിച്ച ശേഷം ആ വീട്ടിലേക്ക് തന്നെയാരും കടക്കാൻ അനുവദിച്ചില്ലെന്നും നികിത പറയുന്നുണ്ട്.

2024 ജനുവരിയിലാണ് ഇവർ വിവാഹിതരായത്.

ഫെബ്രുവരി 24നാണ് മാനവ് തൂങ്ങിമരിച്ചത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പായി ഏഴുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയും മാനവ് പുറത്തുവിട്ടിരുന്നു. ഭാര്യ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് അതിൽ ആരോപിക്കുന്നത്. സമൂഹം പുരുഷൻമാരെ കുറിച്ചും ചിന്തിക്കണമെന്ന് മാനവ് വിഡിയോയിൽ കരഞ്ഞുപറയുന്നുണ്ട്.

തന്റെ ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്നും മാനവ് വിഡിയോയിൽ ആരോപിച്ചിരുന്നു. ജീവിതം അവസാനിപ്പിക്കുന്നതിന് മാതാപിതാക്കളോടും മാനവ് ക്ഷമ ചോദിക്കുന്നുമുണ്ട്. 

Tags:    
News Summary - Wife Of Manav Sharma Claims She Alerted Sister-In-Law Before His Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.