'കുടുംബത്തിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കി'; യു.പിയിൽ ബലാത്സംഗ അതിജീവിതയെ അമ്മയും സഹോദരന്മാരും ചേർന്ന് വെടിവെച്ച് കൊന്നു
ലഖ്നോ: കുടുംബത്തിന് അപമാനമുണ്ടാക്കിയെന്ന് പറഞ്ഞ് യു.പിയിൽ ബലാത്സംഗ അതിജീവിതയെ അമ്മയും സഹോദരന്മാരും ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തി. സംഭാൽ ജില്ലയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം. ബലാത്സംഗക്കേസിലെ പ്രതിയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു വീട്ടുകാരുടെ മൊഴി. എന്നാൽ, വിശദമായ അന്വേഷണത്തിൽ വീട്ടുകാർ തന്നെ നടത്തിയ ദുരഭിമാനക്കൊലയാണ് ഇതെന്ന് തെളിഞ്ഞു. പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
17കാരിയെ റിങ്കു എന്ന യുവാവ് നേരത്തെ ബലാത്സംഗം ചെയ്തിരുന്നു. ഈ കേസിൽ അറസ്റ്റിലായ റിങ്കു പിന്നീട് ജാമ്യത്തിലിറങ്ങി. അതേസമയം, ബലാത്സംഗത്തിനിരയായ കുട്ടി കുടുംബത്തിന് അപമാനമാണെന്നായിരുന്നു വീട്ടുകാരുടെ കാഴ്ചപ്പാട്.
തുടർന്ന് പെൺകുട്ടിയെ കൊല്ലാൻ അമ്മ ബ്രിജാവതി, സഹോദരന്മാരായ വിനീത്, നീരജ്, അമ്മാവനായ മഹാവീർ എന്നിവർ ചേർന്ന് പദ്ധതിയൊരുക്കി. സെപ്റ്റംബർ 18ന് പെൺകുട്ടി സഹോദരൻ വിനീതിനും അമ്മ ബ്രിജാവതിക്കുമൊപ്പം ബൈക്കിൽ പോകവേ മറ്റു പ്രതികൾ ചേർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ റിങ്കുവാണ് കൊലയാളിയെന്നായിരുന്നു കുടുംബം ആദ്യം പറഞ്ഞത്. ഇതേത്തുടർന്ന് പൊലീസ് റിങ്കുവിനെയും കൂട്ടാളിയെയും അറസ്റ്റ് ചെയ്തു. എന്നാൽ, ഇവരല്ല കുറ്റം ചെയ്തതെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി. തുടർന്നാണ് കുടുംബത്തിന്‍റെ സൽപ്പേരിന് കളങ്കമുണ്ടാക്കി എന്ന കാരണം ആരോപിച്ച് അമ്മയും സഹോദരങ്ങളും അമ്മാവനും ചേർന്നാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.
അമ്മാവൻ ഒഴികെയുള്ള മറ്റ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മാവൻ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.