'നിനക്കങ്ങ് മരിച്ചു കൂടെ?'; ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും നിരന്തര പീഡനത്തിനു പിന്നാലെ 23കാരി ജീവനൊടുക്കി

മൊറാദാബാദ്: നാലുമാസം മുമ്പ് വിവാഹിതയായ 23കാരി ഭർതൃവീട്ടിൽ ജീവനൊടുക്കി. യു.പി സ്വദേശിയായ അംറീൻ ജഹാൻ ആണ് മരിച്ചത്. ഭർത്താവും ഭർത്താവിന്റെ പിതാവും സഹോദരിയുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് സൂചിപ്പിക്കുന്ന യുവതിയുടെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് തൊട്ടുമുമ്പാണ് അംറീൻ വിഡിയോ ചിത്രീകരിച്ചത്.

അംറീന്റെത് പ്രണയവിവാഹമായിരുന്നു. ഭർത്താവ് ബംഗളുരുവിൽ വെൽഡർ ആയി ജോലി ചെയ്യുകയാണ്. മൊറാദാബാദിൽ ഭർത്താവിന്റെ കുടുംബത്തിനൊപ്പമായിരുന്നു അംറീൻ താമസിച്ചിരുന്നത്.

ഗർഭഛിദ്രമുണ്ടായതിനെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കൾ വളരെ മോശമായാണ് തന്നോട് പെരുമാറിയിരുന്നതെന്ന് യുവതി വിഡിയോയിൽ ആരോപിക്കുന്നുണ്ട്. ''എന്റെ ഭക്ഷണശീലത്തെ കുറിച്ചാണ് അവർ എ​പ്പോഴും കുറ്റം പറഞ്ഞിരുന്നത്. ചില​സമയത്ത് അവർ എന്റെ മുറിയിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിക്കും. എന്റെ ഭർതൃസഹോദരി ഖദീജ, ഭർതൃ പിതാവ് ഷാഹിദ് എന്നിവരാണ് എന്റെ മരണത്തിന് ഉത്തരവാദി. ഭർത്താവിനും അതിൽ ഭാഗികമായി പങ്കുണ്ട്. അദ്ദേഹം എന്നെ മനസിലാക്കിയില്ല. എല്ലാം എന്റെ കുറ്റമാണെന്നാണ് അദ്ദേഹം കരുതിയത്. അദ്ദേഹത്തെ അവർ തെറ്റിദ്ധരിപ്പിച്ചു. എനിക്കിനി സഹിക്കാനാകില്ല.''-എന്നാണ് യുവതി വിഡിയോയിൽ ആരോപിക്കുന്നത്.

ഭർത്താവും ഭർതൃബന്ധുക്കളും മരിക്കാനായി നിരന്തരം സമ്മർദം ചെലുത്തിയതായും അംറീൻ ആരോപിക്കുന്നു. നിനക്കെന്തു കൊണ്ട് മരിച്ചുകൂടാ എന്നാണ് ഭർത്താവ് ചോദിച്ചിരുന്നത്. ഇതേ കാര്യം ഭർത്താവിന്റെ പിതാവും സഹോദരിയും ആവർത്തിച്ചു.

അസുഖം വന്നപ്പോൾ ചികിത്സിച്ചത് തെറ്റായിപ്പോയെന്നാണ് ഭർത്താവിന്റെ ബന്ധുക്കൾ പറഞ്ഞിരുന്നത്. അന്ന് ചെലവാക്കിയ പണം മുഴുവൻ തിരികെ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. എന്റെ ഭർത്താവിന്റെ അടുത്ത് പണമുണ്ടായിരുന്നുവെങ്കിൽ നിങ്ങളോട് കടം ചോദിക്കു​മായിരുന്നോയെന്നും യുവതി ചോദിക്കുന്നുണ്ട്.

മരിച്ചു കഴിഞ്ഞാൽ എന്തുസംഭവിക്കുമെന്ന് എനിക്കറിയില്ല, എന്നാൽ അതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും നല്ല​ത് എന്ന് പറഞ്ഞാണ് യുവതി വിഡിയോ അവസാനിപ്പിക്കുന്നത്.

പൊലീസ് അംറീന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. മകളുടെ മരണത്തിന് ഉത്തരവാദികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അംറീന്റെ പിതാവ് പരാതി നൽകി. ഭർതൃബന്ധുക്കളുടെ മർദനത്തിൽനിന്ന് രക്ഷിക്കാനാവശ്യപ്പെട്ട് പല തവണ മകൾ സഹായം തേടിയതായും അദ്ദേഹം പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.


Tags:    
News Summary - UP woman kills self, blames in laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.