മുറിയിൽ ഗർഭ പരിശോധന കിറ്റ് കണ്ടെത്തിയതിനു പിന്നാലെ 21 വയസ്സുകാരിയെ മാതാപിതാക്കൾ കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തർപ്രദേശിലെ കൗശാമ്പിയിലെ ടെൻ ഷാ അലമാബാദ് ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
പുരുഷന്മാരുമായി മകൾക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് മാതാപിതാക്കൾ കൊല നടത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. യുവതിയുടെ പിതാവ് നരേഷ്, മാതാവ് ശോഭാ ദേവി എന്നിവർ ബന്ധുക്കളുടെ സഹായത്തോടെ കഴിഞ്ഞ മൂന്നിനാണ് കൊല നടത്തിയത്. പിന്നാലെ മൃതദേഹത്തിൽ ആസിഡ് ഒഴിച്ച് വികൃതമാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
പിന്നാലെ മകളെ കാണാനില്ലെന്ന് കാണിച്ച് നരേഷ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചൊവ്വാഴ്ചയാണ് യുവതിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം ഗ്രാമത്തിലെ കനാലിനു സമീപത്തുനിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കൾ തന്നെയാണ് കൊലക്ക് പിന്നിലെന്ന് തെളിഞ്ഞത്.
തിരിച്ചറിയാതിരിക്കാനാണ് ബാറ്ററിയിലെ ആസിഡ് മൃതദേഹത്തിൽ ഒഴിച്ചത്. നരേഷിന്‍റെ സഹോദരങ്ങളായ ഗുലാബ്, രമേഷ് എന്നിവരുടെ സഹായത്തോടെയാണ് മകളുടെ മൃതദേഹം ഉപേക്ഷിച്ചതെന്നും കുടുംബം വെളിപ്പെടുത്തിയതായി പൊലീസ് മേധാവി ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
നിരവധി പുരുഷന്മാരുമായി മകൾ മൊബൈലിൽ സംസാരിക്കുന്നത് പതിവായിരുന്നു. ഗർഭ പരിശോധന കിറ്റ് കണ്ടെത്തിയതോടെ മകൾക്ക് അന്യ പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊല നടത്തിയതെന്നും കുടുംബം പൊലീസിന് മൊഴി നൽകി. മാതാപിതാക്കളെയും സഹോദരങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.