ഹൈദരാബാദ്: സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽ ഏകദേശം നാല് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിലായി. ആന്ധ്രാപ്രദേശ് അല്ലൂരി സീതാരാമരാജു ജില്ല സ്വദേശികളായ പഞ്ചാദി രുക്മിണി (56), സെട്ടി കാസുലമ്മ (44) എന്നിവരെയാണ് റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പിടികൂടിയത്. ഇവരിൽനിന്ന് 7.866 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ആന്ധ്രയിൽനിന്ന് ഗോദാവരി എക്സ്പ്രസ്സിലാണ് ഇവർ ഹൈദരാബാദിൽ എത്തിയത്. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് ബാഗുകളുമായി മറ്റൊരാൾക്ക് കൈമാറാൻ കാത്തുനിൽക്കവെയായിരുന്നു അറസ്റ്റ്. റെയിൽവേ പൊലീസിന്റെ ഈഗിൾ ടീമും റെയിൽവേ സംരക്ഷണ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 3.93 ലക്ഷം രൂപ വിലവരുമെന്ന് ഡി.എസ്.പി എസ്.എൻ ജാവേദ് അറിയിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇവരെ ഈശ്വർ റാവു എന്ന കടത്തുകാരനാണ് ഈ രംഗത്തേക്ക് എത്തിച്ചത്. 5,000 രൂപ കൂലി നൽകിയാണ് ഇയാൾ ഇവരെ കഞ്ചാവ് കടത്താനായി നിയോഗിച്ചത്. മുമ്പും വിവിധ സംസ്ഥാനങ്ങളിലേക്ക് ഇവർ ഇത്തരത്തിൽ കഞ്ചാവ് കടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ പ്രധാന പ്രതിയായ ഈശ്വർ റാവുവിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.മയക്കുമരുന്ന് മാഫിയകൾ പാവപ്പെട്ട സ്ത്രീകളെ കടത്താനായി ഉപയോഗിക്കുന്നതിന്റെ പുതിയ ഉദാഹരണമാണ് ഈ സംഭവമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.